ഹോമിയോപ്പതി മരുന്നുകളില്‍ നാനോ കണങ്ങള്‍ കണ്ടെത്തി

Posted on: April 7, 2015 4:11 am | Last updated: April 6, 2015 at 11:43 pm

homeopathyകൊച്ചി : ഹോമിയോപ്പതി മരുന്നുകളില്‍ ഫലവത്തായതൊന്നുമില്ലെന്ന വിമര്‍ശത്തെ തള്ളി ഗവേഷണഫലം. എം ജി സര്‍വകലാശാലയില്‍ നടന്ന ഗവേഷണത്തിലാണ് മെഡിക്കല്‍ ചികിത്സയില്‍ നിര്‍ണായകമായ നാനോ കണങ്ങള്‍ ഹോമിയോ മരുന്നുകളില്‍ കണ്ടെത്തിയത്.ഓറം മെറ്റാലികം ആസ്പദമാക്കി എം ജി സര്‍വകലാശാലയിലെ നാനോ സയന്‍സ് ലാബില്‍ ഡോ. ഇ എസ് രാജേന്ദ്രന്‍ നടത്തിയ പഠനത്തിലാണ് ഹോമിയോപ്പതി നേര്‍പ്പിക്കലുകളില്‍ നാനോകണങ്ങള്‍ ഉള്ളതായി വ്യക്തമാക്കപ്പെട്ടത്. ഹൈ റെസല്യൂഷന്‍ ട്രാന്‍സ്മിഷന്‍ ഇലക്‌ട്രോണിക് മൈക്രോസ്‌കോപ്പ് , എനര്‍ജി ഡിസ്‌പേഴ്‌സീവ് സ്‌പെക്‌ട്രോമീറ്റര്‍ (ഇ ഡി എസ്) എന്നിവ ഉപയോഗിച്ചാണ് നേര്‍പ്പിക്കലുകള്‍ വിശകലനം ചെയ്തത്. ഹോമിയോപ്പതിക് നേര്‍പ്പിക്കലുകളിലും നാനോകണങ്ങളുടെ സാന്നിധ്യമുണ്ടെന്ന് തെളിയിക്കാന്‍ ഇതോടെ കഴിഞ്ഞതായി ഡോ. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമാന രീതിയില്‍ ഐ ഐ ടി ബിയില്‍ ഡോ. ജയേഷ് ബെല്ലാരേ നടത്തിയ പഠനവും ഹോമിയോപ്പതിക് മരുന്നുകളില്‍ നാനോകണങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്തിയിരുന്നു. പഠനഫലങ്ങള്‍ മുംബൈയില്‍ 11 മുതല്‍ നടക്കുന്ന ദ്വിദിന ലോക ഹോമിയോപ്പതി ഉച്ചകോടിയില്‍ അവതരിപ്പിക്കും.
ഹോമിയോപ്പതിക് മരുന്നുകളില്‍ ഇവയുടെ പേര് ബോതിപ്പിക്കുന്ന ഫലവത്തായതൊന്നുമില്ലെന്നും ഇവ മരുന്നില്ലാത്ത മരുന്നാണെന്നുമാണ് കാലങ്ങളായി വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡോ. രാജേന്ദ്രന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ഹോമിയോപ്പതിക് നേര്‍പ്പിക്കലുകളില്‍ ഔഷധ മൂലകങ്ങളുടെ നാനോകണങ്ങളുടെ സാന്നിധ്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇത് കൂടുതല്‍ വിപുലമായ ഗവേഷണത്തിനും ഈ നാനോകണങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ക്കും വഴിതുറക്കുമെന്ന് ഡോ. രാജേന്ദ്രന്‍ പറഞ്ഞു.
ബംഗളൂരുവിലെ ഐ ഐ എസ് ലാബില്‍ ലികോപോഡിയം, സോറിനം എന്നീ മരുന്നുകളില്‍ എഫ് ഇ എസ ്ഇ എം, ഇഡിഎസ് എന്നിവ ഉപയോഗിച്ച് നടത്തിയ പഠനങ്ങളും സമാനഫലം നല്‍കിയതായി ഡോ. രാജേന്ദ്രന്‍ പറഞ്ഞു. സസ്യസ്രോതസ്സുകളില്‍ നിന്നും ജൈവിക പദാര്‍ഥങ്ങളില്‍ നിന്നും തയാറാക്കിയ മരുന്നുകളാണ് ഇപ്പോള്‍ ലബോറട്ടറികളില്‍ വിശകലനം ചെയ്തു വരുന്നത്. മുംബൈയില്‍ ഗ്ലോബല്‍ ഹോമിയോപ്പതി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ നാനോ സാങ്കേതികതക്ക് പുറമെ ഹോമിയോപ്പതി ഗവേഷണവുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളും ചര്‍ച്ച ചെയ്യും. 25ലേറെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഉച്ചകോടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. ശ്രീവത്സ് മേനോന്‍, പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. ടി. അബ്ദുര്‍റഹ്മാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.