Connect with us

National

ഡല്‍ഹിയില്‍ പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം

Published

|

Last Updated

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പത്ത് വര്‍ഷമോ അതിലധികമോ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു. വാഹനങ്ങളുടെ പുക മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന ഡല്‍ഹിക്ക് ആശ്വാസമാണ് കോടതി വിധി. വായു മലിനീകരണത്തിന്റെ പ്രധാന ഉറവിടം ഡീസല്‍ വാഹനങ്ങളാണെന്നും ഡല്‍ഹിയിലെ സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നും ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നതിനാല്‍ ഡല്‍ഹി വിട്ടുപോകാന്‍ ജനങ്ങളെ ഉപദേശിക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രസീല്‍, ചൈന, ഡെന്മാര്‍ക്ക് പോലുള്ള രാജ്യങ്ങള്‍ പഴക്കം കൂടിയ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയോ ഇത്തരം വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്തുകയോ ചെയ്തിട്ടുണ്ട്. ഡല്‍ഹി നിവാസികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ശക്തമായ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതോ വലുതോ ആയ പത്ത് വര്‍ഷം പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഇത്തരത്തിലുള്ള വാഹനങ്ങളുടെ എല്ലാ വിവരങ്ങളും ലഭ്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാറിനും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കി. തലസ്ഥാനത്തെ മികച്ച വായു അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം നവംബര്‍26, 28, ഡിസംബര്‍ നാല് തീയതികളില്‍ ഇറക്കിയ ഉത്തരവുകള്‍ പാലിക്കാത്തതിനെ കോടതി വിമര്‍ശിച്ചു.
ഡല്‍ഹിയിലെ വര്‍ധിച്ചുവരുന്ന വായുമലിനീകരണം കാരണം ഡല്‍ഹി നിവാസികളുടെ പ്രത്യേകിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം അനുദിനം ദുസ്സഹമായിരിക്കുകയാണ്.
ഡീസല്‍ പുക ശ്വാസകോശത്തിനും തലച്ചോറിനും തകരാറുകള്‍ സൃഷ്ടിക്കുന്നതിന് പുറമെ ക്യാന്‍സറിന് കാരണമാകുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.