മത്സ്യ വിപണി കുത്തകകളുടെ കൈകളിലേക്ക്

Posted on: April 6, 2015 10:00 am | Last updated: April 6, 2015 at 10:00 am

kerala-fishപാലക്കാട്: സംസ്ഥാനത്തെ മത്സ്യ വിപണി കുത്തകകളുടെ കൈകളിലേക്ക്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന മത്സ്യ സമൃദ്ധി പോലുള്ള പദ്ധതികളാണ് സ്വകാര്യ കുത്തകള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇത്തരം പ്രവര്‍ത്തികള്‍ ഇ ടെണ്ടര്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടങ്ങി. ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അക്വകള്‍ച്ചറാ(അഡാക്)ണ് ഇ ടെണ്ടറുമായി മുന്നോട്ട് പോകുന്നതിന് രംഗത്തെത്തിയിട്ടുണ്ട്. കുളങ്ങളിലേയും ഇതര ജല സംഭരണികളിലേയും ശുദ്ധജല മത്സ്യ കൃഷി, പാടശേഖരങ്ങളിലേയും കോള്‍പാടങ്ങളിലേയും മത്സ്യ, ചെമ്മീന്‍ കൃഷി, സംയോജിത മത്സ്യകൃഷി, പൊക്കാളി, കൈപ്പാട് നിലങ്ങളിലേയും സ്വകാര്യ കുളങ്ങളിലേയും ചെമ്മീന്‍, കരിമീന്‍ കൃഷി, കരിമീന്‍ വിത്തു പരിപാലന, വില്‍പ്പന യൂനിറ്റുകള്‍, കുളങ്ങള്‍, കൂടുകള്‍ എന്നിവിടങ്ങളിലെ കരിമീന്‍ കൃഷി, ഞണ്ട്, കല്ലുമ്മക്കായ കൃഷി, അടുക്കള കുളങ്ങളിലെ മീന്‍ വളര്‍ത്തല്‍, മത്സ്യവിത്ത് വിതരണ യൂനിറ്റുകള്‍ എന്നിവ പദ്ധതിയിലൂടെ നടപ്പിലാക്കുന്നുണ്ട്.
ഇടെന്‍ഡര്‍ വരുന്നതോടെ ഇതിനെല്ലാം ഒറ്റ ഏജന്‍സി മാത്രമായി ചുരുങ്ങും. 25 ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ ടെന്‍ഡറും ഇടെന്‍ഡറാക്കണം എന്ന കാരണം പറഞ്ഞാണ് പുതിയ രീതി നടപ്പാക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് പാന്‍കാര്‍ഡ്, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എന്നിവയുണ്ടാകണം. ടെണ്ടര്‍ അപേക്ഷാഫോമിന്റെ വിലയായി 28,000 രൂപയും ഇ എം ഡി രണ്ടു ലക്ഷം രൂപയും വേണം. ടെന്‍ഡറില്‍ കിട്ടുന്ന കാര്‍ഷിക അടങ്കലിന്റെ (8.33 കോടി രൂപയുടെ) അഞ്ച് ശതമാനം 40 ലക്ഷം രൂപയിലധികം കെട്ടിവെക്കണം. ഇത്രയും വലിയ സംഖ്യ ചെറുകിട കര്‍ഷകര്‍ക്കോ കര്‍ഷകകൂട്ടായ്മക്കോ കെട്ടിവെക്കാന്‍ സാധ്യമാവില്ല. ഈ പദ്ധതി ആന്ധ്ര, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള വന്‍കിട മത്സ്യക്കുഞ്ഞ് ഉത്പാദകര്‍ക്കാവും ഗുണം ലഭിക്കുക. കേരളത്തില്‍ 13 കോടി മത്സ്യക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്യുന്നു.
2012 മുതല്‍ 2015 വരെ 192.17 കോടി രൂപയാണ് വിനിയോഗിച്ചത്. ഇതില്‍ നാഷനല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ഷെയര്‍ 18. 42 കോടി, ആര്‍ കെ വി വൈ വിഹിതം 7.75 കോടി, സി എസ് എസ് വിഹിതം 11.25 കോടി, സംസ്ഥാന വിഹിതം 15.89 കോടി, സബ്‌സിഡി 53.31 കോടി രൂപയുമാണ്. 451.50 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കുന്നത്. കുളങ്ങളിലേയും ടാങ്കുകളിലേയും ശുദ്ധജല മത്സ്യകൃഷിക്ക് മാത്രം സംസ്ഥാനത്ത് 16,500 യൂനിറ്റുകളുണ്ട്. ഒരു യൂനിറ്റിന് 50,000 രൂപയാണ് ചെലവ്. 8,250ലക്ഷം രൂപയാണ് മൊത്തം യൂനിറ്റുകള്‍ക്ക് ചിലവ്. സബ്‌സിഡിയായി ഒരു യൂനിറ്റിന് 10,000 രൂപ ലഭിക്കും. മൊത്തം 1,650 ലക്ഷം രൂപയാണ് സബ്‌സിഡിതുക. ഇതു മുഴുവന്‍ കുത്തകള്‍ക്ക് ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് ആര്‍ കെ വി വൈയില്‍ സബ്‌സിഡി നല്‍കാന്‍ 3479.05 ലക്ഷം, സംസ്ഥാന വിഹിതം 1016.25 ലക്ഷം, സി എസ് എസ് (എഫ്എഫ്ഡിഎ) വിഹിതം 1034.50 ലക്ഷം അടക്കം 5529. 80 ലക്ഷം രൂപയാണുള്ളത്. ഇ ടെണ്ടര്‍ പദ്ധതി വരുന്നതോടെ ആനുകൂല്യങ്ങള്‍ മുഴുവന്‍ കുത്തകകള്‍ കൈയടക്കുകമാത്രമല്ല സംസ്ഥാനത്ത് നല്ല നിലയില്‍ നടക്കുന്ന വിവിധ പദ്ധതികളും വിസ്മൃതിയിലാകും.