Connect with us

Malappuram

ജില്ലയില്‍ മഴവെള്ള സംഭരണത്തിന് കര്‍മപദ്ധതി

Published

|

Last Updated

മലപ്പുറം: സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ മഴവെള്ള സംഭരണത്തിന് കര്‍മ്മ പദ്ധതി. മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളിലെത്തിക്കാന്‍ മെയ് 22 വരെ നീണ്ടു നില്‍ക്കുന്ന വിവിധ ബോധവത്കരണ പദ്ധതികള്‍ തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിവര്‍ഷം 2800 മുതല്‍ 3000 മി.മീറ്റര്‍ വരെ മഴ ലഭിക്കുന്ന ജില്ല സമീപ കാലത്ത് വന്‍ വരള്‍ച്ചായാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത് ഇല്ലാതാക്കാനും ഭൂഗര്‍ഭ ജല വിതാനം ഉയര്‍ത്താനും ഉദ്ദേശിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റേറ്റ് ലെവല്‍ നോഡല്‍ ഏജന്‍സി ആവിഷ്‌കരിച്ച പ്രത്യേക ക്യാമ്പയിനാണ് മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം എന്നത്.
മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നീ പ്രകൃതി വിഭവങ്ങളുടെ ജൈവ ബന്ധം നിലനിര്‍ത്തി സുസ്ഥിര വികസനം സാധ്യമാക്കാനുദ്ദേശിച്ച് സംയോജിത നീര്‍ത്തട പരിപാലന പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കിവരികയാണ്. 2010 മുതല്‍ 2015 വരെ അരീക്കോട്, കുറ്റിപ്പുറം, വണ്ടൂര്‍, വേങ്ങര, കൊണ്ടോട്ടി ബ്ലോക്കുകളിലായി എട്ടു പ്രൊജക്ടുകളാണ് ജില്ലയില്‍ അനുവദിക്കപ്പെട്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചും മഴവെള്ള സംഭരണം ഉറപ്പാക്കാന്‍ ജില്ലയില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മണ്‍സൂണിനെ വരവേല്‍ക്കാം മഴവെള്ളം സംഭരിക്കാം ക്യാമ്പയിന്റെ ഭാഗമായി ഏപ്രില്‍ 25 മുതല്‍ മെയ് 15 വരെ ജില്ലയില്‍ കലാജാഥകള്‍ നടക്കും.
മെയ് 30 വരെ ജില്ലയിലുടനീളം ഗൃഹ സന്ദര്‍ശന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള പരിസ്ഥിതി ക്യാമ്പ് ഏപ്രില്‍ 28 മുതല്‍ 30 വരെ നടക്കും.
22 ന് ഭൗമ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ജൈവ കര്‍ഷകരെ ആദരിക്കും. ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെ നടക്കുന്ന മഴക്കുഴി നിര്‍മാണം, കിണര്‍ റീച്ചാര്‍ജിംഗ് പ്രവര്‍ത്തികള്‍ക്കും ജില്ലാ തലത്തില്‍ പ്രത്യേക പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ്, ജില്ലാ ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഹൈദരലി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രെജക്ട് ഓഫീസര്‍ ഫിലിപ്പ് പങ്കെടുത്തു.

Latest