രോഗ, മാലിന്യമുക്ത ഗ്രാമമെന്ന ലക്ഷ്യവുമായി നാട്ടുകാര്‍ ഇരുതുള്ളി പുഴയോരത്ത്

Posted on: April 9, 2015 9:58 am | Last updated: April 9, 2015 at 9:58 am

താമരശ്ശേരി: മാലിന്യമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി കൂടത്തായി പ്രകൃതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇരുതുള്ളി പുഴയുടെ കൂടത്തായി ഭാഗം ശുചീകരിക്കുന്നു. പുഴയോരത്തെ നിരവധിപേര്‍ മാരക രോഗത്തിന്റെ പിടിയിലായതിനെ തുടര്‍ന്നാണ് രോഗ, മാലിന്യ മുക്ത ഗ്രാമം എന്ന ലക്ഷ്യവുമായി നാട്ടുകാര്‍ കൈകോര്‍ക്കുന്നത്. ലോക ജലദിനത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയോടെ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കും. കൂടത്തായി, അമ്പലമുക്ക്, കരിങ്ങമണ്ണ, പുറായില്‍, പുവ്വോട്, ചക്കിക്കാവ് പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങളാണ് നാടിന്റെ രക്ഷക്കായി ഒന്നിക്കുന്നത്. കുടുംബശ്രീ യൂനിറ്റുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നിരന്തര ബോധവത്കരണം സംഘടിപ്പിക്കും. കൂടത്തായി പാലത്തില്‍ നിന്ന് പുഴയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ താമരശ്ശേരി, ഓമശ്ശേരി പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇരുവശത്തും ഇരുമ്പുവേലി സ്ഥാപിക്കും. സീറോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി, വിദ്യാര്‍ഥികള്‍ക്കും കുടുംബശ്രീ യൂനിറ്റുകള്‍ക്കും പ്ലാസ്റ്റികേതര ഉത്പന്ന നിര്‍മാണ പരിശീലനം, ജൈവ കൃഷി, വൃക്ഷത്തൈ നടല്‍, പാലിയേറ്റീവ് പ്രവര്‍ത്തനം, ക്യാന്‍സര്‍ പ്രതിരോധം തുടങ്ങിയ പരിപാടികള്‍ അടുത്ത മാസങ്ങളില്‍ നടക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ ശേഖരിച്ച് റീസൈക്കിളിംഗ് യൂനിറ്റില്‍ എത്തിക്കുകയും ഇതില്‍ നിന്നുള്ള വരുമാനം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യും.
പുഴ ശുചീകരണത്തിന്റെ ഉദ്ഘാടനം 25ന് രാവിലെ അമ്പലമുക്ക് മിനി സ്റ്റേഡിയത്തില്‍ ഡോ. എം എന്‍ കാരശ്ശേരി നിര്‍വഹിക്കും. ഇതിന്റെ മുന്നോടിയായി പത്ത് കേന്ദ്രങ്ങളില്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സി കെ കുട്ടിഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. എ കെ അസീസ്, വി ദേവദാസന്‍, കെ കെ ഗഫൂര്‍, എം ടി മുഹമ്മദ് മാസ്റ്റര്‍, രാജന്‍ അമ്പലമുക്ക്, പി പി അബ്ദുര്‍റഹിമാന്‍, എം എം രാജേഷ്, അഷ്‌റഫ് കൂടത്തായി, എല്‍ വി മുനീര്‍ പ്രസംഗിച്ചു.