കുട്ടികളുടെ വായനാ മഹോത്സവം 22 മുതല്‍

Posted on: April 7, 2015 4:19 pm | Last updated: April 7, 2015 at 4:19 pm

Ahmed bin Rakkad Al Ameriഷാര്‍ജ: കുട്ടികള്‍ക്കായുള്ള ഏഴാമത് പുസ്തക വായനാ മഹോത്സവം 22 മുതല്‍ മെയ് രണ്ട് വരെ നടക്കുമെന്ന് സംഘാടകരായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘എന്റെ നഗരം കണ്ടെത്തൂ’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 109 പ്രസാധകര്‍ പന്ത്രണ്ട് ദിവസം നീളുന്ന മേളയിലും പ്രദര്‍ശനത്തിലും പങ്കാളികളാവുന്നുണ്ട്. ഇതിന്റെ ഭാഗമായി രണ്ടായിരത്തില്‍പരം സാംസ്‌കാരിക, വിദ്യാഭ്യാസ, മനോരജ്ഞക, കലാ, ആരോഗ്യ പരിപാടികളും ഒരുക്കിയിട്ടുണ്ട്. യു കെ യിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയവുമായി സഹകരിച്ച് ദിനോസറുകളുടെ പ്രത്യേക എക്‌സിബിഷനും ഇത്തവണ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിനോസറുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ഉപയുക്തമാവുന്നതാവും എക്‌സിബിഷന്‍.
ഇന്ത്യ, ലബനാന്‍, ഈജിപ്ത്, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള മേളയില്‍ കുട്ടികളുടെ പുസ്തക രചയിതാക്കളായ പ്രമുഖര്‍ അതിഥികളായി എത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ പ്രവൃത്തി ദിനങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും വാരാന്ത ദിനങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ ഒമ്പത് വരെയുമാണ് പരിപാടികള്‍ നടക്കുക.