Connect with us

Gulf

മലയാളി ഫഌറ്റില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

ദുബൈ: 38 കാരനായ മലയാളി യുവാവ് മുഹൈസിന നാലിലുള്ള താമസസ്ഥലത്ത് തീപിടുത്തത്തില്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം രംഗത്ത്.

സംഭവം സ്വാഭാവിക തീപിടുത്തമല്ലെന്നും മനപൂര്‍വമുള്ള കൊലപാതകമാണെന്നും കണ്ടെത്തിയ പോലീസ്, സംഭവത്തിന് പിന്നില്‍ അഞ്ചു പേര്‍ക്ക് പങ്കുള്ളതായും വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലുലു വില്ലേജിനു പുറകുവശത്തുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലെ ഫഌറ്റിലുണ്ടായ അഗ്‌നിബാധയെത്തുടര്‍ന്ന് കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശി കുഞ്ഞിക്കണ്ണന്‍ മകന്‍ രാഹുല്‍ മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സംഭവം നടന്ന ദിവസം തന്റെ നാട്ടുകാരായ രണ്ട് പേരോടൊപ്പം രാഹുല്‍ സ്വന്തം ഫഌറ്റിലെത്തി. അല്‍പസമയത്തിനകം രണ്ടു സ്ത്രീകളും അവിടെയെത്തി. പിന്നീട് തന്നോടൊപ്പം വന്ന രണ്ടുപേരും ശേഷം വന്ന രണ്ടു സ്ത്രീകളിലൊരാളും ഫഌറ്റില്‍ നിന്നിറങ്ങി. 10 മണിയായപ്പോള്‍ അവശേഷിച്ച സ്ത്രീയും ഫഌറ്റുവിട്ടു. ഇതിന് ശേഷമാണ് ഫഌറ്റില്‍ തീ പിടിച്ചതെന്നതാണ് തീപിടുത്തത്തിലും മരണത്തിലും സംശയങ്ങള്‍ക്കിടവരുത്തിയത്.
രാഹുലിനൊപ്പം ഫഌറ്റിലെത്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് സംഭവം നടന്ന ദിവസം ഫഌറ്റില്‍ ഇയാളോടൊപ്പം രണ്ടു പേരും ഉണ്ടായിരുന്നതായും സ്ത്രീകളെ ഫഌറ്റില്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസിന് ബോധ്യപ്പെട്ടിരുന്നു.
സ്ത്രീകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഏഷ്യക്കാരിയായ മറ്റൊരു സ്ത്രീയുടെ കീഴില്‍ അനാശാസ്യ വൃത്തി ചെയ്യുന്ന സംഘത്തില്‍പെട്ടവരാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഏഷ്യക്കാരിയായ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയെ ഹോര്‍ അല്‍ അന്‍സിലുള്ള കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച്, രാഹുലിന്റെ ഫഌറ്റിലെത്തിയ രണ്ടു സ്ത്രീകളില്‍ ഒരാളെ കേന്ദ്രം നടത്തിപ്പുകാരിയുടെ ഫഌറ്റില്‍ നിന്നും രണ്ടാമത്തെയാളെ ഹോര്‍ അല്‍ അന്‍സിലെ തന്നെ മറ്റൊരു ഫ്‌ളാറ്റില്‍ നിന്നും പിടികൂടി.
ഇരയുടെ കൂടെ ഫഌറ്റില്‍ തനിച്ചായ സ്ത്രീ തനിക്ക് വാഗ്ദാനം ചെയ്ത തുക നല്‍കില്ലെന്ന രാഹുലിന്റെ പരാമര്‍ശം സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. അമിതമായി ലഹരി കഴിച്ച ഇരയെ ഇവര്‍ ബലമായി തറയില്‍ തള്ളിയിടുകയും അനങ്ങാന്‍ കഴിയാതിരുന്ന ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ വള, രണ്ടു മോതിരങ്ങള്‍, കയ്യിലുണ്ടായിരുന്ന പണം എന്നിവ അപഹരിക്കുകയും ചെയ്തു.
ഫഌറ്റിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ ഇവര്‍ ഫഌറ്റുപൂട്ടി രക്ഷപ്പെടുന്നതിനുമുമ്പ് അവിടെക്കണ്ട ചിലതുണിത്തരങ്ങള്‍ ഉപയോഗിച്ച് ഫഌറ്റിന് തീയിടുകയും ചെയ്തു. അന്വേഷണം തിരിച്ചുവിടാനും തെളിവുകള്‍ നശിപ്പിക്കാനുമായിരുന്നു ഫഌറ്റിന് തീയിട്ടത്.

Latest