Connect with us

Gulf

തലസ്ഥാനത്ത് 274 പാര്‍ക്കിംഗ് ബേകള്‍ കൂടി തുറന്നു

Published

|

Last Updated

അബുദാബി: നഗരത്തില്‍ 274 പുതിയ പാര്‍ക്കിംഗ് ബേകള്‍ കൂടി ആരംഭിച്ചതായി അബുദാബി ഗതാഗത വിഭാഗം അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന പാര്‍ക്കിംഗ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നടപടി. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിംഗ് വിഭാഗമായ മവാഖിഫാണ് സെക്ടര്‍ ഇ4-02വില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പെടുത്തിയിരിക്കുന്നത്. അല്‍ റാഹ ഹോസ്പിറ്റലിന് വടക്ക് സായിദ് ഫസ്റ്റ് സ്ട്രീറ്റിനും തെക്ക് അല്‍ ഫലാ സ്ട്രീറ്റിനും ഇടയിലും കിഴക്ക് ഫാത്തിമ ബിന്‍ത് മുബാറക് സ്ട്രീറ്റിനും പടിഞ്ഞാറ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റിനും ഇടയിലുമാണ് പുതിയ പാര്‍ക്കിംഗ് ബേകള്‍ ലഭ്യമാക്കിയിരിക്കുന്നത്.
പാര്‍ക്കിംഗ് പ്രശ്‌നത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണാനാണ് മവാഖിഫ് പരിശ്രമിക്കുന്നതെന്ന് ഗതാഗത വിഭാഗത്തിലെ പാര്‍ക്കിംഗ് വിഭാഗം ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് ബിന്‍ ഫഹദ് അല്‍ മുഹൈരി വ്യക്തമാക്കി. അല്‍ ദാന മേഖലയില്‍ 353 പാര്‍ക്കിംഗ് ബേകള്‍ ഉണ്ടായിരുന്നത് 627 ആയി വര്‍ധിപ്പിച്ചു. പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കുള്ള ഏഴ് ബേകളും ഇതില്‍ ഉള്‍പെടും. ഇതോടെ ഈ മേഖലയില്‍ മാത്രം പാര്‍ക്കിംഗ് ബേകളിലുണ്ടായ വര്‍ധനവ് 77 ശതമാനമാണ്. ഇത് ഈ മേഖലയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാരണായിട്ടുണ്ട്. പുതുതായി പാര്‍ക്കിംഗ് ബേകള്‍ നിര്‍മിച്ച മേഖലകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പാര്‍ക്കിംഗ് അനുവദനീയമല്ലാത്തിടത്തും റോഡിന് നടുവിലുമെല്ലാം വാഹനം പാര്‍ക്ക് ചെയ്യുന്നത് അനുവദിക്കാവുന്ന കാര്യമല്ല. കാല്‍നട യാത്രക്കാരുടെ വഴികളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും അനധികൃത പാര്‍ക്കിംഗിന്റെ പരിധിയില്‍ വരുമെന്നും അല്‍ മുഹൈരി ഓര്‍മിപ്പിച്ചു.
നഗരം കൂടുതല്‍ വിസ്തൃതമാവാന്‍ തുടങ്ങിയതോടെയാണ് തലസ്ഥാന നഗരയില്‍ പാര്‍ക്കിംഗ് പ്രശ്‌നം രൂക്ഷമാവാന്‍ തുടങ്ങിയത്. നഗരവാസികളില്‍ ബഹുഭൂരിപക്ഷത്തിനും പാര്‍ക്കിംഗ് പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. വാഹനങ്ങളുടെ എണ്ണം നഗരത്തില്‍ ക്രമാതീതമായി ഉയര്‍ന്നതാണ് പാര്‍ക്കിംഗിന് ക്ഷാമം നേരിടാന്‍ ഇടയാക്കിയിരിക്കുന്നത്. പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് മവാഖിഫിന് കീഴില്‍ അബുദാബി അധികൃതര്‍ നടപ്പാക്കിവരുന്നത്. എന്നാല്‍ എത്ര പാര്‍ക്കിംഗ് ബേകള്‍ നിര്‍മിച്ചാലും മതിയാവാത്തത്രയും രൂക്ഷമാണ് നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്‌നമെന്ന് നഗരവാസികളില്‍ ഒരാളായ മുഹമ്മദ് ജമാല്‍ പ്രതികരിച്ചു. ജോലി കഴിഞ്ഞാല്‍ വീണ്ടും ഒന്നും രണ്ടും മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാനായി ഇടം അന്വേഷിക്കേണ്ട സ്ഥിതിയാണെന്നും ജമാല്‍ പറഞ്ഞു.

Latest