ഇറാനെതിരായ ഉപരോധം അവസാനിപ്പിച്ചാലേ ആണവകരാറില്‍ ഒപ്പുവെക്കൂ: ആയത്തുല്ല ഖാംനഈ

Posted on: April 10, 2015 3:52 am | Last updated: April 10, 2015 at 10:18 am

khameneiടെഹ്‌റാന്‍: കഴിഞ്ഞ ആഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചക്കൊടുവില്‍ നിലവില്‍ വന്ന ആണവ ധാരണ പ്രകാരം അന്തിമ കരാര്‍ ഒപ്പുവെക്കുന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാനാകില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ. ഇറാനെതിരെയുള്ള മുഴുവന്‍ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുന്ന ദിവസമേതാണോ അന്ന് മാത്രമേ അന്തിമ കരാര്‍ ഒപ്പു വെക്കുകയുള്ളൂ. ഇതുവരെ നടന്നത് വലിയ ചര്‍ച്ചകള്‍ ആയിരിക്കാം. അതിന്റെ പിറകേ ധാരണ ആയെന്നും പറയാം. എന്നാല്‍ അതൊന്നും ഒരു അന്തിമ കരാര്‍ ഉറപ്പാക്കുന്നില്ല. കരാറിന്റെ ഉള്ളടക്കത്തിലും ധാരണയായിട്ടില്ല. ഇത്തരം അടിസ്ഥാനപരമായ വിഷയങ്ങളില്‍ കൂടിയാലോചനകള്‍ പോലും നടത്താന്‍ സാധിച്ചിട്ടില്ല- ഇറാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ഖാംനഈയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പരമോന്നത നേതാവിനുള്ളതെന്നും അത് ഏറെ കര്‍ക്കശമാണെന്നും ഈ പ്രസ്താവന വ്യക്തമാക്കുന്നു. താന്‍ കരാറിന് അനുകൂലമാണെന്നോ പ്രതികൂലമാണെന്നോ പറയുന്നില്ല. വിശദാംശങ്ങള്‍ എത്രമാത്രം ഇറാന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ അന്തിമ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നിവയും ഇറാനും തമ്മില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നഗരത്തില്‍ നടന്ന ആണവ ചര്‍ച്ചയില്‍ നിര്‍ണായക ധാരണ ഉരുത്തിരിഞ്ഞ ശേഷം ഇതാദ്യമായാണ് ഖാംനഈ പ്രതികരിക്കുന്നത്.