നീതിന്യായ വ്യവസ്ഥ കുറ്റമറ്റതാക്കണം: പ്രധാനമന്ത്രി

Posted on: April 5, 2015 1:16 pm | Last updated: April 6, 2015 at 9:06 am

modiന്യൂഡല്‍ഹി: നീതിന്യായ വകുപ്പ് ശക്തവും കുറ്റമറ്റതുമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രൈബ്യൂണലുകള്‍ രൂപവത്കരിക്കുന്നത് ഒഴിവാക്കുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍വിധിയോടെയുള്ള വിധി പ്രസ്താവനകള്‍ ഒഴിവാക്കണം. സ്വയം വിലയിരുത്തുന്നതിനുള്ള ആഭ്യന്തര സംവിധാനം നീതിന്യായ വിഭാഗം വികസിപ്പിച്ചെടുക്കണം. പൊതുജനങ്ങള്‍ ന്യായാധിപരെ ദൈവങ്ങളെപ്പോലെയാണ് കാണുന്നതെന്നും അവര്‍ രാഷ്ട്രീയക്കാരെപ്പോലെ വിമര്‍ശ വിധേയമാകുന്നില്ലെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ജഡ്ജിമാരുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിന്യായ വിഭാഗം ശക്തമാകുന്നതോടൊപ്പം തന്നെ അത് പൂര്‍ണമാണെന്ന് ഉറപ്പ് വരുത്താനും സാധിക്കണം. നിയമത്തിനും ഭരണഘടനക്കും അനുസരിച്ച് വിധി പ്രഖ്യാപിക്കുന്നത് എളുപ്പമാണ്. എന്നാല്‍, ജഡ്ജിമാരെ വിവിധ പരിപ്രേക്ഷ്യങ്ങള്‍ സ്വാധീനിക്കുന്നു. ഇത്തരം ധാരണ സൃഷ്ടിക്കുന്നത് ചെറു വിഭാഗങ്ങള്‍ ആയിരിക്കും. ജഡ്ജിമാര്‍ അതില്‍ കുടുങ്ങിപ്പോയാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാകുക.
കുറ്റമറ്റ രീതിയില്‍ നീതിനിര്‍വഹണം നടത്തുമ്പോഴാണ് നീതിന്യായ വ്യവസ്ഥ ശക്തമാകുന്നതെന്നും കോടതിയുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഗൗവരതരമായ വിഷയമാണ്. കോടതികളിലത്തുന്ന കേസുകളില്‍ കൂടുതലും പാവപ്പെട്ടവരുമായി ബന്ധപ്പെട്ടവയല്ല. ജഡ്ജിമാര്‍ തങ്ങളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് സ്വയം പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയക്കാരോ സര്‍ക്കാറോ ഒരു തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിക്കാനും നേര്‍വഴിക്ക് നടത്താനും ജുഡീഷ്യറിയുണ്ട്. എന്നാല്‍, ജുഡീഷ്യറി തന്നെ തെറ്റ് ചെയ്താല്‍ എല്ലാം അവസാനിച്ചു- ചില ജഡ്ജിമാര്‍ക്കെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ മോദി പറഞ്ഞു. രാഷ്ട്രീയ വ്യവസ്ഥ ശുദ്ധീകരിക്കുന്നതിന് ലോക്പാല്‍ പോലുള്ള സംവധാനം രൂപപ്പെടുത്തിയിട്ടുണ്ട്. നീതിന്യായ വിഭാഗത്തിലും ആഭ്യന്തര പരിശോധനാ സംവിധാനം രൂപപ്പെടേണ്ടതുണ്ടെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.