Connect with us

Wayanad

എസ് വൈ എസ് സര്‍ക്കാര്‍ ആശുപത്രി നവീകരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ നവീകരിച്ച വയനാട് ജില്ലയിലെ പനമരം സര്‍ക്കാര്‍ ആശുപത്രി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി നാടിന് സമര്‍പ്പിച്ചു. എസ് വൈ എസ് 60- ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 60 സര്‍ക്കാര്‍ ആശുപത്രി നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പനമരം കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ നവീകരിച്ചത്. അവശ്യ ഉപകരണങ്ങള്‍ നല്‍കി നവീകരിച്ച സ്ത്രീ പുരുഷ വാര്‍ഡുകളുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റശീദ് നിര്‍വഹിച്ചു. രോഗികളുടെ കഫം വലിച്ചെടുക്കുന്ന ആധുനിക രീതിയിലുള്ള സക്ഷന്‍ മെഷീന്‍ പനമരം ബ്ലോക് വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദഹര്‍ മുഹമ്മദിന് നല്‍കി. ആശുപത്രി ബില്‍ഡിംഗുകളുടെ പെയിന്റിംഗ്, ഫര്‍ണീച്ചര്‍ സൗകര്യങ്ങള്‍, വാര്‍ഡുകളിലേക്കാവശ്യമായ കട്ടില്‍, കിടക്ക, ഐ വി സ്റ്റാന്റുകള്‍ എന്നിവയടക്കമുള്ള പ്രവൃത്തികളാണ് സാന്ത്വനം നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചത്.
സാന്ത്വനം കണ്‍വീനര്‍ എസ് ശറഫുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. അടുത്ത പത്ത് വര്‍ഷത്തെ എസ് വൈ എസിന്റെ പദ്ധതികളില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് സാന്ത്വനം പദ്ധതികള്‍ക്കാണെന്നും ആതുരസേവന രംഗത്ത് മതസാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹായം സര്‍ക്കാറിന് ആരോഗ്യ രംഗത്ത് വന്‍ മുന്നേറ്റത്തിന് സഹായിക്കുമെന്നും വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പറഞ്ഞു. ആരോഗ്യ സേവന രംഗത്ത് വയനാട് പോലുള്ള പിന്നാക്ക ജില്ലകള്‍ ഗുരുതരമായ പ്രതിസന്ധികളാണ് നേരിടുന്നതെന്നും ഈ രംഗത്ത് എല്ലാവരുടെയും അകമഴിഞ്ഞ സഹായങ്ങളാണ് വേണ്ടതെന്നും എന്‍ കെ റശീദ് പറഞ്ഞു. എം പി സെബാസ്റ്റ്യന്‍, പി കെ അസ്മത്, ഡോ. ദഹര്‍ മുഹമ്മദ്, കെ ഒ അഹ്മദ് കുട്ടി ബാഖവി, ഉമര്‍ സഖാഫി കല്ലിയോട്, കെ കെ മുഹമ്മദലി ഫൈസി, കെ എസ് മുഹമ്മദ് സഖാഫി, കെ ടി ഇസ്മാഈല്‍, മുഹമ്മദ് സഖാഫി, പി ഉസ്മാന്‍ മൗലവി, ഹനീഫ കൈതക്കല്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest