കിരീടം നിലനിര്‍ത്താന്‍ കൊല്‍ക്കത്ത

Posted on: April 6, 2015 9:50 am | Last updated: April 6, 2015 at 9:50 am

84 copyഷാരൂഖ് ഖാന്‍ എന്ന ടീമുടമ, ഗൗതം ഗംഭീര്‍ എന്ന കരുത്തുറ്റ നായകന്‍, രണ്ട് തവണ കിരീടം നേടിയ ടീം.. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ പി എല്ലിലെ ആരാധകരുടെ ഇഷ്ട ടീം ആകുന്നതിന് കാരണം വേറൊന്നുമല്ല. ആദ്യ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന് ശേഷം കൊല്‍ക്കത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ലീഗില്‍ കാഴ്ചവെച്ചത്.
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്താണ് കൊല്‍ക്കത്ത കിരീടം ചൂടിയത്. ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് കൊല്‍ക്കത്തക്ക് മുന്നില്‍. ഗൗതം ഗംഭീര്‍ എന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ നായകനായതോടെയാണ് കൊല്‍ക്കത്തയുടെ ശുക്രദശ തെളിഞ്ഞത്. മുന്നില്‍ നിന്ന് നയിക്കുന്ന നായകന് പിന്നില്‍ കരുത്തുറ്റ ഒരു പറ്റം കളിക്കാര്‍ അണിനിരക്കുന്നു. വെടിക്കെട്ട് വീരന്മാരായ യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, മനീഷ് പാണ്ഡെ, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഫോമിലേക്കെത്തിയാല്‍ പിന്നെ ബൗളര്‍മാര്‍ വെള്ളംകുടിക്കുമെന്നുറപ്പ്. കെ സി കരിയപ്പയെന്ന സ്പിന്നറെയാണ് ഇത്തവണ ആരാധകര്‍ ഉറ്റുനോക്കുന്നത്. കളത്തില്‍ അത്ര പരിചയമില്ലാത്ത കരിയപ്പയെ 2.40 കോടി രൂപക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. സ്പിന്‍ ബൗളിംഗില്‍ മായാജാലം കാട്ടുന്ന വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരൈയ്ന്‍ കളിക്കുമെന്നത് കൊല്‍ക്കത്തയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമായ ഉമേഷ് യാദവാണ് കൊല്‍ക്കത്തയുടെ ബൗളിംഗ് നിരയെ നയിക്കുക. സ്‌ക്വാഡ്: ഗൗതം ഗംഭീര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, മോര്‍ണെ മോര്‍ക്കല്‍, പാട്രിച്ച് കുമ്മിന്‍സ്, പിയൂഷ് ചാവ്‌ല, റോബിന്‍ ഉത്തപ്പ (വിക്കറ്റ് കീപ്പര്‍), ഷാകിബ് അല്‍ ഹസന്‍, സുനില്‍ നരൈയ്ന്‍, ഉമേഷ് യാദവ്, വീര്‍ പ്രതാപ് സിംഗ്, യൂസുഫ് പത്താന്‍, ജെയിംസ് നീഷം, ബ്രാഡ് ഹോഗ്, അദിത്യ ഗര്‍ഹ്‌വാള്‍, സുമിത് നര്‍വാള്‍, കെ സി കരിയപ്പ, വൈഭവ് റവാല്‍, ഷെല്‍ഡന്‍ ജാക്‌സണ്‍.