നീണ്ട ഇടവേളക്ക് ശേഷം ഫിഡല്‍ കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍

Posted on: April 6, 2015 10:12 am | Last updated: April 6, 2015 at 10:12 am

fidel castro public 2ഹവാന: ഒരു വര്‍ഷത്തിലധികമായി പൊതു ചടങ്ങുകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ക്യൂബ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോ ഇന്നലെ രംഗത്തെത്തി. 88കാരനായ കാസ്‌ട്രോ പതിനാലു മാസത്തിനു ശേഷമാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. വെനിസ്വേലയില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ ഒരു പ്രാദേശിക സ്‌കൂളില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അമേരിക്കയുമായുള്ള ബന്ധം നല്ല നിലയില്‍ കൊണ്ടുപോകാന്‍ ക്യൂബ തയ്യാറായതിനുശേഷം ആദ്യമായാണ് ക്യൂബന്‍ വിപ്ലവ നായകന്‍ കാസ്‌ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കാസ്‌ട്രോ പൂര്‍ണ ആരോഗ്യവാനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊപ്പി ധരിച്ച് കാറിലിരുന്ന കാസ്‌ട്രോ, സന്ദര്‍ശകര്‍ക്ക് ഹസ്തദാനം നല്‍കുന്ന ചിത്രങ്ങളും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു.
2014 ജനുവരിയില്‍ ഹവാന കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇതിനു മുന്പ് കാസ്‌ട്രോ പങ്കെടുത്തത്. അന്ന് തന്റെ പ്രിയപ്പെട്ട ക്യൂബന്‍ കലാകാരന്‍ അലക്‌സിസ് ലെയ്‌വക്കൊപ്പമായിരുന്നു കാസ്‌ട്രോ ചടങ്ങില്‍ പങ്കെടുത്തത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വെനിസ്വേല ക്യൂബയുടെ ഏറ്റവും അടുത്ത പങ്കാളിയായി മാറിയിരുന്നു. വെനിസ്വേലയുടെ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഉറ്റചങ്ങാതിയായി അറിയപ്പെടുന്നയാളാണ് കാസ്‌ട്രോ. ഈ ബന്ധം കാരണം തന്നെ ക്യൂബയ്ക്ക് കുറഞ്ഞ വിലയില്‍ എണ്ണയും ലഭിച്ചിരുന്നു. പകരമായി ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും അധ്യാപകരുടെയും സേവനം വെനിസ്വേലയും പ്രയോജനപ്പെടുത്തിയിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് 2006ലാണ് കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞത്. 2008ല്‍ വിരമിക്കല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അധികാരം സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് കൈമാറുകയും ചെയ്തു.