Connect with us

Kozhikode

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതുവഴികള്‍ തേടി ജില്ലാ ഭരണകൂടം

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം തേടി ജില്ലാ ഭരണകൂടം. ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതും ഹ്രസ്വകാലാടിസ്ഥാനത്തില്‍ അടിയന്തരമായി നടപ്പാക്കാന്‍ സാധിക്കുന്നതുമായ പ്രായോഗിക നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്. ലഘുവായ മാറ്റങ്ങളിലൂടെയും ട്രാഫിക് പരിഷ്‌കാരങ്ങളിലൂടെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുന്ന പുത്തന്‍ ആശയങ്ങള്‍ തേടുകയാണ് “കലക്ടര്‍ കോഴിക്കോട്””എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്.

ഗതാഗത പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ലഭിച്ച മൂന്ന് നിര്‍ദേശങ്ങള്‍ക്കാണ് കൂടുതല്‍ പ്രായോഗികതയെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കുന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള മോശം അവബോധത്തിനും സ്വകാര്യബസ്സുകളുടെ മരണപ്പാച്ചിലിനും പരിഹാരമുണ്ടാക്കല്‍, പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം എന്നിവയാണ് നിര്‍ദേശങ്ങളില്‍ മികച്ചതായി കലക്ടര്‍ വിലയിരുത്തുന്നത്. ജില്ലയിലെ ട്രാഫിക് സംബന്ധമായ പലവിധ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ട്രാഫിക് വശങ്ങള്‍ സംബന്ധിച്ച് സമഗ്രവിശകലനം നടത്തി നിര്‍ദേശങ്ങള്‍ പ്രായോഗികവത്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആറ് വരി പാതയും, മേല്‍പ്പാലങ്ങളും പോലെ സമീപഭാവിയില്‍ നടപ്പിലാക്കാന്‍ ഇടയില്ലാത്ത നിര്‍ദേശങ്ങളല്ല മറിച്ച് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഉടനടി നടപ്പിലാക്കാന്‍ സാധിക്കുന്ന പരിഷ്‌കാരങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ സൂചിപ്പിക്കുന്നു.
പ്രധാനറോഡുകളുടെയും ഇടറോഡുകളുടെയും വീതി വര്‍ധിപ്പിക്കല്‍, നാല് വരിപ്പാതകള്‍, റോഡിലെ കുണ്ടും കുഴികളും അടച്ച് നിലവാരമുയര്‍ത്തല്‍, ബസ് ബേകള്‍, ലോ ഫ്‌ളോര്‍ ബസ്സുകള്‍ പോലുള്ളവ ഇറക്കി പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, പോലീസ് പട്രോളിംഗ്, എക്‌സലേറ്ററുകള്‍ ഉപയോഗിച്ചുള്ള റോഡ് ക്രോസിംഗ്, ബസ് മൊബിലിറ്റി ഹബ്ബുകള്‍, എല്ലാ പ്രധാന റോഡുകള്‍ക്കിരുവശവും ഫുട്പാത്ത് എന്നിവയെല്ലാം നിര്‍ദേശങ്ങളില്‍ പെടുന്നു. സ്വകാര്യബസ്സുകളുടെ മരണയോട്ടം, ബസ് സ്റ്റോപ്പുകള്‍ക്ക് സമീപങ്ങളിലല്ലാതെയുള്ള ബസ്സുകളുടെ നിര്‍ത്തലും ആളെ കയറ്റലും, റോഡരികുകളിലെ അനധികൃത പാര്‍ക്കിംഗ് എന്നിവക്ക് കര്‍ശന പരിഹാരം കാണണമെന്നും കലക്ടര്‍ക്ക് ലഭിച്ച പൊതുനിര്‍ദേശങ്ങളിലുണ്ട്.
നഗര വികസനത്തോടനുബന്ധിച്ച് ജില്ലയിലെ ബസ് റൂട്ടുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് റീജ്യനല്‍ ടൗണ്‍പ്ലാനിംഗ് വിഭാഗം ഇതിനകം സര്‍വേ ആരംഭിച്ചു. റോഡുകളുടെ അപര്യാപ്തതയും ബസ് റൂട്ടുകളില്ലാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം രേഖപ്പെടുത്തുന്ന സര്‍വേയാണ് കോഴിക്കോട് എന്‍ ഐ ടിയുടെ സാങ്കേതിക സഹായത്തോടെ നടത്തുന്നത്. ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അന്തിമനിര്‍ദേശങ്ങള്‍ നടപ്പാക്കുകയെന്നതിനാല്‍ കലക്ടറുടെ നിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. നിലവില്‍ നഗരത്തില്‍ നിന്ന് വെള്ളിമാട്കുന്നിനപ്പുറം സിറ്റി ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നിരിക്കെ സിറ്റി ബസ്സുകളുടെ സര്‍വീസ് റൂട്ട് ദീര്‍ഘിപ്പിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. കലക്ടറുടെ പുതിയ രീതിയില്‍ ഏറെ പ്രതീക്ഷയിലാണ് പൊതുജനം.

Latest