Connect with us

Kozhikode

കനാല്‍ വെള്ളം പൂളക്കടില്‍ എത്തിയില്ല; ജനം ആശങ്കയില്‍

Published

|

Last Updated

നരിക്കുനി: കുറ്റിയാടി ജലസേചന പദ്ധതിയുടെ ഭാഗമായ കക്കോടി ബ്രാഞ്ച് കനാലിലൂടെ പൂളക്കടവില്‍ വെള്ളമെത്താത്തത് ആശങ്കയുയര്‍ത്തുന്നു. കനാലില്‍ വിവിധ സൈഫണുകളിലും മറ്റു ഭാഗങ്ങളിലും ചോര്‍ച്ച വ്യാപകമായതിനെ തുടര്‍ന്ന് വന്‍തോതില്‍ വെള്ളം നഷ്ടപ്പെടുന്നതാണ് മെയിന്‍ കനാലില്‍ പൂര്‍ണമായി വെള്ളമെത്താത്തതിന് കാരണം. മെയിന്‍ കനാലില്‍ പൂര്‍ണമായി വെള്ളമെത്തുന്നതിന് മുമ്പ് മിക്ക ഫീല്‍ഡ് ബോത്തികളുടെയും ഷട്ടറുകള്‍ തുറന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇത് കനാലില്‍ വെള്ളമൊഴുക്കിന്റെ വേഗത കുറക്കുകയാണ്.
കക്കോടി ബ്രാഞ്ച് കനാല്‍ പൂളക്കടവിലാണ് അവസാനിക്കുന്നത്. പിന്നീട് ചേവായൂര്‍, പുതിയങ്ങാടി എന്നീ രണ്ട് ഫീല്‍ഡ് ബോത്തികളായി വിഭജിക്കപ്പെടുകയാണ്. കനാല്‍ വെള്ളം പൂനൂര്‍ പുഴയിലേക്ക് ഒഴുക്കുന്നതിനും സൗകര്യമുണ്ട്. പൂനൂര്‍ പുഴയില്‍ ജലനിരപ്പ് താഴുമ്പോള്‍ പൂളക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലെ പമ്പിംഗ് നിലനിര്‍ത്താനാണ് പുഴയിലേക്ക് കനാല്‍ വെള്ളം ഒഴുക്കുന്നത്. വേനല്‍ രൂക്ഷമാകുന്ന സമയത്ത് കനാല്‍ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് പമ്പിംഗ് നടത്തുന്നത്. പറമ്പില്‍ ഭാഗത്താണ് ഇപ്പോള്‍ വെള്ളമെത്തിയിട്ടുള്ളത്. ഇനിയും രണ്ട് കിലോമീറ്റര്‍ കൂടി കഴിഞ്ഞാലെ വെള്ളം പുളക്കടവിലെത്തുകയുള്ളൂ. കനാല്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൂളക്കടവില്‍ എപ്പോള്‍ വെള്ളമെത്തുമെന്ന് പറയാന്‍ നാട്ടുകാര്‍ക്കും കഴിയുന്നില്ല.
ചേളന്നൂര്‍ എട്ടേ രണ്ടിലെ സൈഫണിലെ തകരാര്‍ പരിഹരിച്ച ശേഷം മാര്‍ച്ച് 31നാണ് ഈ ഭാഗത്തേക്ക് വെള്ളം തുറന്ന് വിട്ടത്. സാധാരണ ചേളന്നൂര്‍ ഭാഗത്ത് വെള്ളമെത്തിയാല്‍ നാലഞ്ച് ദിവസം കൊണ്ട് കക്കോടി, കുരുവട്ടൂര്‍ പഞ്ചായത്തുകളിലും പൂളക്കടവിലും കനാല്‍ വെള്ളമെത്താറുണ്ട്. എന്നാല്‍ ഈ പ്രാവശ്യം കുറഞ്ഞ അളവിലാണ് വെള്ളം ഒഴുകുന്നത്. ഇതിനാല്‍ ചേളന്നൂര്‍ എട്ടേരണ്ടില്‍ നിന്ന് തകരാര്‍ പരിഹരിച്ച കനാലിലൂടെ വെള്ളം തുറന്നുവിട്ട് പത്ത് ദിവസമായിട്ടും പൂളക്കടവില്‍ വെള്ളമെത്തിയില്ല.

Latest