സാമ്പത്തിക പരാധീനതയില്‍ നരകിക്കുന്ന മാനാഞ്ചിറ ലൈബ്രറിക്ക് അനുവദിച്ച പത്ത് ലക്ഷവും ലാപ്‌സായി

Posted on: April 9, 2015 10:01 am | Last updated: April 9, 2015 at 10:01 am

കോഴിക്കോട്: മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറിക്ക് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 10 ലക്ഷം രൂപ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ലാപ്‌സായി.
ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാറിനു മുന്നില്‍ ലൈബ്രറിയുടെ പ്രശ്‌നം എത്തിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ബജറ്റില്‍ 10 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പക്ഷെ പ്രഖ്യാപനം നടപ്പാക്കാന്‍ യഥാസമയം നടപടികളുണ്ടാവാത്തതിനാലാണ് ഫണ്ട് ലാപ്‌സായത്. ബജറ്റില്‍ പ്രഖ്യാപിക്കുന്ന തുക മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് നല്‍കണം. മാര്‍ച്ച് 31 പിന്നിട്ടതോടെ തുക ലാപ്‌സാവുന്ന സ്ഥിതിയാണ്.
ദയനീയമായ സ്ഥിതിയില്‍ മുന്നോട്ടുപോകുന്ന ലൈബ്രറിക്ക് വര്‍ഷങ്ങളായുള്ള മുറവിളിക്ക് ഒടുവിലാണ് 10 ലക്ഷം രൂപ ജീവശ്വാസം പോലെ ലഭിച്ചത്. അതാണിപ്പോള്‍ നഷ്ടമായിരിക്കുന്നത്. സൊസൈറ്റി രൂപവത്കരിച്ച് അതിനു കീഴിലാണ് 1993 ല്‍ ലൈബ്രറി സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഭരണച്ചുമതല കലക്ടര്‍ ചെയര്‍മാനായുള്ള ഗവേണിംഗ് ബോഡിക്കാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്യാത്തതിനാല്‍ ഗ്രാന്‍ഡുകളും കിട്ടില്ല. താഴെ നിലയിലുള്ള റൂമുകള്‍ വാടകക്ക് കൊടുക്കാമെന്ന വ്യവസ്ഥയില്‍ വ്യാപാരികളില്‍ നിന്ന് സ്വരൂപിച്ച അഡ്വാന്‍സ് തുക കൊണ്ടാണ് കെട്ടിടം പണിതത്. ഈ കടകളില്‍ നിന്നുള്ള വാടകയാണ് ലൈബ്രറിയുടെ ഏക വരുമാനം. പിന്നീട് ലൈബ്രറിയുടെ ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെലവ് കൂടുകയും ചെയ്‌തെങ്കിലും വാടക കൂട്ടാനായില്ല. കടകളിലേക്ക് വാഹനങ്ങള്‍ എത്താന്‍ സൗകര്യമില്ലാത്തതിനാല്‍ വാടക കൂട്ടിനല്‍കാന്‍ കടക്കാരും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ലൈബ്രറിയും വ്യാപാരികളും തമ്മിലുള്ള കേസും നടന്നുവരികയാണ്.
നഗരഹൃദയത്തില്‍ മാനാഞ്ചിറയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ലൈബ്രറിയുടെ ബഹുനില കെട്ടിടം സൗകര്യങ്ങളേറെയുള്ളതാണ്. പക്ഷെ ഒന്നും ഉപയോഗിക്കാനാകുന്നില്ല. ഏറ്റവും മുകളിലെ രണ്ട് നില ഒഴിഞ്ഞുകിടക്കുകയാണ്. ഗ്രാന്‍ഡ് ഒന്നും കിട്ടാത്തതിനാല്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാനും കഴിയുന്നില്ല. വ്യക്തികള്‍ സംഭാവന ചെയ്യുന്ന പുസ്തകങ്ങള്‍ മാത്രമാണ് കുറേ നാളായി ഇവിടെയുള്ളത്. എം കെ രാഘവന്‍ എം പി ലൈബ്രറിക്ക് ഒരു ലക്ഷം രൂപ എം പി ഫണ്ടില്‍ നിന്ന് അനുവദിച്ചു. പക്ഷെ പരമാവധി 50,000 രൂപയെ ജനപ്രതിനിധകളുടെ ഫണ്ടില്‍ നിന്ന് പുസ്തകം വാങ്ങാന്‍ ചെലവാക്കാവൂ എന്ന വ്യവസ്ഥ പ്രകാരം അത്രയും തുകക്കെ പുസ്തകം വാങ്ങാന്‍ കഴിഞ്ഞുള്ളൂ. നടത്തിപ്പിനുള്ള ചെലവ് താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം വരിസംഖ്യ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രതിമാസം 20 രൂപയാണ് വരിസംഖ്യ. ഒഴിഞ്ഞു കിടക്കുന്ന മുകളിലെ നിലകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പല പദ്ധതികളും ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം ഒന്നും നടന്നില്ല.
13 ജീവനക്കാരാണ് ലൈബ്രറിയിലുള്ളത്. ഇവരുടെ ശമ്പളം പലപ്പോഴും മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇപ്പോള്‍ മൂന്ന് മാസത്തെ ശമ്പളം ഇവര്‍ക്ക് കുടിശ്ശികയാണ്. ലൈബ്രറിയില്‍ അംഗങ്ങള്‍ ധാരാളമുണ്ടെങ്കിലും ഒരു റഫറന്‍സ് ലൈബ്രറി എന്ന നിലയില്‍ പ്രവര്‍ത്തിക്കാവുന്ന വിധമല്ല അവസ്ഥ. ഫോട്ടോകോപ്പിയെടുക്കുന്ന മെഷീനില്‍ ടോണര്‍ മാറ്റാന്‍ കാശില്ലാത്തതിനാല്‍ ഈ സൗകര്യവും ഉപയോഗിക്കാനാകുന്നില്ല. റഫറന്‍സിനു വരുന്നവര്‍ പുസ്തകം രജിസ്റ്ററില്‍ എഴുതിച്ച് പുറത്ത് പോയി ഫോട്ടോകോപ്പിയെടുക്കണം. രണ്ട് വര്‍ഷമായി ഇതാണ് അവസ്ഥ.
വര്‍ഷങ്ങളായി ലൈബ്രറിയുടെ ഉടമസ്ഥത സംബന്ധിച്ച് കേസ് നടക്കുന്നുണ്ട്. ഈ ലൈബ്രറിയുടെ കെട്ടിടം വിട്ടുകിട്ടിയാല്‍ ലൈബ്രറി കൗണ്‍സിലിന് ഒരു കോടി രൂപ ചെലവില്‍ സംസ്ഥാന നിലവാരത്തിലുള്ള ലൈബ്രറി സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുണ്ടായിരുന്നു. പക്ഷെ കേസ് തീര്‍പ്പാക്കാത്തതിനാല്‍ ഒന്നും നടന്നില്ല.