Connect with us

Gulf

സുല്‍ത്താനേറ്റിന്റെ അമരത്ത് പുഞ്ചിരിയോടെ സുല്‍ത്താന്‍..

Published

|

Last Updated

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മന്ത്രി സഭ യോഗത്തില്‍ നിന്ന്‌

മസ്‌കത്ത് ;ദീര്‍ഘകാലത്തിന് ശേഷം സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് രാജ്യത്തെ മന്ത്രിസഭയെ അഭിമുഖീകരിച്ചു. ജര്‍മനിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ഇതാദ്യമായാണ് സുല്‍ത്താന്‍ മന്ത്രിമാരുമായി അഭിമുഖ സംഭാഷണം നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലയിലെ മുന്നേറ്റത്തെ കുറിച്ച് മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
സ്വകാര്യ മേഖലയുമായി യോജിച്ച് പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാനും ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സുല്‍ത്താന്‍ നിര്‍ദേശിച്ചു. പൊതുജന താത്പര്യം മനസ്സിലാക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കണം. അറബ് മേഖലയിലെ സുരക്ഷയും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്നും യമന്‍ അടക്കമുള്ള വിഷയങ്ങളെ സൂചിപ്പിച്ച് സുല്‍ത്താന്‍ പറഞ്ഞു.
സുല്‍ത്താന്റെ വരവോട് കൂടെ ഉണര്‍വിലായ രാജ്യത്തെ സാമ്പത്തിക മേഖലക്ക് സുല്‍ത്താന്റെ മന്ത്രിസഭയിലെ പ്രസംഗം ഏറെ ആവേശം നല്‍കും. സ്വകാര്യ മേഖലക്കും വ്യവസായ സംരംഭങ്ങള്‍ക്കും അനുകൂലമയി പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്ന സൂചന രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരെ സ്വാധീനിക്കും.
യമന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ ഒമാന്റെ സമാധാന സന്ദേശ നിലപാട് സുല്‍ത്താന്റെ പ്രസംഗത്തില്‍ നിന്ന് കൂടുതല്‍ വ്യക്തമായിട്ടുണ്ട്. യമന്‍ വിഷയത്തില്‍ അന്താരാഷട്ര തലത്തില്‍ നിന്ന് സമാധാനപരമായ ഇടപെടലുണ്ടാകണമെന്നും ഇത്തരം ഇടപെടലുകള്‍ക്ക് യു എന്‍ അടക്കമുള്ള സംഘടനകള്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും വിദേശകാര്യ മന്ത്രലായം വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന് സുല്‍ത്താന്റെ പ്രസ്താവനയോടെ കൂടുതല്‍ ദൃഢതയുണ്ടായിരിക്കുകയാണ്.
ഏറെ കാലത്തിന് ശേഷം സുല്‍ത്താന്‍ മന്ത്രിസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ രാജ്യവും സന്തോഷ തിമര്‍പ്പിലാണ്. തങ്ങളുടെ നായകന്‍ രാജ്യത്തിന്റെ അമരത്തുണ്ടെന്ന വിശ്വാസം ജനങ്ങള്‍ക്ക് പൂര്‍ണമാകുന്നത് മന്ത്രിസഭ യോഗത്തില്‍ സുല്‍ത്താന്റെ സാന്നിധ്യം കാണുമ്പോഴാണ്.

---- facebook comment plugin here -----

Latest