Connect with us

Kerala

യമനില്‍ നിന്ന് 2500 ഇന്ത്യക്കാര്‍ ജന്മനാട്ടിലെത്തി

Published

|

Last Updated

നെടുമ്പാശ്ശേരി: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്ന് ഏഴ് വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങളും എയര്‍ ഇന്ത്യയുടെ അഞ്ച് വിമാനങ്ങളുമാണ് യമനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ഏഴ് വിമാനങ്ങളിലായി 2500 ഓളം പേര്‍ എത്തിയെങ്കിലും ഇതില്‍ മുംബൈയിലും കൊച്ചിയിലുമായി 2000ല്‍ താഴെ മാത്രമാണ് മലയാളികളെത്തിയത്. യമനില്‍ ജോലി ചെയ്യുന്ന പതിനായിരത്തില്‍പ്പരം പേരില്‍ എണ്ണായിരത്തിലധികം പേരും മലയാളികളാണ്. ഇവരെ സഹായിക്കുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ ഒരു മലയാളി പോലും ഇല്ലാതിരുന്നത് യമനില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വടക്കേ ഇന്ത്യക്കാരെയും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ള തൊഴിലാളികളെയും കയറ്റി വിടുന്നതിനാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും വിമാനത്താവളത്തില്‍ ആദ്യമെത്തിയ മലയാളികള്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്.
ആദ്യം നല്‍കിയ ബോര്‍ഡിംഗ് പാസ് രണ്ടാമത് നല്‍കിയപ്പോള്‍ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന മലയാളി ഇരുനൂറാം സ്ഥാനത്തേക്ക് മാറിയതായും നാട്ടിലെത്തിയവര്‍ പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഭാഷാ പരിജ്ഞാനക്കുറവും യമനില്‍ നിന്ന് തിരിച്ച് നാട്ടിലെത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുമായി ഇവര്‍ക്ക് ആശയ വിനിമയം നടത്താനുള്ള ബുദ്ധിമുട്ട് നേരിട്ടു. ഇത് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ മുതലെടുത്തതായും നാട്ടിലെത്തിയവര്‍ പരാതിപ്പെട്ടു. കരയുദ്ധം ശക്തമായതോടെ എണ്ണ കമ്പനികളെല്ലാം അടച്ചു കഴിഞ്ഞു. ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളും സ്ഥലം വിട്ടുതുടങ്ങി. ഇത് യമനിന്റെ സാമ്പത്തിക സ്രോതസ്സ് തകര്‍ത്തിട്ടുണ്ടെന്നും അവിടെ നിന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.
മലയാളികളയായ നഴ്‌സുമാരാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതെന്നും നഴ്‌സുമാര്‍ മടങ്ങി തുടങ്ങിയതോടെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇതിനാലാണ് ആശുപത്രികളില്‍ നിന്ന് മലയാളി നഴ്‌സുമാരെ വിട്ടയക്കുവാന്‍ അധികൃതര്‍ മടിക്കുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകളും രേഖകളെല്ലാം ആശുപത്രി അധികൃതര്‍ പിടിച്ച് വെച്ചിരിക്കുകയാണ്.
രൂക്ഷമായ കലാപം നടക്കുന്ന സനയില്‍ നിന്ന് കപ്പല്‍ മാര്‍ഗം യാത്ര ചെയ്ത് നാട്ടിലെത്തുവാന്‍ കഴിയുകയില്ല. ഭീതി കാരണം പുറത്ത് പോലും ഇറങ്ങുവാന്‍ പറ്റാത്ത മലയാളികള്‍ സനയില്‍ ഭീതിയോടെ തന്നെയാണ് കഴിയുന്നത്. മലയാളികളോട് അവഗണനയുണ്ടെങ്കിലും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെയും ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും യമനില്‍ നിന്ന് എത്തിയവര്‍ പറഞ്ഞു.

Latest