സാന്ത്വന സമിതികളുണ്ടാക്കി വോട്ടു ബേങ്ക് ഉറപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

Posted on: April 9, 2015 10:16 am | Last updated: April 9, 2015 at 10:16 am

കൊപ്പം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാര്‍ഡ് തോറും സാന്ത്വന സമിതികളുണ്ടാക്കി വോട്ടുബേങ്ക് ഉറപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പണ്ടത്തെ പോലെ പരസ്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടതോടെയാണ് സാന്ത്വന സമിതിയുണ്ടാക്കി രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ പരീക്ഷണം.
സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തില്‍ വേരുറപ്പിക്കാന്‍ വാര്‍ഡുകള്‍ തോറും സാന്ത്വന കമ്മിറ്റികളുണ്ടാക്കാന്‍ സി പി എമ്മും കോണ്‍ഗ്രസും ലീഗും ഒരുപോലെ രംഗത്തുണ്ട്. ജാഥക്ക് നീളം കൂട്ടാനും സിന്ദാബാദ് വിളിക്കാനും പൊതുയോഗങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനും പഴയപോലെ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. പൊതുസമൂഹത്തെ ആകര്‍ഷിക്കാന്‍ പുതിയ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ ബി ജെ പിയുള്‍പ്പെടെ വിപ്ലവ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വരെ മത്സരം തുടങ്ങി. ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെറിലൂടെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനം പണിത് രംഗത്ത് വരുന്നത് ലീഗാണ്.
പ്രധാനമായും ന്യൂനപക്ഷ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ലീഗിന്റെ ജനക്ഷേമപ്രവര്‍ത്തനം. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ലീഗ് പ്രവാസി സംഘടനയായ കെ എംസി സിയുടെ സഹകരണത്തോടെയാണ് ഇത്. വിദേശനാടുകളിലെ സാധാരണ പ്രവാസി സുഹൃത്തുകളില്‍ നിന്നും സംഭാവന സ്വീകരിച്ചാണ് കെ എം സി സി ഫണ്ട് ശേഖരിക്കുന്നത്. ഗള്‍ഫു നാടുകളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കടകളിലും മറ്റും ധര്‍മ്മപ്പെട്ടി വെച്ചും മറ്റുമാണ് ധനശേഖരണം. കെഎംസിസിക്ക് സംഭാവന ചെയ്യുന്നതില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ടെന്നിരിക്കെ നാട്ടില്‍ സഹായവിതരണം ലീഗ് അനുഭാവികളില്‍ മാത്രം നിക്ഷിപ്തമാകുന്നുവെന്ന പരാതിയുണ്ടെങ്കിലും പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണെന്നതിനാല്‍ ലീഗ് സദുദ്യമത്തില്‍ എല്ലാ വിഭാഗം പ്രവാസികളും സഹകരിക്കുന്നുണ്ട്.
മലപ്പുറം മാതൃകയില്‍ പാലക്കാടും ലീഗ് പരീക്ഷണം വിജയം കണ്ടു തുടങ്ങിയതോടെ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. വാര്‍ഡുതലങ്ങളില്‍ തണല്‍ എന്ന പേരില്‍ സാന്ത്വന സമിതിയുണ്ടാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. പഞ്ചായത്ത് തലങ്ങളില്‍ രൂപവത്ക്കരിക്കുന്ന റിലീഫ് സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനം പാണക്കാട് കുടുംബത്തിലെ അംഗത്തിനാണ്. ലീഗിന് കൂടി പങ്കാളിത്തമുള്ള യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നതോടൊപ്പം സി പി എം ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക കണ്ണുകളുണ്ട്. അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും പഞ്ചായത്ത് ഭരണം കൈക്കലാക്കന്‍ സര്‍വതന്ത്രവും പയറ്റാനാണ് ലീഗ് നീക്കം.
വികസന കാര്യങ്ങളില്‍ ലീഗ് വാര്‍ഡുകളെ അവഗണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിക്കാട്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ന്യൂനപക്ഷ സ്‌കീമിലുള്‍പ്പെടുത്തി വിവിധ കുടിവെള്ള പദ്ധതികള്‍ വരെ കൊണ്ട് വന്ന് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ലീഗ് ശ്രമം. ലീഗിന് പിന്നാലെ കോണ്‍ഗ്രസും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. വിവിധ പേരുകളില്‍ സാന്ത്വന സമിതികളുണ്ടാക്കിയാണ് കോണ്‍ഗ്രസിന്റെയും പരീക്ഷണം. ജൈവപച്ചക്കറി കൃഷിയും ചാരിറ്റബിള്‍ ട്രസ്റ്റുകളുമായി സി പി എമ്മും ഒപ്പമുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വലതുപക്ഷ പാര്‍ട്ടികളോട് മത്സരിക്കാന്‍ തന്നെയാണ് കമ്മ്യൂണിസ്റ്റ് വിപ്ലവ പാര്‍ട്ടികളുടെയും തീരുമാനം. അതാത് വാര്‍ഡുകളില്‍ പാവപ്പെട്ടവരെ തിരഞ്ഞെടുത്ത് മാസാന്ത റേഷന്‍ സംവിധാനവും മെഡിക്കല്‍ ക്യാംപുകളും സൗജന്യ മരുന്നും വസ്ത്രവും വിതരണം ചെയ്യുന്നതിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കിടമത്സരമാണ്.
ഹോം കെയര്‍ പദ്ധതിയും ആംബുലന്‍സുമൊക്കെയായി വോട്ടറെ എങ്ങിനെ കൈയിലെടുക്കാമെന്നാണ് പാര്‍ട്ടികളുടെ ചിന്തയും പ്രവര്‍ത്തനവും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വാര്‍ഡുകളില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ പരീക്ഷണം ജനങ്ങളും ജാഗ്രതയോടെയാണ് കാണുന്നത്.