ഇസ്‌റാഈലിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കയറ്റുമെന്ന് അബ്ബാസ്

Posted on: April 7, 2015 3:18 am | Last updated: April 7, 2015 at 12:19 am

MIDEAST ISRAEL PALESTINIANS ABBASജറൂസലം: ഫലസ്തീന് അവകാശപ്പെട്ട നികുതി ഫണ്ട് ഭാഗികമായി തടഞ്ഞുവെച്ച ഇസ്‌റാഈലിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി)യെ സമീപിക്കുമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുന്നറിയിപ്പ്. ഐ സി സിയില്‍ അംഗത്വമെടുക്കാനുള്ള ഫലസ്തീനിന്റെ ശ്രമങ്ങളില്‍ പ്രകോപിതരായി കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് നികുതി ഫണ്ട് ഇസ്‌റാഈല്‍ മരവിപ്പിച്ചത്. എന്നാല്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായി നെതന്യാഹു വീണ്ടും അധികാരത്തിലെത്തിയതിനെ തുടര്‍ന്ന്, ഭാഗികമായി നികുതി ഫണ്ട് നല്‍കുമെന്ന് അറിയിച്ചിരുന്നു. വൈദ്യുതി, വെള്ളം, മെഡിക്കല്‍ എന്നീ വിഷയങ്ങളില്‍ വന്ന ചെലവ് ഫണ്ടില്‍ നിന്ന് പിടിച്ചെടുത്തുവെന്നാണ് ഇസ്‌റാഈലിന്റെ വാദം. ആകെ ലഭിക്കാനുള്ള ഫണ്ടിന്റെ മൂന്നില്‍ ഒരു ഭാഗം ലഭിച്ചതായി കഴിഞ്ഞ ദിവസം പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ഒന്നുകില്‍ പൂര്‍ണമായും ഫണ്ട് തിരിച്ചുനല്‍കണം, അല്ലെങ്കില്‍ തങ്ങള്‍ ഐ സി സിയെ സമീപിക്കുമെന്നും അബ്ബാസ് മുന്നറിയിപ്പ് നല്‍കി. ഈ മാസം ഒന്നിനാണ് ഫലസ്തീന്‍ ഔദ്യോഗികമായി ഐ സി സിയില്‍ അംഗമായത്.
നേരത്തെ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവിലാണ് ഇസ്‌റാഈല്‍ ഭാഗികമായി ഫണ്ട് വിട്ടുകൊടുത്തത്. ഫലസ്തീനികള്‍ക്ക് ഇസ്‌റാഈല്‍ നല്‍കിയ സേവന നികുതി ഇതില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍ സര്‍ക്കാര്‍ 492 മില്യണ്‍ ഡോളര്‍ വൈദ്യുതി ഇനത്തില്‍ നല്‍കാനുണ്ടെന്ന് കാരണം നിരത്തി, കഴിഞ്ഞ ഫെബ്രുവരിയില്‍ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള ഇലക്ട്രിക് കമ്പനി, ഫലസ്തീനിലെ ചില പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരുന്നു. 1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിന് ശേഷം ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഫലസ്തീന്‍ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടത്തുന്നത് ഇസ്‌റാഈല്‍ വൈദ്യുതി കമ്പനികളാണ്.