Connect with us

International

യമന്‍: വിവിധ രാഷ്ട്രങ്ങള്‍ പൗരന്‍മാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി; വ്യോമാക്രമണം തുടരുന്നു

Published

|

Last Updated

സന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഊര്‍ജിതമാക്കി.
തങ്ങളുടെ 170 പൗരന്‍മാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനായി പാക്കിസ്ഥാനില്‍നിന്നും ഒരു വിമാനം തലസ്ഥാനമായ സനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചൈന, ഈജിപ്ത്, സുഡാന്‍ , ജിബൂട്ടി തുടങ്ങിയരാജ്യങ്ങളില്‍നിന്നും വിമാനങ്ങള്‍ ഇതേ ആവശ്യത്തിനായി പുറപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ സാധനങ്ങളുടെ വിതരണത്തിനായി യമനില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ റെഡ്‌ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, റെഡ്‌ക്രോസിന്റെ അഭ്യര്‍ഥനക്കിടയിലും സഊദി പതിനൊന്നാം ദിവസം രാത്രിയിലും തങ്ങളുടെ വ്യോമക്രമണം തുടരുകയാണ്. രാജ്യത്ത് ഹൂതികളും പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ വിശ്വസ്തരായ സൈന്യവും തമ്മിലുള്ള ഏറ്റ്മുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. മറ്റു വടക്കന്‍ ആഫ്രിക്കാരേയും തങ്ങളുടെ 160 പൗരന്‍മാരേയും അല്‍ജീരിയ വിമാനമാര്‍ഗം രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്രാതലത്തില്‍ ആശങ്ക വ്യാപകമായ സാഹചര്യത്തില്‍ റഷ്യ, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. കാനഡ, ജര്‍മനി, ഇറാഖ് തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് സഊദിയുടെ നേത്യത്വത്തിലുള്ള സഖ്യസേനയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
അതേസമയം തലസ്ഥാനമായ സനയില്‍ വിമതരോട് കൂറ് പുലര്‍ത്തുന്ന സൈനികരുടെ പാര്‍പ്പിട സമുച്ചയത്തില്‍ സ്‌ഫോടനമുണ്ടായി. സെപതംബറില്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ ഹൂതികള്‍ ദക്ഷിണ തുറമുഖമായ ഏദന്റെ നിയന്ത്രണത്തിനായി പോരാടുകയാണ്. പ്രസിഡന്റ് ഹാദിയുടെ ശക്തികേന്ദ്രമായിരുന്നു ഇവിടം. ഇദ്ദേഹം കഴിഞ്ഞ മാസം സഊദിയിലേക്ക് കടന്നിരുന്നു.
ഏദനില്‍ മുന്നേറ്റം നടത്തിയ വിമതര്‍ പാര്‍പ്പിട കേന്ദ്രങ്ങളില്‍ ബോംബിടുകയും നിരവധി കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം രാജ്യത്തെ സ്ഥിതിഗതികള്‍ ഭയാനകമാണെന്നും നഗരങ്ങളിലെങ്ങും മ്യതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും റെഡ്‌ക്രോസ് വിശദീകരിച്ചു. മാര്‍ച്ച് 26മുതല്‍ ഏദനില്‍ 185പേര്‍ കൊല്ലപ്പെടുകയും 1,282 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ അല്‍ ഖേദര്‍ ലസ്സോര്‍ പറഞ്ഞു. ഇതില്‍ വിമതരുടേയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും കണക്കുകള്‍ ഉള്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഊദി നടത്തുന്ന വ്യോമാക്രമണത്തില്‍ വീടുകളെല്ലാം തകര്‍ക്കപ്പെട്ടിട്ടുണ്ട്. സഹായമെത്തിച്ചില്ലെങ്കില്‍ നിരവധി സാധാരണക്കാര്‍ മരിക്കുമെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നില്ലെങ്കില്‍ കൂടുതല്‍ സാധാരണക്കാര്‍ മരിക്കുമെന്ന് റെഡ്‌ക്രോസ് പറഞ്ഞു. വ്യോമാക്രമണം നിര്‍ത്തണമെന്ന റഷ്യയുടെ ആവശ്യം യു എന്‍ സുരക്ഷാ കൗണ്‍സില്‍ പരിശോധിച്ചുവരികയാണ്. യെമനില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി നടന്ന പോരാട്ടത്തില്‍ 500 പേര്‍ കൊല്ലപ്പെടുകയും 1,700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് യു എന്‍ കണക്ക്.
അഴിമതിക്കാരനായ പ്രസിഡന്റ് ഹാദിയെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മുന്‍പ്രസിഡന്റ് അലി അബ്ദുല്ല സലേഹിയോട് കൂറ് പുലര്‍തത്തുന്ന സൈനികരുടെ പിന്തുണയുണ്ട്.
അതേ സമയം, ഹൂതികള്‍ക്ക് ഇറാന്റെ സൈനിക പിന്തുണയുണ്ടെന്ന് സഊദി പറഞ്ഞു. എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.