Connect with us

National

ജാട്ട്: തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജാട്ട് വിഭാഗത്തെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ജാട്ട് വിഭാഗത്തെ ജോലി സംവരണത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശത്തിനും ഒ ബി സി സംവരണത്തിന് പരിഗണിക്കുന്ന ബില്ല് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആര്‍ക്കൊക്കെ ഒ ബി സി സംവരണം നല്‍കണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാറാണെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

ഈ വിഷയത്തില്‍ മുന്‍ യു പി എ സര്‍ക്കാര്‍ കൊണ്ടു വന്ന ബില്ലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് എന്‍ ഡി എ സര്‍ ക്കാര്‍ ചെയ്തിരിക്കുന്നത്. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ (എന്‍ സി ബി സി)അഭിപ്രായം പരിഗണിക്കാതിരിക്കുക വഴി പരമോന്നത കോടതി തെറ്റായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് മനീന്ദര്‍ സിംഗ് വാദിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(4) പ്രകാരമാണ് സംവരണം ഏര്‍പ്പെടുത്താനുള്ള അവകാശം കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമാകുന്നത്. എന്‍ സി ബി സി ആക്ടിന്റെ പരിധിയില്‍ നിന്നു കൊണ്ടാണ് ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ജാട്ട് സംവരണം റദ്ദാക്കിയ നടപടിക്കെതിരെ റിവ്യൂ ഹരജി നല്‍കണമെന്നാവശ്യപ്പെട്ട് ജാട്ട് പ്രതിനിധി സംഘം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. ജാതി മാത്രമല്ല സംവരണത്തിന്റെ അടിസ്ഥാനമെന്നായിരുന്നു ജാട്ട് സംവരണം റദ്ദാക്കിയ വിധിയില്‍ പരമോന്നത കോടതി ബഞ്ച് വ്യക്തമാക്കിയത്. മാത്രമല്ല, ജാട്ട് പോലെ പ്രബലരായ വിഭാഗങ്ങളെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ദുര്‍ബല വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുമെന്നും ബഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Latest