രണ്ട് വര്‍ഷത്തിന് ശേഷം കണികാ പരീക്ഷണം പുനരാരംഭിച്ചു

Posted on: April 5, 2015 9:45 pm | Last updated: April 6, 2015 at 9:11 am

LHC LARGE

ബേണ്‍: രണ്ട് വര്‍ഷത്തെ പുനര്‍നിര്‍മാണത്തിന് ശേഷം കണികാ പരീക്ഷണം നടക്കുന്ന ലാര്‍ജ് ഹാഡ്രണ്‍ കോളിഡര്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭൗമാന്തര്‍ ടണലിലൂടെ പ്രോട്ടോണ്‍ കടത്തിവിട്ടുള്ള പരീക്ഷണത്തിന് ശാസ്ത്രജ്ഞര്‍ ഇന്ന് വീണ്ടും തുടക്കം കുറിച്ചു. അതേസമയം പരീക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണികകളെ തമ്മില്‍ കൂട്ടിയിടിപ്പിക്കല്‍ പ്രക്രിയ നടക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രപഞ്ചോത്പത്തിയുടെ രഹസ്യം കണ്ടെത്താനെന്ന പേരില്‍ 2008 നവംബറിലാണ് കണികാ പരീക്ഷണത്തിന് തുടക്കമിട്ടത്. ഭീമന്‍ കൊളൈഡറിലൂടെ പ്രകാശവേഗത്തിനടുത്ത് സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ വിപരീത ദിശയില്‍ കടത്തിവിട്ട് ഉന്നത ഊര്‍ജത്തില്‍ കൂട്ടിയിപ്പിക്കുന്നതാണ് പരീക്ഷണം.

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് 2013ലാണ് കണികാ പരിക്ഷണം നിര്‍ത്തിവെച്ചത്. ഇതിന് മുമ്പും രണ്ട് തവണ സാങ്കേതിക പ്രശ്‌നങ്ങളാല്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. പരീക്ഷണം പൂര്‍ത്തിയാകാന്‍ 15 വര്‍ഷത്തോളം എടുക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.