Connect with us

Kerala

റിയല്‍എസ്റ്റേറ്റ് മേഖലയില്‍ രജിസ്‌ട്രേഷന്‍; ഫ്‌ളാറ്റ് തട്ടിപ്പുകാര്‍ കുടുങ്ങും

Published

|

Last Updated

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ റിയല്‍ എസ്റ്റേറ്റ് (റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ്) ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്താന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. വില്‍പ്പനക്കായി നിര്‍മിക്കുന്ന ഗാര്‍ഹിക, വാണിജ്യ, ഓഫീസ്, ബിസിനസ്സ്, ഐ ടി & ഐ ടി ഇ എസ് കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും നിര്‍മാണവും വില്‍പ്പനയും പരിപാലനവും കൈമാറ്റവുമടക്കമുള്ള കാര്യങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരും. നിയമം നടപ്പാക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണല്‍ എന്നീ രണ്ട് സ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്ത് മഹാരാഷ്ട്രക്കു ശേഷം ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമം നടപ്പാക്കുത്.
മനഃപൂര്‍വം പണികള്‍ നടത്താതിരിക്കുക, ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിക്കുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അതോറിറ്റിയെ സമീപിക്കാം. ഉപഭോക്താക്കളുടെയും ഉടമകളുടെയും താത്പര്യം സംരക്ഷിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ്. ഇതോടെ റിയല്‍ എസ്റ്റേറ്റ് മേഖല സുതാര്യമാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. നിയമം നടപ്പാകുന്നതോടെ കെട്ടിടങ്ങള്‍ വില്‍പ്പന നടത്തുന്നതിന് മുമ്പ് റഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു മാത്രമേ വില്‍പ്പനക്കുള്ള പരസ്യം പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളൂ. വില്‍പ്പനക്കായി നിര്‍മിക്കുന്ന ഗാര്‍ഹിക / വാണിജ്യ / ഓഫീസ് / ഐ ടി/ഐ ടി ഇ എസ് കെട്ടിടങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം. എന്നാല്‍ 25 സെന്റില്‍ കുറവും 12 ഫഌറ്റില്‍ താഴെയുമാണെങ്കില്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.
അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കെട്ടിട നിര്‍മാണ പെര്‍മിറ്റ്, ഭൂമിയുടെ അവകാശരേഖ തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം. കെട്ടിടം / ഫഌറ്റ് വാങ്ങുന്നവരില്‍ നിന്നും മുന്‍കൂര്‍ വാങ്ങുന്ന തുകയുടെ 70 ശതമാനത്തില്‍ കുറയാത്ത തുക (അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്നത്) ഒരു ഷെഡ്യൂള്‍ഡ് ബേങ്കില്‍ നിക്ഷേപിക്കണം. ഈ തുക പ്രസ്തുത കെട്ടിടത്തിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ആവശ്യമെങ്കില്‍ അതോറിറ്റിയിലെ രജിസ്‌ട്രേഷന്‍ പുതുക്കാനും അനുവദിക്കും. മനഃപൂര്‍വം പണി നടത്താതിരിക്കുക, നിബന്ധനകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ പരാതിയുണ്ടെങ്കില്‍ അതോറിറ്റിക്ക് ആവശ്യമുള്ള പക്ഷം രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാം. ഇങ്ങനെ റദ്ദാക്കിയാലും സര്‍ക്കാറിന്റെ അനുമതിയോടുകൂടി കെട്ടിടത്തിന്റെ ബാക്കി പണികള്‍ ചെയ്തു തീര്‍ക്കാം. റിയല്‍ എസ്റ്റേറ്റ് ഏജന്റ്മാരെയും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. ഇടനിലക്കാരെയും രജിസ്‌ട്രേഷന്‍ പരിധിയില്‍ കൊണ്ടു വരുന്നതോടെ കൂടുതല്‍ സുതാര്യത വരും.
മറ്റു മന്ന് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരത്തിനായി ഗവര്‍ണറുടെ പരിഗണനക്ക് അയച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സ്, 2015ലെ കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഓര്‍ഡിനന്‍സ്, 2015ലെ കേരള ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ് ഓര്‍ഡിനന്‍സ് എന്നിവയാണവ. പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം നേരത്തെ പിരിഞ്ഞതിനാല്‍ ഈ മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിക്കാനോ പാസാക്കാനോ സാധിച്ചിരുന്നില്ല.

Latest