Connect with us

Kozhikode

ആരോഗ്യം ശോഷിക്കുന്ന മുക്കത്തെ ആരോഗ്യ കേന്ദ്രം

Published

|

Last Updated

മുക്കം: മലയോര മേഖലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരനൂറ്റാണ്ടിലേറെയായി ആശ്രയിക്കുന്ന മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കടുത്ത അവഗണന മൂലം നാശത്തിലേക്ക് നീങ്ങുന്നു. ഒരു കാലത്ത് തിരുവമ്പാടി, ഓമശ്ശേരി, കോടഞ്ചേരി, കൂടരഞ്ഞി, മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍, കീഴുപറമ്പ്, അരീക്കോട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ രോഗശാന്തിക്കും പ്രസവത്തിനും ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ആരോഗ്യം നാള്‍ക്കുനാള്‍ ശോഷിക്കുകയാണ്. ഭരണ, രാഷ്ട്രീയ, പൊതുപ്രവര്‍ത്തനരംഗത്തെ ഉന്നതര്‍ നിയന്ത്രിക്കുന്ന ആശുപത്രി വികസന സമിതി നോക്കുകുത്തിയാകുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പത്ത് വര്‍ഷത്തോളമായി താളം തെറ്റിയിരിക്കുകയാണ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഈ ആതുരാലയത്തെ മലയോരത്തെ ആയിരത്തിലേറെ പട്ടികജാതി കുടുംബങ്ങളും അഞ്ഞൂറിലേറെ ആദിവാസികുടുംബങ്ങളും ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളും ആശ്രയിക്കുന്നുണ്ട്. 1964ല്‍ മുക്കത്തെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ആശുപത്രിക്ക് വയലില്‍ മൊയ്തീന്‍കോയ ഹാജിയാണ് സ്വന്തമായി രണ്ടേക്കര്‍ ഭൂമി വാങ്ങിക്കെടുത്തത്. നാട്ടുകാരുടെ കൂട്ടായ്മയും ആരോഗ്യ വകുപ്പിന്റെ പിന്തുണയും ലഭിച്ചതോടെ ആശുപത്രി മുക്കത്തുകാരുടെ മാത്രമല്ല മലപ്പുറം ജില്ലാ അതിര്‍ത്തിയിലുള്ളവരുടേത് കൂടിയായി മാറി. ഐക്യത്തോടെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പ്രവര്‍ത്തിച്ചപ്പോള്‍ ആശുപത്രി മികവുറ്റതായി. ഉപകരണങ്ങളും മറ്റ് സഹായങ്ങളും നല്‍കി മുക്കത്തുകാര്‍ മാതൃകയായി. എന്നാല്‍ പത്ത് വര്‍ഷത്തോളമായി ആശുപത്രി സഞ്ചരിക്കുന്നത് പിറകോട്ടാണ്. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്ന പേര് മനോഹരമായി സ്ഥാപിച്ചതല്ലാതെ സി എച്ച് സിക്കാവശ്യമായ ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ സ്റ്റാഫോ മറ്റു ജീവനക്കാരോ ഇവിടെയില്ല. ആറ് പേര്‍ വേണ്ടിടത്ത് ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍പോലുമില്ലെന്നാണ് ഇവിടുത്തെ അവസ്ഥ. ആറ് കെട്ടിടങ്ങളുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ എല്ലാം പാഴാവുകയാണ്. ആശുപത്രി വികസന സിതി രണ്ട് കൊല്ലത്തിലൊരിക്കല്‍കൂടി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി പിരിയും. ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികളും എം എല്‍ എയും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കുമെങ്കിലും യോഗം തീരുന്നതോടെ എല്ലാം തീരും.

താലൂക്കാശുപത്രിയായി ഉയര്‍ത്തുന്നതിന് എല്ലാം ശരിയായെന്ന് രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപനമുണ്ടായെങ്കിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫുകളെ നിയമിക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നില്ല. ആശുപത്രി വികസനത്തിന് പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ച് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നംഗീകാരം നേടിയാല്‍ ജില്ലാ ആരോഗ്യ ഓഫീസില്‍ നിന്ന് ഉടക്കുണ്ടാക്കുന്നതും പതിവാണ്.

Latest