മാതാവിനെ കണ്ടെത്താന്‍ സഊദി യുവതി ദുബൈ പോലീസിന്റെ സഹായം തേടി

Posted on: April 9, 2015 4:55 pm | Last updated: April 9, 2015 at 4:55 pm

dubai-policeദുബൈ: 35 വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മാതാവില്‍ നിന്നു അകലേണ്ടിവന്ന സഊദി യുവതി ദുബൈ പോലീസിന്റെ സഹായം തേടി. സഊദി അറേബ്യന്‍ പൗരനായ പിതാവ് ഇന്ത്യക്കാരിയായ മാതാവിനെ വിവാഹ മോചനം ചെയ്തതോടെയാണ് യുവതിക്ക് മാതാവിനെ വിട്ട് പിതാവിനൊപ്പം സഊദിയില്‍ കഴിയേണ്ടിവന്നത്. ഖുലൂദ് (41) ആണ് യു എ ഇയില്‍ മാതാവ് താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. മാതാവ് യു എ ഇയില്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്നും സഊദി യുവതി അഭ്യര്‍ഥിച്ചതായി ദുബൈ പോലീസിന്റെ മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. ഞങ്ങള്‍ ഇവരുടെ മാതാവിനെ കണ്ടെത്താനായി പ്രത്യേക തന്ത്രത്തിന് രൂപം നല്‍കിയിരിക്കയാണ്. മുമ്പും ഇത്തരത്തിലുള്ള കേസുകള്‍ പോലീസിന്റെ അടുക്കല്‍ എത്തുകയും അവയില്‍ ബന്ധുക്കളെ കണ്ടെത്തുന്നതില്‍ പോലീസ് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ മാതാവ് വീണ്ടും വിവാഹിതയായതിനാല്‍ പേര് മാറിയിട്ടുണ്ടാവാം. ഇതാണ് ഈ കേസില്‍ പോലീസിന് വെല്ലുവിളിയാവുക. മിക്കവാറും ഇവര്‍ വിവാഹത്തിലൂടെയാവും യു എ ഇയില്‍ എത്തിയിരിക്കുക.
സഊദി യുവതിയെ കഴിഞ്ഞ ആഴ്ച സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞതായി ദുബൈ വിമണ്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ഡയറക്ടര്‍ ഫാത്വിമ അല്‍ കിന്ദി പറഞ്ഞു. പോലീസിന്റെ മനുഷ്യാവകാശ വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍.
പിതാവ് തന്നെയും സഹോദരനെയും ഇക്കാലമത്രയും മാതാവിനെ കാണുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കിയിരുന്നു. രണ്ടു മാസം മുമ്പാണ് പിതാവ് മരിച്ചത്. തനിക്ക് ആറും സഹോദരന്‍ ഖാലിദിന് നാലും വയസുള്ളപ്പോഴാണ് പിതാവ് വിവാഹമോചനം നടത്തിയത്. അതിന് ശേഷം മാതാവിനെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടക്കി അയക്കുകയായിരുന്നു. പിതാവിന്റെ ആജ്ഞയെ മാനിച്ചാണ് അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ മാതാവിനെ അന്വേഷിക്കാന്‍ ശ്രമിക്കാതിരുന്നത്. സഊദിയില്‍ കഴിഞ്ഞിരുന്ന മാതാവിന്റെ സ്‌നേഹിതയില്‍ നിന്നാണ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
അവര്‍ വീണ്ടും വിവാഹിതയായ ശേഷമാണ് യു എ ഇയില്‍ എത്തിയത്. എന്നാല്‍ എവിടെയാണ് താമസിക്കുന്നതെന്ന് കൃത്യമായി സ്‌നേഹിതയില്‍ നിന്ന് അറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഖുലൂദ് വ്യക്തമാക്കിയതായി കിന്ദി പറഞ്ഞു.
ഭര്‍ത്താവാണ് മാതാവിനെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഖുലൂദിനെ ദുബൈയില്‍ എത്തിച്ചത്.
മാതാവിനെക്കുറിച്ച് അവര്‍ എവിടെ കഴിയുന്നുവെന്നത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ അറിയാത്തത് തന്റെ നിര്‍ഭാഗ്യമാണെന്നും അവരുടെ ഇന്ത്യയിലെ മേല്‍വിലാസം പോലും അറിയില്ലെന്ന് സഊദി യുവതി പറഞ്ഞതായും ഫാത്വിമ അല്‍ കിന്ദി വെളിപ്പെടുത്തി.