യമനിലെ സ്ഥിതി ദുരന്തപൂര്‍ണമെന്ന് റെഡ്‌ക്രോസ്

Posted on: April 9, 2015 4:00 am | Last updated: April 9, 2015 at 12:02 am

344309-8-4-2015-d-gh6-oസന്‍ആ: യുദ്ധം താറുമാറാക്കിയ യമനിന്റെ നിലവിലെ സ്ഥിതി ദുരന്തപൂര്‍ണമെന്ന് റെഡ് ക്രോസ് അറിയിച്ചു. റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള സഹായ സഹകരണങ്ങള്‍ യമനില്‍ ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 ടണ്‍ മെഡിക്കല്‍ വസ്തുക്കളുമായി റെഡ്‌ക്രോസിന്റെ കാര്‍ഗോ വിമാനം ജോര്‍ദാനിലെ അമ്മാനില്‍ സമ്മതം കാത്തുകിടക്കുന്നുണ്ട്. ഇതിന് പുറമെ 35 ടണ്‍ വരുന്ന മറ്റു വിധത്തിലുള്ള വസ്തുക്കളും യമനിലേക്ക് അയക്കാന്‍ തയ്യാറായിട്ടുണ്ട്. മെഡിക്കല്‍ വസ്തുക്കള്‍ കൃത്യസമയത്ത് യമനിലെത്തിയിട്ടില്ലെങ്കില്‍ നിരവധി പേര്‍ മരിക്കുമെന്ന് ഭയപ്പെടുന്നതായി റെഡ് ക്രോസ് വക്താവ് ആശങ്കപ്പെട്ടു. യമനിലെ ആദനില്‍ വിദഗ്ധരായ സര്‍ജറി സംഘവും അധികൃതരുടെ സമ്മതം കാത്തുകിടക്കുന്നുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു. യുദ്ധം ശക്തമായ ആദനിലെ നിലവിലെ സാഹചര്യങ്ങള്‍ ഭീതിപ്പെടുത്തുന്നതാണെന്നും മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുകയാണെന്നും റെഡ് ക്രോസ് വ്യക്തമാക്കി.
അതിനിടെ, സഊദിയുടെ നേതൃത്വത്തില്‍ യമനിലെ ഹൂത്തികള്‍ക്കെതിരെ നടക്കുന്ന യുദ്ധത്തിനിടെ ഇതുവരെ 560 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 1,700ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ശക്തമായ വ്യോമാക്രമണത്തെ തുടര്‍ന്ന് ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും യമനില്‍ നിന്ന് പലായനം ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.