Connect with us

Kozhikode

ജനസമ്പര്‍ക്ക പരിപാടി 27ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജില്ലയിലെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടി ഈ മാസം 27ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുമെന്ന് കലക്ടര്‍ എന്‍ പ്രശാന്ത്.
പരിപാടിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള അവസാന തീയതി കഴിഞ്ഞ 28ന് അവസാനിച്ചിരുന്നു. എങ്കിലും ഇനിയും പരാതി നല്‍കാനുള്ളവര്‍ക്ക് ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ദിവസം അവസരമുണ്ടായിരിക്കും. ഇതിനായി ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ 30 അക്ഷയ കൗണ്ടറുകള്‍ സജ്ജീകരിക്കും. ഇതിനകം ലഭിച്ച അപേക്ഷകളില്‍ മതിയായ അനുബന്ധ രേഖകളില്ലെങ്കില്‍ അപേക്ഷയില്‍ നല്‍കിയ ഫോണ്‍ നമ്പറിലോ വിലാസത്തിലോ ബന്ധപ്പെട്ട് ജില്ലാ തല ഉദ്യോഗസ്ഥര്‍ അവ ലഭ്യമാക്കും.
ജനസമ്പര്‍ക്ക പരിപാടിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയോഗം 18ന് ഉച്ചക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു. മന്ത്രി എം കെ മുനീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇതിനകം ലഭിച്ച അപേക്ഷകളില്‍ എടുത്ത നടപടിയും തുടര്‍പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യും. കിടപ്പിലുള്ളവരും അവശരുമായ പരാതിക്കാരെ ജനസമ്പര്‍ക്ക പരിപാടി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി കെ ഹിമയുടെ നേതൃത്വത്തിലുള്ള സംഘം നേരില്‍ കണ്ട് പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകയും പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. സംഘത്തോടൊപ്പം ഡോക്ടറുമുണ്ടാകും. ഇത്തരം പരാതിക്കാരെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ദിവസം വേദിയിലേക്ക് കൊണ്ടുവരുന്ന പ്രയാസം ഒഴിവാക്കാനാണ് ഈ നടപടിയെന്നും കലക്ടര്‍ പറഞ്ഞു.

Latest