മാണിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല: പി കെ കുഞ്ഞാലിക്കുട്ടി

Posted on: April 7, 2015 10:48 pm | Last updated: April 8, 2015 at 12:48 am

തിരുവനന്തപുരം: മാണിക്കെതിരെ ആരോപണങ്ങളല്ലാതെ യാതൊരു തെളിവുകളും ഇല്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തനിക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രാജിവെച്ചിരുന്നെങ്കിലും എന്റേയും മാണിയുടേയും സാഹചര്യങ്ങള്‍ താരതമ്യപ്പെടുത്താനാവില്ല. തന്റെ സാഹചര്യത്തിന്റെ അത്രത്തോളം ഗൗരവം മാണിക്കെതിരായ ആരോപണത്തിനില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജിനെതിരെയുള്ള നടപടി ഒരു കൂട്ടായതീരുമാനമായിരിക്കും. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം അറിയിക്കും.
ലീഗില്‍ യാതൊരുവിധ ആഭ്യന്തര പ്രശ്‌നങ്ങളില്ല. ലീഗിന്റെ അവസാന വാക്ക് താനല്ല, പാര്‍ട്ടി അധ്യക്ഷനാണ് തീരുമാനങ്ങളെടുക്കുന്നത്. ലീഗില്‍ ഉണ്ടായിരുന്ന തന്റെ പ്രസക്തി നഷ്ടമായി എന്നു പറയാന്‍ തനിക്ക് അത്തരത്തില്‍ ഒരു പ്രസക്തിയില്ല, ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി തീരുമാനം സംബന്ധിച്ച് വന്ന ഫേസ് ബുക്ക് പോസ്റ്റില്‍ ഭിന്നിപ്പിന്റെ സ്വരം ഇല്ല. ലീഗില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.