സേവന രംഗത്ത് പുത്തന്‍ ചുവടുകളുമായി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

Posted on: April 5, 2015 1:19 pm | Last updated: April 5, 2015 at 1:19 pm

കോഴിക്കോട്: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ യുവതലമുറക്ക് പരിശീലനവും പങ്കാളിത്തവും നല്‍കുന്നതിലൂടെ സാമൂഹിക സേവന രംഗത്ത് പ്രഫഷനല്‍ സംഘങ്ങളെ വാര്‍ത്തെടുക്കാനുതകുന്ന ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഓരോ വ്യക്തിയിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന സാമൂഹിക പ്രതിബദ്ധത നിറവേറ്റാന്‍ ഔദ്യോഗികത്തിരക്കുകള്‍ക്കിടയില്‍ സാധിക്കാതെ വരികയാണെന്നും അതിനുള്ള സുവര്‍ണാവസരമാണ് രാജ്യത്തെ ആദ്യസംരംഭമായ ഡി സി ഐ പിയിലൂടെ കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക സേവനം ആവശ്യമായ വ്യക്തികളും സ്ഥാപനങ്ങളും ധാരാളമുള്ള നമ്മുടെ നാട്ടില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം വലിയൊരാശ്വാസമാകും. ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നേരിട്ട് മുന്‍കൈയെടുക്കുമ്പോള്‍ സാമൂഹിക നീതി വകുപ്പിന്റെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സഹായകമാകും. വകുപ്പിന്റെ എല്ലാ പിന്തുണയും പദ്ധതിക്കുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും അംഗപരിമിത സൗഹൃദങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ജില്ലാ കലക്ടര്‍ മുന്‍കൈയെടുക്കണമെന്നും അതിന് ആവശ്യമായ ഫണ്ട് വകുപ്പിന്റെ കീഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി സി ഐ പിയുടെ ലോഗോ ജില്ലാ സബ് ജഡ്ജ് ആര്‍ എല്‍ ബൈജുവിന് നല്‍കിക്കൊണ്ട് മന്ത്രി പ്രകാശനം ചെയ്തു. ഡി സി ഐ പി ലോഗോയും വിവരങ്ങളും ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജിലേക്ക് മന്ത്രി പോസ്റ്റ് ചെയ്തു.
പ്രഫഷനല്‍, ബിസിനസ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ അടുത്തറിയാനും അവര്‍ക്ക് സേവനങ്ങളെത്തിക്കുന്നതില്‍ പങ്കാളികളാകാനും അവസരമൊരുക്കുന്നതാണ് പദ്ധതിയെന്ന് ജില്ലാകലക്ടര്‍ എന്‍ പ്രശാന്ത് വിശദീകരിച്ചു. കോര്‍പറേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് നടത്തുന്ന പരിശീലന, സേവന പ്രവര്‍ത്തനങ്ങളിലൂടെ ഈ രംഗത്ത് പ്രഫഷനലുകളെ വാര്‍ത്തെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ എം ഡി ഡോ റോഷന്‍ ബിജ്‌ലി ഡി സി ഐ പിയെക്കുറിച്ച് വിശദീകരിച്ചു.