രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

Posted on: April 6, 2015 6:16 am | Last updated: April 5, 2015 at 11:19 pm

delhi security

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സാംബാ സൈനിക ക്യാമ്പില്‍ നടന്ന ആക്രമണത്തിന്റെ മാതൃകയില്‍ രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇതിന്റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ജയ്‌ഷെ മുഹമ്മദ് സംഘടനയാണ് ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് സുരക്ഷാ ഏജന്‍സികള്‍ ഡല്‍ഹി പോലീസിന് മുന്നറിയിപ്പ് നല്‍കി. പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
മാര്‍ച്ച് 21നാണ് സാംബയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണം നടത്തിയ രണ്ട് പേരെ സൈനികര്‍ കൊലപ്പെടുത്തിയിരുന്നു. മാര്‍ച്ച് 20ന് ജമ്മുവിലെ കത്വയിലെ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു.