ഹര്‍ത്താല്‍ ദിവസം കലക്ടര്‍ തോട്ടിയുമായിറങ്ങി മാതൃകയായി

Posted on: April 9, 2015 9:59 am | Last updated: April 9, 2015 at 9:59 am

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ ചപ്പുചവറുകള്‍ നീക്കാന്‍ കലക്ടര്‍ തോട്ടിയുമായെത്തി. കണ്ടു നിന്നവരില്‍ ചിലര്‍ കൂടെക്കൂടി. മറ്റു ചിലര്‍ രംഗം ക്യാമറയിലാക്കി.

ഹര്‍ത്താലിനെ തുടര്‍ന്ന് വിചനമായ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് ശുചീകരിക്കാനാണ് കലക്ടര്‍ എന്‍ പ്രശാന്തും സംഘവും രംഗത്തിറങ്ങിയത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറക്ക് പരിശീലനവും പങ്കാളിത്തവും നല്‍കുന്നതിനായി ആരംഭിച്ച ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് ശുചീകരണം നടന്നത്.
ഹര്‍ത്താലിനെ തുടര്‍ന്ന് സൗകര്യപ്രദമായത് കൊണ്ടാണ് ബസ് സ്റ്റാന്‍ഡ് തിരഞ്ഞെടുത്തതെന്നും അടുത്ത ദിവസങ്ങളില്‍ നഗരത്തിലെ മറ്റു പ്രദേശങ്ങള്‍ ശുചീകരണത്തിനായി തിരഞ്ഞെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. സാമൂഹിക പ്രതിബദ്ധത നിറവേറ്റാന്‍ പുതുതലമുറയെ പര്യാപ്തമാക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി ആര്‍ ടി സിയിലെ 200 വളണ്ടിയര്‍മാര്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലീസ്, കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. 8.30 ന് ആരംഭിച്ച പ്രവൃത്തി 10.30 ഓടെ സമാപിച്ചു. കലക്ടര്‍ക്ക് പുറമെ സബ് ജഡ്ജ് ആര്‍ എല്‍ ബൈജു, ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് കമാന്റര്‍ അരുണ്‍ ഭാസ്‌കര്‍, പി ആര്‍ ടി സി ഡയറക്ടര്‍ നവാസ്ജാന്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രണ്ട് ദിവസം മുമ്പാണ് കലക്ടറുടെ നേതൃത്വത്തിലുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. പദ്ധതിയുടെ കീഴിലുള്ള ആദ്യസംരംഭമാണ് ഇന്നലെ നടന്നത്.