Connect with us

Articles

ആഹാരത്തിന്റെ രാഷ്ട്രീയവും ബീഫ് മേളകളും

Published

|

Last Updated

ഫ്രഞ്ചു വിപ്ലവത്തിന്റെ മൂര്‍ധന്യഘട്ടത്തില്‍ ലൂയി പതിനാലാമന്റെ കൊട്ടാരത്തിലെ ഒരു രാജകുമാരി പരിചാരികമാരോട് ചോദിച്ചു. ജനങ്ങളെന്തിനാ ഇങ്ങനെ തെരുവില്‍ ബഹളം കൂട്ടുന്നത്? അവര്‍ക്കു റൊട്ടി കിട്ടാത്തതാണ് കാരണമെന്നു ഒരു പരിചാരിക പറഞ്ഞു. റൊട്ടിയില്ലെങ്കില്‍ കേക്കുതിന്നുകൂടെ എന്നായി രാജകുമാരിയുടെ സംശയം. ഏതാണ്ടിതുപോലെയാണ് നമ്മുടെ നാട്ടിലെ മാംസാഹാര വിരോധികളുടെ ചില അഭിപ്രായ പ്രകടനങ്ങള്‍. മാംസത്തിനു പകരം പശുവിന്റെയും എരുമയുടെയും പാലു കാച്ചിക്കുറുക്കി അതിലെ ജലാംശം നീക്കം ചെയ്ത് പനീര്‍ പോലുള്ള ക്ഷീരപദാര്‍ഥങ്ങള്‍ കഴിച്ച് പോഷകപൂര്‍ത്തി വരുത്തുന്ന വടക്കേ ഇന്ത്യന്‍ ബ്രാഹ്മണര്‍ക്കു പശുമാംസം എന്നുകേട്ടാല്‍ ഓക്കാനം വരും. ചിലവു കുറഞ്ഞ പോഷകാഹാരം എന്ന നിലയില്‍ ഇന്ത്യയിലെ ദരിദ്രലക്ഷങ്ങള്‍ക്ക് അപൂര്‍വമായിട്ടെങ്കിലും ലഭിക്കുന്ന ഒരു ഭക്ഷ്യവിഭവമാണ് ബീഫ്. അവരോടാണ് സസ്യാഹാര ശ്രേഷ്ഠതയെക്കുറിച്ച് ഇവിടെ ചിലരൊക്കെ ഗീര്‍വാണം മുഴക്കുന്നത്.
ഗോവധ നിരോധമെന്ന വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു തോളേലിടുന്നവര്‍ പരീക്ഷിക്കുന്നത് ഹിന്ദുത്വ സെന്റെിമാന്റെകള്‍ ആവുന്നത്ര ഉയര്‍ത്തിവിട്ട് ആ ജീവനാന്തം കന്നുകാലി ക്ലാസില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരസഞ്ചയത്തെ കുറേ കാലമെങ്കിലും ഒപ്പം നിര്‍ത്താന്‍ കഴിയുമോ എന്നാണ്. ആഹാരം അതേതായാലും ഒരു ശീലം ആണ്. ശൈശവം മുതല്‍ വിശപ്പുമാറ്റാന്‍ കഴിച്ചുതുടങ്ങുന്ന സുലഭവസ്തു ഏതോ അതിന്റെ അതിന്റെ രുചിയും ഗന്ധവുമായി നമ്മുടെ ശരീരം ഇണങ്ങിച്ചേരുന്നു. ക്രമേണ അത് നമ്മുടെ സ്വഭാവമായി മാറുന്നു. ലോകത്തെവിടെ ഏതുജനതയെ എടുത്തു പരിശോധിച്ചാലും ആഹാര കാര്യത്തില്‍ ഇതാണ് സംഭവിച്ചിരിക്കുന്നതെന്നു കാണാം.
ഭക്ഷണവും മനുഷ്യരുടെ തൊഴിലുമായി വളരെ അടുത്ത ബന്ധം കാണാം. ആഹാര സമ്പാദനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രാകൃത മനുഷ്യന്‍ പഴങ്ങളും കിഴങ്ങുകളും ആയിരിക്കണം വിശപ്പടക്കാന്‍ കഴിച്ചുശീലിച്ചത്. പ്രാകൃതമായ മറ്റൊരു ഭക്ഷ്യ സമ്പ്രദായത്തിലേക്ക് ചുവടുമാറ്റിയത് നായാട്ടു (ഔിശേിഴ) ഒരു ജോലിയായി സ്വീകരിച്ചതോടെ ആയിരിക്കണം. ആദ്യത്തെ വേട്ടയാടല്‍ ശത്രുമൃഗങ്ങളില്‍ നിന്നുള്ള പ്രതിരോധം തീര്‍ക്കലായിരുന്നു. അടുത്ത ഘട്ടത്തില്‍ എയ്തുവീഴ്ത്തിയ മൃഗത്തിന്റെ ഇറച്ചിയും തോലും എല്ലും എല്ലാം തനിക്കു പ്രയോജനപ്പെടുന്നതായി മനുഷ്യന്‍ മനസ്സിലാക്കി. അതോടെ വസ്ത്ര നിര്‍മാണവും പാര്‍പ്പിട നില്‍മാണവും പോലുള്ള സംസ്‌കാരത്തിന്റെ പ്രാഥമിക പടവുകളെ മനുഷ്യന്‍ പിന്നിടുകയായിരുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നു ബഹിഷ്‌കൃതരായ ആദാമിനും ഹവ്വായ്ക്കും യഹോവയായ ദൈവം തന്നെ മൃഗത്തിന്റെ തോലുകൊണ്ടുള്ള വസ്ത്രം ഉണ്ടാക്കി അവരെ ധരിപ്പിച്ചു എന്നാണ് ബൈബിള്‍ പറയുന്നത്. (ഉല്പ : 3:21) കൊന്നാല്‍ പാപം തിന്നാല്‍ തീരും എന്ന തത്വം ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു.
മനുഷ്യര്‍ ജന്മനാ സസ്യാഹാരികളാണെന്നും മാംസാഹാരം പിന്നീട് ശീലിച്ച കൃത്രിമാഹാര രീതിയാണെന്നുമാണ് ലോകമെങ്ങുമുള്ള സസ്യാഹാരികള്‍ പ്രചരിപ്പിക്കുന്നത്. ഇതു ശരിയാണെന്നുതോന്നുന്നില്ല. മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു മിശ്രബുക്കാണ് (ഛാിശ്ീൃീൗ)െ. കാട്ടുമനുഷ്യനെ നാട്ടുമനുഷ്യനാക്കി മാറ്റിയത് അവന്‍ വേട്ടയാടല്‍ നിര്‍ത്തി ഇടയവൃത്തി ജീവിതമാര്‍ഗമായി സ്വീകരിച്ചതോടെയാണ്. ഇവിടം മുതല്‍ മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരായി മൃഗങ്ങള്‍ മാറുന്നതുകാണാം. മനുഷ്യനെപ്പോലെ തന്നെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒക്കെ ആഗ്രഹിക്കുന്ന മറ്റുജന്തുക്കള്‍ ഈ ഭൂമിയില്‍ വേറെയും ഉണ്ടെന്നത് പ്രകൃതി മനുഷ്യനു പകര്‍ന്നുനല്‍കിയ ആദ്യത്തെ പാഠമാണ്. നദീതടങ്ങളിലാണല്ലോ സംസ്‌കാരങ്ങള്‍ പൂത്തുലഞ്ഞത്. മത്സ്യബന്ധനം ആദ്യം ഒരു വിനോദമായി തുടങ്ങുകയും പിന്നീടത് ഒരു തൊഴിലായി മാറുകയും ചെയ്യുന്നു. ആഹാരപദാര്‍ഥം എന്ന നിലയില്‍ മത്സ്യങ്ങള്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഈ ഭൂമിയില്‍ അതിജീവിക്കണമെങ്കില്‍ മണ്ണും ജലവും മാത്രം പോര മണ്ണില്‍ വളരുന്ന ചെടികളും മരങ്ങളും കൂടിയേ കഴിയൂ എന്ന രണ്ടാമത്തെ തിരിച്ചറിവില്‍ നിന്നാണ് കൃഷി (അഴൃശരൗഹൗേൃല) എന്ന മഹത്തായ തൊഴില്‍ ഉരുത്തിരുഞ്ഞുവരുന്നത്. എല്ലാ കള്‍ച്ചറിന്റെയും ഗര്‍ഭഗൃഹമായി അഗ്രികള്‍ച്ചര്‍ മാറി. ഇതോടെ ആയിരിക്കണം ആഹാര കാര്യങ്ങളില്‍ ചില ചിട്ടകളും ക്രമീകരണങ്ങളും ഒക്കെയുണ്ടാകുന്നത്. ദേശ, കാല, ഭേദങ്ങള്‍ക്കനുസൃതമായുള്ള രുചിഭേദങ്ങള്‍ ആഹാരവിഷയത്തിലെ ഒരു മാനദണ്ഡമായി അംഗീകരിക്കപ്പെട്ടു. എന്തൊക്കെ തിന്നാം എന്തൊക്കെ തിന്നുക്കൂടാ എന്നൊക്കെയുള്ള അന്വേഷണങ്ങളും തീറ്റിയുടെ അനന്തര ഫലങ്ങളെക്കുറിച്ചുള്ള ഉപരി അന്വേഷണങ്ങളും വളര്‍ന്നു.
ഇത്തരമൊരു സന്നിഗ്ദ ഘട്ടത്തിലായിരിക്കണം ഈ വക കാര്യങ്ങളില്‍ ചില പുരോഹിത മധ്യസ്ഥന്മാരെ ഇതിനായി ആശ്രയിക്കേണ്ടിവന്നത്. “അയവിറക്കുന്നതും കുളമ്പു പിളര്‍ന്നതുമായ മൃഗങ്ങളെ അറുത്തുഭക്ഷിക്കാം. ചെതുമ്പലുള്ള മത്സ്യങ്ങളെ ഭക്ഷിക്കാം.”- മോശയുടെ ന്യായപ്രമാണ ഗ്രന്ഥങ്ങളില്‍ ഇങ്ങനെ തിന്നാവുന്നതും തിന്നുകൂടാത്തതുമായ മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും വേര്‍തിരിച്ചുള്ള പട്ടിക സ്ഥാനം പിടിക്കുന്നു.
മധ്യേഷ്യയില്‍ നിന്നും കുടിയേറ്റക്കാരായി ഇന്ത്യയിലെത്തിയ ആര്യന്മാര്‍ ഇടയവൃത്തിയും കാര്‍ഷികവൃത്തിയും സമ്മിശ്രമായി പിന്തുടരുന്ന ഒരു ജനവിഭാഗമായിരുന്നു. ഇവിടുത്തെ തദ്ദേശീയ ജനവിഭാഗമായ ദ്രാവിഡരെക്കാളധികം മാംസാഹാരം ശീലിച്ചിരുന്നത് ഇവരായിരുന്നു എന്ന് ഋഗ്വേദവും മനുസ്മൃതിയും മറ്റു പുരാണേതിഹാസകൃതികളും സമൃദ്ധമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഏകദേശം ബി സി 2000ത്തോടടുത്ത് ഇവിടെ കുടിയേറിവന്ന ആര്യന്മാരുടെ ജീവിത സംസ്‌കൃതി തദ്ദേശീയരായ ഹൈന്ദവരുടേതിനെക്കാള്‍ താണ നിലയിലുള്ള ഒരു സാംസ്‌കാരിക സാമൂഹിക വ്യവസ്ഥയാണ് പുലര്‍ത്തിയിരുന്നതെന്നു ഇതിനകം ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. വേദങ്ങള്‍, ഉപനിഷത്തുകള്‍, ശ്രുതികള്‍, സ്മൃതികള്‍, ഇതിഹാസങ്ങള്‍ ഇവയെല്ലാം പരിശോധിച്ചാല്‍ ആര്യന്മാര്‍ക്ക് ഗോ മാംസം ഉള്‍പ്പടെയുള്ള എല്ലാത്തരം മാംസാഹാരങ്ങളും പഥ്യമായിരുന്നു എന്നുകാണാം. ആ നിലക്ക് ഇപ്പോള്‍ എവിടെ നിന്നു വന്നു ആര്യന്‍ സംസ്‌കൃതിക്ക് മേല്‍കൈയുള്ള ഹിന്ദു ചാതുര്‍വര്‍ണ വ്യവസ്ഥയുടെ അപ്പോസ്ഥലന്മാര്‍ക്കീ ഗോ മാംസ വിരോധം?
ഈ ചോദ്യത്തിനുത്തരം തേടിച്ചെല്ലുമ്പേഴാണ് തികഞ്ഞ മതസ്പര്‍ദയുടെയും ന്യൂനപക്ഷവിവേചനത്തിന്റെയും ഹിന്ദുത്വ അജന്‍ഡ പുറത്തുചാടുന്നത്. ക്രിസ്ത്യാനികളും മുസ്‌ലിംകളും സ്ഥിരമായിട്ടോ വല്ലപ്പോഴുമൊക്കെയോ കാള, പോത്ത്, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ മാംസം ഭക്ഷിച്ചുശീലിച്ചവരാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പാകത്തിലാണ് ജന്തുവര്‍ഗങ്ങളുടെ ഭക്ഷണസ്വഭാവം. വ്യത്യസ്ത സ്പീഷിസുകള്‍ക്ക് ഒരേ സമയം ഇവിടെ നിലനിന്നേ മതിയാകൂ. ഏതെങ്കിലും ഒന്നിന്റെ എണ്ണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പ്രകൃതിയുടെ താളലയങ്ങളെ ആകെ തകിടം മറിക്കും. ഉദാഹരണത്തിന് മാംസബുക്കുകളായ കടുവ, സിംഹം തുടങ്ങിയവയുടെ എണ്ണം തീരെ കുറയുകയും ആന, മാന്‍, ആട്, തുടങ്ങിയ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുകയും ചെയ്താല്‍ കാട്ടിലെ മാത്രമല്ല നാട്ടിലെയും പച്ചപ്പുകള്‍ തീര്‍ത്തും ഇല്ലാതാകും. വൃക്ഷലദാതികളുടെ ശത്രുക്കളായ മാന്‍ വര്‍ഗത്തില്‍പ്പെട്ട ജീവികളുടെ കൊമ്പുകള്‍ അവര്‍ക്കു തന്നെ അപകടകരമായ തരത്തില്‍ മരത്തിന്റെ ശിഖിരങ്ങള്‍പ്പോലെ വളഞ്ഞുപുളഞ്ഞു വളരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കടുവയും സിംഹവുമൊക്കെ ഇത്തരം മൃഗങ്ങളെ പിടിക്കാന്‍ ഓടിക്കുമ്പോള്‍ ഈ സസ്യാഹാരികളുടെ കൊമ്പുകള്‍ മരക്കൊമ്പുകളില്‍ കുടുങ്ങി മുന്നോട്ടുള്ള ഓട്ടം അസാധ്യമാകുന്നു. അതോടെ മാംസബുക്കുകളായ മൃഗങ്ങള്‍ക്ക് ഇരപിടുത്തം എളുപ്പമാകുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരോ സ്പീഷിസില്‍പ്പെട്ട ജന്തുവും അതിന്റെ നാശത്തിനുള്ള വിശേഷഗുണങ്ങള്‍ ഒപ്പം കൊണ്ടുനടക്കുന്നു എന്നാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ യുദ്ധനിപുണത തന്നെ ആയിരിക്കും അവന്റെ നാശത്തിനു വഴിയൊരുക്കുന്നതും.
സന്തോഷിച്ചും സഹകരിച്ചും സഹവര്‍ത്തിത്തത്തോടെ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന്‍ ഒരു കാര്യവും ഇല്ലാതെ, അല്ലെങ്കില്‍ വെറുതെ നിസ്സാര കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് സ്വന്തം ശവക്കുഴി സ്വയം വെട്ടുന്നതിന്റെ ദൃഷ്ടാന്തമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഗോവധം നിരോധം, ഗോഡ്‌സേ ആരാധന പോലുള്ള പൊല്ലാപ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് മനുഷ്യരെ മനുഷ്യര്‍ക്കെതിരെ അണിനിരത്തുന്ന ഇപ്പോഴത്തെ ഈ ഏര്‍പ്പാട് ഒട്ടേറെ അപകടസൂചനകള്‍ നല്‍കുന്നു. ഗോവധവും മദ്യനിരോധവും ഒക്കെ ഭരണഘടനാ പ്രകാരം സംസ്ഥാനവിഷയമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അവിടെ ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഈവക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താം. പക്ഷേ, അത്തരം നിയമങ്ങള്‍ എങ്ങനെ നടപ്പില്‍ വരുത്തും എന്നതാണ് പ്രശ്‌നം. നിരോധങ്ങളും വിലക്കുകളും എത്ര ശക്തമാണോ അത്ര ശക്തമായിരിക്കും അതു ലംഘിക്കാനുള്ള പ്രേരണയും. ലക്ഷോപലക്ഷം കന്നുകാലികള്‍ അലഞ്ഞുനടക്കുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ മാട്ടിറച്ചിക്കു വിലക്ക് വന്നതോടെ അവിടുത്തെ ഇരുകാലിമാടുകളുടെ എണ്ണത്തേക്കാള്‍ നാലുമടങ്ങായി നാല്‍ക്കാലിമാടുകളുടെ എണ്ണം വര്‍ധിക്കുന്ന ദിവസം വിദൂരത്തായിരിക്കില്ല.
മൃഗങ്ങളെ ദൈവമായിട്ടോ അമ്മയായിട്ടോ കാണുന്നവര്‍ കാണട്ടെ (ഗോ മാതാ മമ മാതാ) പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും ക്ഷേമം എങ്കില്‍ രാജ്യം മുഴുവന്‍ ക്ഷേമം എന്നുകരുതിയിരുന്ന പഴയ ഭരണാധികാരികളുടെ പുനര്‍ജന്മം ആണോ നമ്മുടെ കാലത്തെ സംഘപരിവാര്‍ രാഷ്ട്രീയക്കാര്‍? അറിഞ്ഞോ അറിയാതെയോ ഇവര്‍ക്കനുകൂലമായ ഒരു ബോധനിര്‍മിതിക്കു കൂട്ടുനില്‍ക്കുകയാണ് നമ്മുടെ നാട്ടിലെ ചില മാധ്യമങ്ങളും യുവജന നേതാക്കളുമൊക്കെ. ഈ കൂട്ടരെ രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഒരുകൂട്ടര്‍ സസ്യാഹാരത്തിന്റെ മാഹാത്മ്യം ഘോഷിച്ചു എഴുതുകയും പ്രസംഗിക്കുകയും ഒക്കെ ചെയ്യുന്നവരാണ്. വേണ്ടിവന്നാല്‍ ഗാന്ധിയെയും ബര്‍ണാഡ്ഷായെയും ഒക്കെ കൂട്ടുപിടിക്കും. വല്ലപ്പോഴും അല്‍പം ഇറച്ചി ഭക്ഷിക്കുന്നവരെ ശവംതീനികള്‍ എന്നാക്ഷേപിക്കാന്‍ ഇവര്‍ക്ക് ഒരു മടിയും ഇല്ല. മാംസാഹാരം തമോഗുണം ഉത്തേജിപ്പിക്കും. സസ്യാഹാരികളെല്ലാം സ്വാത്വികഗുണത്തിന്റെ നിറകുടങ്ങളാണെന്നൊക്കെ ചുമ്മാ അങ്ങുപറഞ്ഞുകളയും. നരഹത്യാവീരനായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ ശുദ്ധ സസ്യാഹാരിയായിരുന്നു. മയക്കു മരുന്നു കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പിടിക്കപ്പെടുന്ന പല സന്യാസിമാരും പാലും പഴവും കഴിച്ചുശീലിച്ചവരായിരുന്നു. മാംസവും മത്സ്യവും ഒക്കെ നിത്യാഹാരത്തിന്റെ ഭാഗമാക്കിയ എത്ര സ്വാത്വിക ഗുണപ്രധാനികളായ മനുഷ്യരെ നമുക്കറിയാം. ആഹാരം മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്ന അത്ര പ്രധാനഘടകം ഒന്നുമല്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുപോലെ ഏതെങ്കിലും ഒരു രോഗം മാംസാഹാരിക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പ്രചരണത്തിനു ശാസ്ത്രീയ തെളിവുകളൊന്നും പിന്തുണ നല്‍കുന്നില്ല. ആ നിലക്ക് എന്തു തിന്നുന്നു, എന്തുടുക്കുന്നു, എന്തു വിശ്വസിക്കുന്നു എന്നൊക്കെ അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം ശത്രുക്കളാക്കി ജനങ്ങളെ മുദ്രകുത്തുന്ന ഏര്‍പ്പാട് അപലപനീയമാണ്.
പൊതുബോധനിര്‍മിതിയിലെ അപകടകരമായ മറ്റൊരു പ്രതികരണമാണ് ചില സംഘടനകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന ബീഫ് ഫെസ്റ്റുകള്‍. ഒരു വിഭാഗം ജനങ്ങളെങ്കിലും പൂജനീയം ആയി കരുതുന്ന മൃഗത്തിന്റെ മാംസം പരസ്യമായി പൊതുസ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനെ ഫെസ്റ്റ് (ഉത്സവം) എന്നല്ല സമരം എന്നാണ് വിളിക്കേണ്ടത്. ഈ പോക്കുപോയാല്‍ മദ്യനിരോധത്തില്‍ പ്രതിഷേധിച്ച് ആരെങ്കിലും പരസ്യമായി മദ്യ വിതരണം നടത്താന്‍ മുന്നോട്ടുവന്നുകൂടായ്കയില്ല. സദാചാരപോലീസിംഗിനോടുള്ള പ്രതിഷേധമായി നടത്തിയ ചുംബന സമരം മേലില്‍ ചുംബനോത്സവമായി എന്നുവരും. ഇപ്പോള്‍ തന്നെ നമുക്ക് ആവശ്യത്തിലധികം ഉത്സവങ്ങളുണ്ട്. അവയ്ക്കുപുറമേ ചുംബനേത്സവം, പോത്തിറച്ചി ഉത്സവം, പായസോത്സവം, ഇങ്ങനെ ഉത്സവങ്ങള്‍ പലവിധമാകുമ്പോള്‍ ഉത്സവങ്ങളുടെ അന്തഃസത്ത നഷ്ടപ്പെടും. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ സസ്യാഹാരികള്‍ക്കും മാംസാഹാരികള്‍ക്കും പ്രത്യേകം മെസ്സ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധിക്കാന്‍ അവിടുത്തെ ഒരു വിഭാഗം ദളിത് വിദ്യാര്‍ഥികളാണ് ആദ്യമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. അതൊരു ചരിത്രമുഹൂര്‍ത്തം ആയിരുന്നു. സ്ഥാനത്തും അസ്ഥാനത്തും അതിന് ആവര്‍ത്തനങ്ങളും അനുകരണങ്ങളും ഉണ്ടാകുന്നത് അപലക്ഷണീയമല്ല. ഇപ്പോള്‍ തന്നെ അനുഭവപ്പെട്ടുതുടങ്ങിയിട്ടുള്ള കാളയെ തീനികളും കാളന്‍കുടിക്കുന്നവരും എന്ന വിഘടനം കൂടുതല്‍ ശക്തമാകുന്നത് അപകടമാണ്. വിഘടനമല്ല സംഘടനയാണ് നമ്മുക്കാവശ്യം. സംഘടന മനുഷ്യനന്മയ്ക്കായിരിക്കണം അതിനു സഹായകമായ ഒരു രാഷ്ട്രീയമല്ല ബീഫ് വിരോധികളും ബീഫ് ഫെസ്റ്റുകാരും ഇന്നു കൈകാര്യം ചെയ്യുന്നത്.

കെ സി വര്‍ഗീസ്- ഫോണ്‍ 9446268581