Connect with us

Sports

യുവിയുടെ ചിറകില്‍ കുതിപ്പിനൊരുങ്ങി ഡല്‍ഹി

Published

|

Last Updated

2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയികളാക്കിയ കോച്ച് ഗാരി കേസ്റ്റണും ആ ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗും ഏറ്റവും വിക്കറ്റുകള്‍ വീഴ്ത്തിയ സഹീര്‍ ഖാനും ഒരുമിക്കുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇത്തവണ ഐ പി എല്ലിലെ ഫേവിറേറ്റുകളാകാനുള്ള തയ്യാറെടുപ്പിലാണ്. 2008, 2009ലെ ആദ്യ രണ്ട് സീസണുകളില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത് മാത്രമാണ് ഐ പി എല്ലില്‍ ഡല്‍ഹിയുടെ നല്ല ഓര്‍മകള്‍. എന്നാല്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഡല്‍ഹിയുടെ പ്രകടനം ദയനീയമായിരുന്നു. മുപ്പത് മത്സരങ്ങളില്‍ നിന്ന് വെറും അഞ്ച് ജയങ്ങള്‍ മാത്രം.
16 കോടിയെന്ന റെക്കോര്‍ഡ് തുകക്ക് യുവരാജിനെയും നാല് കോടിക്ക് സഹീറിനെയും സ്വന്തമാക്കി പുതിയൊരു കുതിപ്പിനൊരുങ്ങുകയാണ് ഡല്‍ഹി. യുവരാജിനും സഹീര്‍ ഖാനും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇത്തവണത്തെ സീസണ്‍. കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ താരമായ സഹീര്‍ പരുക്കേറ്റ് ടൂര്‍ണമെന്റ് മുഴുമിപ്പിക്കാതെ പിന്‍വാങ്ങിയിരുന്നു. നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ സഹീര്‍ നന്നായി വിയര്‍ക്കേണ്ടിവരും. ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസും ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്. ഈ മാസം ഒമ്പതിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി നടക്കുന്ന ആദ്യ മത്സരത്തില്‍ മാത്യൂസ് കളിക്കില്ല.
ഇത്തവണ ദക്ഷിണാഫ്രിക്കയുടെ ആള്‍റൗണ്ടര്‍ ജീന്‍ പോള്‍ ഡുമിനിയുടെ കീഴിലാണ് ഡല്‍ഹി കളത്തിലിറങ്ങുന്നത്. കെവിന്‍ പീറ്റേഴ്‌സണായിരുന്നു കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ ക്യാപ്റ്റന്‍. ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഡുമിനി ഹാട്രിക് നേട്ടം കൊയ്തിരുന്നു. ഗാരി കേസ്റ്റണ്‍ എന്ന കോച്ചാണ് ടീമിന്റെ പ്ലസ് പോയിന്റ്. ഒരു പറ്റം ദക്ഷിണാഫ്രിക്കന്‍ കളിക്കാരുമായാണ് ഇത്തവണ ഡല്‍ഹി എത്തുന്നത്. ഡുമിനിയെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ ക്വിന്‍ടന്‍ ഡി കോക്ക്, സ്പിന്നര്‍ ഇംമ്രാന്‍ താഹിര്‍, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ കേസ്റ്റണിന് തുണയേകും. ഈ ലോകകപ്പ് സെമിയില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കക്ക് പരിശീലനം നല്‍കാന്‍ കേസ്റ്റണും എത്തിയിരുന്നു. മാത്രമല്ല മുന്‍ ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ യുവരാജിനെയും സഹീറിനെയും മുഹമ്മദ് ഷാമിയെയും കളത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് കേസ്റ്റണ് നന്നായി അറിയാം. സഹീറും ഷാമിയും ബൗളിംഗ് നിരയെ നയിക്കും.
സ്‌ക്വാഡ്: ജെ പി ഡുമിനി (ക്യാപ്റ്റന്‍), ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, മനോജ് തിവാരി, മുഹമ്മദ് ഷാമി, നതാന്‍ കോല്‍ടര്‍ നില്‍, സൗരഭ് തിവാരി, ശഹ്ബാസ് നദീം, മായങ്ക് അഗര്‍വാള്‍, ഇംമ്രാന്‍ താഹിര്‍, ജയന്ത് യാദവ്, ഏയ്ഞ്ചലോ മാത്യൂസ്, യുവരാജ് സിംഗ്, അമിത് മിശ്ര, ജയ്‌ദേവ് ഉനദ്കട്, ഗൗരീന്ദര്‍ സന്ദു, ശ്രേയസ് അയ്യര്‍, സി എം ഗൗതം, ഡോംമ്‌നിക് മുത്തുസ്വാമി, ട്രാവിസ് ഹെഡ്, കെ എസ് ഭരത്, ആല്‍ബി മോര്‍ക്കല്‍, മാര്‍ക്വിസ് സ്റ്റോയ്‌നിസ്, സഹീര്‍ ഖാന്‍, കെ കെ ജയിസ്.

Latest