തൂണേരി അക്രമം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Posted on: April 6, 2015 10:45 am | Last updated: April 6, 2015 at 10:45 am

നാദാപുരം: തൂണേരി വെളളൂരില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.. വീടാക്രമണത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ ചെക്യാട് കല്ലറയില്‍ മനോജി(31) നെയും വീടാക്രമണ കേസില്‍ കല്ലാച്ചി വിഷ്ണുമംഗലം ചുണ്ടയില്‍ വിനു(32)വിനെയുമാണ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മനോജിനെ പിടികൂടിയത്.ഖത്തറില്‍ പെയിന്റിംഗ് തൊഴിലാളിയാണ് മനോജന്‍.
പൊട്ടിയ സ്വര്‍ണ ചെയിനിന്റെ ഒരു ഭാഗം കണ്ടെടുത്തതായും ഉടമ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചെക്യാട് നിരവത്ത് ലിനീഷ് എന്ന ഗിരീഷന്‍ (30) ചെക്യാട് തട്ടാന്റവിട ഷാജി(33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുക്കുപണ്ടവും ടോര്‍ച്ചും സ്‌പ്രേയും പ്രതികളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കോടഞ്ചേരി പള്ളിപ്പറമ്പത്ത് സുബൈദയുടെ വീടാക്രമണത്തിനിടെയാണ് സ്വര്‍ണാഭരണം കവര്‍ന്നത്. വീട്ടുകാരെ അക്രമിക്കുന്നത് കണ്ട സുബൈദയുടെ ഭര്‍തൃ സഹോദരി കുല്‍സു സ്ഥലത്ത് ഓടിയെത്തുകയും ഇതിനിടെ അക്രമികള്‍ കുല്‍സു ധരിച്ച നാല് പവന്‍ സ്വര്‍ണാഭരണം കവരുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
അക്രമി സംഘത്തിലെ മനോജനും ഗിരീഷും തമ്മില്‍ സ്വര്‍ണാഭരണം പങ്ക് വെക്കുന്നതിനെ ചൊല്ലി തര്‍ക്കമുടലെടുത്തതായും പിന്നീട് കവര്‍ന്ന ആഭരണമാണെന്നു പറഞ്ഞ് മനോജ് ഗിരീഷന് നല്‍കിയ ആഭരണം കണ്ണൂര്‍ ജില്ലയിലെ പാറാട്ട് ജ്വല്ലറിയില്‍ വില്‍പ്പനക്കായി കൊണ്ടു പോയി. ജ്വല്ലറിക്കാരിത് പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടര്‍ന്നാണ് ഗിരീഷന്‍, ഷാജി എന്നിവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യഥാര്‍ഥ ആഭരണം നല്‍കാതെ മുക്കുപണ്ടം നല്‍കി ഗിരീഷിനെ മനോജന്‍ വഞ്ചിക്കുകയായിരുന്നത്രെ.
ഷാജിയുടെ അടുത്ത് നിന്നാണ് ടോര്‍ച്ചും സ്‌പ്രേയും കെണ്ടടുത്തതെന്ന് പോലീസ് അറിയിച്ചു. മനോജന്‍ നെടുമ്പാശേരി വഴി വിദേശത്തേക്ക് പുറപ്പെടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് അടിയന്തര സന്ദേശമയക്കുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ശ്രീലങ്ക വഴി ഖത്തറിലേക്ക് കടക്കാനായിരുന്നു ശ്രമം. എസ് ഐ. കെ .ടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.