Connect with us

Wayanad

ജില്ലാ ആശുപത്രിക്ക് മുന്നില്‍ സി പി എം ബഹുജന പ്രക്ഷോഭം തുടങ്ങി

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ സേവന നിരക്കുകള്‍ പിന്‍വലിക്കുക, ആശുപത്രിയുടെ ശോചനീയാവസ്ഥപരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐ എം നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭം തുടങ്ങി.
സിപിഎം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ തുടര്‍ച്ചയായിട്ടാണ് പ്രക്ഷോഭം. മാനന്തവാടി, പനമരം ഏരിയകളിലെ പ്രവര്‍ത്തകരാണ് ഏഴുദിവസം നീണ്ടു നില്‍ക്കുന്ന സമരത്തില്‍ അണിനിരക്കുന്നത്.
ജില്ല രൂപീകരിച്ച 1980ല്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയുടെ വികസനം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ജില്ലക്കകത്തും പുറത്തുനിന്നുമായി ആയിരങ്ങള്‍ ചികിത്സക്കെത്തുന്ന ജില്ലാ ആശുപത്രി ഇന്നുംപോരായ്മകളുടെയും ഇല്ലായ്മകളുടെയും നടുവിലാണ്.
എക്കാലവും മലയാളികള്‍ അഭിമാനത്തോടെ പറയുന്ന “കേരള മോഡലി”ല്‍ മുന്നില്‍ നില്‍കുന്നത് കേരളത്തിലെ പൊതുആരോഗ്യമേഖലയാണ്. എന്നാല്‍ ആരോഗ്യമേഖലയുടെ സമീപകാലത്തെ അവസ്ഥ ഭയാനകമാണ്. പുതിയ രോഗങ്ങള്‍ ദിവസവും കടന്നുവരുന്നു. ഇവയെ പ്രതിരോധിക്കാനോ, ചികിത്സനല്‍കാനോ കഴിയാതെ പൊതുആരോഗ്യ മേഖല പകച്ചു നില്‍ക്കുയാണ്. പുല്‍പ്പള്ളയിലെ ആദിവാസി കോളനികളില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും സമീപകാലത്ത് കുരങ്ങുപനിയെന്ന വിപത്ത് മനുഷ്യരുടെ ജീവന്‍ കവര്‍ന്നപ്പോഴും ജില്ലയിലെ ആരോഗ്യ വകുപ്പിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തും ജീവനക്കാരില്ലാത്തതും ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതിന് കാരണമാണ്. പലപ്പോഴും ഒപിയുടെ പ്രവര്‍ത്തനം മുടങ്ങുകയാണ്. ജീവന്‍ രക്ഷാമരുന്നുകളുടെ വില അനുദിനം വര്‍ദ്ധിപ്പിക്കുന്നവര്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതില്‍ ഒരിക്കലും ശ്രദ്ധകാണിക്കാറില്ല. ആശുപത്രിയിലെ ഫാര്‍മസിയില്‍ പലമരുന്നുകളും ലഭിക്കാറില്ല. ആശുപത്രിയിലെ ഉപകരണങ്ങള്‍ പലതും ഉപയോഗിക്കാതെ കേടുവന്ന അവസ്ഥയിലാണ്. താക്കോല്‍ ദ്വാര ശസ്ത്രക്രിയ, ഗര്‍ഭണികള്‍ക്കുള്ള സ്‌ക്കാനിംഗ്, സിടി സ്‌ക്കാനിംഗ് തുടങ്ങിയവയൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇവയില്‍ പലതും ഉപയോഗിക്കാതിരിക്കുന്നത് സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ലാബുകളെയും സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ്.
ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്ന ജില്ലയിലെ ആരേവഗ്യ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണ്. പകര്‍ച്ച വ്യാദികള്‍ പടര്‍ന്നു പിടിക്കുന്ന സമയങ്ങളിലും ജില്ലയിലെ ആരോഗ്യ രംഗം ഉറക്കത്തിലാണ്.
കുരങ്ങുപനി മനുഷ്യജീവിതത്തിനു മുന്നില്‍ പേടിപ്പിക്കു അവസ്ഥയില്‍ നിലകൊള്ളുമ്പോഴും ആവശ്യത്തിന് പരിശോധന നടത്തുന്നതിനുള്ള സൗകര്യം പോലും ഇവിടില്ല.
ഹൃദ്‌രോഗികള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുവാനുള്ള ഉപകരണങ്ങള്‍ പലതും പഴകി തുരുമ്പെടുത്തതാണ്. അപകടങ്ങളില്‍ പരിക്കു പറ്റിയാല്‍ കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് റഫര്‍ചെയ്യുന്നു എന്ന പഴയ പല്ലവിയാണ് ഇന്നും കേള്‍ക്കുന്നത്.
കഴിഞ്ഞ നാലുവര്‍ഷത്തിനകം ഈ അതുരാലയം ഒന്നിലധികം സമയം അത്യാസന്ന നിലയിലായി. ആശുപത്രിയുടെ ചരിത്രിത്തിലാധ്യമായി പ്രസവ വാര്‍ഡ് അടച്ചിട്ടു. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒരു ഡോക്ടറാണ് പലപ്പോഴും ഒപിയുടെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ സഹായിക്കുന്നത്.
തിങ്കളാഴ്ച തിരുനെല്ലി പഞ്ചായത്തിലെ സിപിഐ എം പ്രവര്‍ത്തകരാണ് ആശുപത്രിക്കു മുന്നിലെ സമരത്തില്‍ അണിനിരന്നത്. സമരം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഷിബു അധ്യക്ഷനായി. ജില്ലാകമ്മറ്റിയംഗം പി വി സഹദേവന്‍, ഏരിയാ സെക്രട്ടറി കെ എം വര്‍ക്കി, എം സി ചന്ദ്രന്‍, മനോജ് പട്ടേട്ട് എന്നിവര്‍ സംസാരിച്ചു. കെ ടി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. ഇന്ന് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പനമരം പഞ്ചായത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.

Latest