വയനാട് മെഡിക്കല്‍ കോളജിന് മെയ് നാലിന് തറക്കല്ലിടും

Posted on: April 6, 2015 10:44 am | Last updated: April 6, 2015 at 10:44 am

കല്‍പ്പറ്റ: വയനാടിന്റെ മെഡിക്കല്‍ കോളജ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു. നിരവധി വിവാദങ്ങളില്‍പ്പെട്ട മെഡിക്കല്‍ കോളജിന് മെയ് നാലിന് തറക്കല്ലിടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നാലിന് ജനസമ്പര്‍ക്ക് പരിപാടിക്ക് വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും കോളജിന് തറക്കല്ലിടുക.
സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള നിരവധി വിവാദങ്ങളില്‍പെട്ട് നീളുകയായിരുന്നു വയനാടിന്റെ മെഡിക്കല്‍ കോളജെന്ന സ്വപ്‌നം. 2012ലെ ബജറ്റില്‍ വയനാടിനൊപ്പം പത്തനംതിട്ട ജില്ലയിലെ കോന്നി, ഇടുക്കി, മഞ്ചേരി, കാസര്‍കോട് ജില്ലയിലെ ബദിയടുക്ക എന്നിവിടങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പുതിയതായി മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചിരുന്നു. വയനാടൊഴികെ മറ്റ് സ്ഥലങ്ങളിലെല്ലാം മെഡിക്കല്‍ കോളജുകള്‍ 80 ശതമാനത്തോളം യാഥാര്‍ഥ്യമായി.
കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ഗവ. മെഡിക്കല്‍ കോളജുകളില്‍ ഈവര്‍ഷം തന്നെ പ്രവേശനം നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട്, ഇടുക്കി എന്നിവിടങ്ങളിലെ പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി ഒറ്റത്തവണ കേന്ദ്ര വിഹിതമായി 343 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 282 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ മെഡിക്കല്‍ കോളജിനായി സംസ്ഥാന വിഹിതമായി അനുവദിച്ചിരിക്കുന്നത് 1875 ലക്ഷം രൂപയാണ്.
2013-14 സാമ്പത്തിക വര്‍ഷം പ്രസ്തുത മെഡിക്കല്‍ കോളജുകള്‍ക്ക് ഓരോന്നിനും 250 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളജിനായി ഇതുവരെ 20 ലക്ഷം രൂപയും ഇടുക്കിക്കു വേണ്ടി 125 ലക്ഷം രൂപയും പത്തനംതിട്ടക്കായി 492 ലക്ഷം രൂപയും ചെലവായി. ബാക്കി തുക മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടില്‍ കരുതിവെച്ചിരിക്കുകയാണ്.
ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് മെഡിക്കല്‍ കോളജിനായി നല്‍കിയ ഭൂമിയിലേക്കുള്ള റോഡ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. നിര്‍ദിഷ്ട കോളജിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 325 കോടി രൂപയാണ്.