Connect with us

Gulf

അജ്മാനില്‍ വന്‍ ലഹരിവേട്ട: അഞ്ച് യുവാക്കള്‍ പിടിയില്‍

Published

|

Last Updated

അജ്മാന്‍: ചരിത്രത്തിലെ വലിയ ലഹരിവേട്ടയില്‍ അധികൃതര്‍ പിടിച്ചെടുത്തത് 45 ലക്ഷം ലഹരിഗുളികകള്‍. കേസില്‍ അഞ്ച് യുവാക്കളും പിടിയിലായി. അജ്മാന്‍ പോലീസ് മേധാവി വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. ദുബൈ-അജ്മാന്‍ പോലീസുകളിലെ ലഹരിവിരുദ്ധ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിലാണ് അജ്മാനിലെ ഏറ്റവും വലിയ ലഹരിവേട്ട നടത്തിയത്. അജ്മാനില്‍ ലഹരി ഗുളികകള്‍ വില്‍പന നടത്തുന്ന സംഘത്തിന്റെ സാന്നിധ്യമുണ്ടെന്ന് ദുബൈ പോലീസാണ് അജ്മാന്‍ പോലീസിനെ അറിയിച്ചത്. നഗരത്തിലെ ഒരു താമസ കെട്ടിടത്തിലെ ഫഌറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘം വ്യാപാരം പദ്ധതിയിട്ടിരുന്നത്.
ദുബൈ-അജ്മാന്‍ പോലീസ് സംയുക്തമായി ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ 45 ലക്ഷം ലഹരി ഗുളികകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കള്‍ പിടിയിലായിട്ടുണ്ട്. അഞ്ചുപേരും അറബ് വംശജരാണ്. മൂന്ന് പേരെ റെയ്ഡ് നടത്തിയ ഫഌറ്റില്‍ നിന്നും ഒരാളെ ഷാര്‍ജയില്‍ നിന്നും അഞ്ചാമനെ ദുബൈയില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് മേധാവി പറഞ്ഞു. ഒരു കരയതിര്‍ത്തിയിലൂടെ പ്രത്യേക നൂലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് ചെറിയ തരം ഗുളികകള്‍ രാജ്യത്തെത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനുത്തരമായി പോലീസ് മേധാവി വ്യക്തമാക്കി.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരെയായിരുന്നു സംഘം ലക്ഷ്യം വെച്ചിരുന്നത്. ചില്ലറ വില്‍പനക്കു പുറമെ മൊത്തക്കച്ചവടത്തിനും ഏജന്‍സികളെ അന്വേഷിച്ചുവരുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.
രാജ്യത്തെത്തിച്ച ലഹരി ഗുളികകളില്‍ നിന്ന് പോലീസ് പിടികൂടുന്നതിനുമുമ്പ് വില്‍പന നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് മേധാവി അറിയിച്ചു. കേസിലെ ഒന്നാം പ്രതി നേരത്തെ ലഹരിക്കേസില്‍ പിടിക്കപ്പെട്ടയാളും നാടുകടത്തപ്പെട്ടയാളുമാണ്. വ്യാജ പേരും വ്യാജ യാത്രാ രേഖകളും ഉപയോഗിച്ചാണ് ഇയാള്‍ രാജ്യത്തെത്തിയതെന്നും പോലീസ് പറഞ്ഞു. സംഘത്തില്‍ നിന്ന് പിടികൂടിയ ലഹരിഗുളികകള്‍ക്ക് വിപണിയില്‍ രണ്ടുകോടി ദിര്‍ഹം വിലയുണ്ട്.

Latest