സത്യം ക്രമക്കേട്: രാമലിംഗ രാജു ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ഏഴ് വര്‍ഷം തടവ്

Posted on: April 9, 2015 11:58 am | Last updated: April 9, 2015 at 11:36 pm
SHARE

ramalinga_raju_jail_ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്‌സ് സര്‍വീസസ് ലിമിറ്റഡിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച കേസില്‍ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജു ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കേസില്‍ ആരോപണവിധേയരായ പത്ത് പേരും കുറ്റക്കാരാണെന്ന് ഹൈദരാബാദിലെ പ്രത്യേക കോടതി ജഡ്ജി ബി വി എല്‍ എന്‍ ചക്രവര്‍ത്തി കണ്ടെത്തി. രാമലിംഗ രാജുവും സഹോദരനും മുന്‍ മാനേജിംഗ് ഡയറക്ടറുമായ രാമ രാജുവും ഏഴ് വര്‍ഷം കഠിന തടവിന് പുറമെ അഞ്ചര കോടി രൂപ പിഴയും അടയ്ക്കണം. മറ്റ് എട്ട് പേര്‍ അമ്പത് ലക്ഷം രൂപ വീതം പിഴയടയ്ക്കണം.
ഐ പി സി 409-ാം വകുപ്പ് പ്രകാരം വിശ്വാസ വഞ്ചനാ കേസ് (ക്രിമിനല്‍) ആണ് രാജു സഹോദരന്മാര്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്. ഇതിനെതിരെ മറ്റ് വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2009 ജനുവരി പത്ത് മുതല്‍ 2010 ആഗസ്റ്റ് 19 വരെ രാമലിംഗ രാജു ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഹൈക്കോടതി നല്‍കിയ ജാമ്യത്തെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് 2010 നവംബര്‍ പത്ത് മുതല്‍ 2011 നവംബര്‍ അഞ്ച് വരെയും ജയിലിലായിരുന്നു.
രാജു സഹോദരന്മാര്‍ക്ക് പുറമെ മുന്‍ സി എഫ് ഒ ശ്രീനിവാസ് വദ്‌ലാമണി, പി ഡബ്ല്യു സി മുന്‍ ഓഡിറ്റര്‍മാരായ സുബ്രഹ്മണി ഗോപാലകൃഷ്ണന്‍, തലൂരി ശ്രീനിവാസ്, ഇന്റേണല്‍ ഓഡിറ്റര്‍മാരായ ബി സൂര്യനാരായണ രാജു, പ്രഭാകര്‍ ഗുപ്ത, കമ്പനിയുടെ ധനാകാര്യ വിഭാഗം തലവനായ ജി രാമകൃഷ്ണ, കമ്പനി ജീവനക്കാരായ ഡി ലക്ഷ്മീപതി, വെങ്കട്പതി രാജു എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസടുത്തത്.
കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ തിരിമറി നടത്തി ലാഭം പെരുപ്പിച്ചു കാണിച്ചുവെന്ന രാമലിംഗ രാജുവിന്റെ കുറ്റസമ്മത മൊഴിയോടെയാണ് സത്യം കമ്പ്യൂട്ടേഴ്‌സിലെ ക്രമക്കേടുകളെ കുറിച്ച് പുറത്തറിയുന്നത്. ഏഴായിരം കോടിയുടെ ക്രമക്കേടാണ് നടന്നത്. രാജ്യം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് തട്ടിപ്പ് കേസില്‍ മൂന്ന് കുറ്റപത്രങ്ങളാണ് സി ബി ഐ സമര്‍പ്പിച്ചത്.