യമനിലെ ആദന്‍ തുറമുഖം പിടിച്ചടക്കാന്‍ ശക്തമായ പോരാട്ടം

Posted on: April 5, 2015 11:41 am | Last updated: April 5, 2015 at 11:42 am

Aden_Port_City_-_Yemen_Arab_Reസന്‍ആ: യമനിലെ ദക്ഷിണ തുറമുഖ നഗരമായ ആദന്‍ പിടിച്ചെടുക്കാനായി പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ അനുകൂല സൈന്യവുമായി വിമതര്‍ ശക്തമായ പോരാട്ടത്തില്‍. തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ അരക്ഷിതാവസ്ഥ തുടരുകയാണ്. ഒമ്പതു ദിവസമായി ഹൂതി വിമതര്‍ക്കെതിരെ സഊദി നയിക്കുന്ന വ്യോമാക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതിന് റഷ്യ മുന്നോട്ട് വെക്കുന്ന സമാധാന നിര്‍ദേശങ്ങള്‍ യു എന്‍ സുരക്ഷാ സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ആക്രമണം ശക്തമാകുന്നത്. ആദനിലെ സംഘട്ടനത്തില്‍ ചുരുങ്ങിയത് പത്ത് ഹൂത്തികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ആദന്‍ നിയന്ത്രിക്കാനായി ഹാദി സൈനികര്‍ക്ക് സഊദി നേതൃത്വം നല്‍കിയിരുന്ന ആയുധ-സൈനിക സഹായങ്ങള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. വ്യോമാക്രമണങ്ങള്‍ മൂലം ഹൂതി വിമതരുടെ സൈനിക ശേഷി പൂര്‍ണമായി നശിപ്പിരിക്കുകയാണ്. ആദനിന്റെ അധികാരം ഹാദീ സൈനികര്‍ പിടിച്ചെടുത്തിരുക്കുന്നുവെന്ന് അറബ് സഖ്യങ്ങളുടെ വക്താവ് അഹ്മദ് അല്‍ അസ്‌രി പറഞ്ഞു.
അതേസമയം ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും മരുന്നുകള്‍ നല്‍കുന്നതിനുമായി ഇരുപക്ഷവും അടിയന്തിരമായി 24 മണിക്കൂര്‍ വെടിനിര്‍ത്തണമെന്ന് റെഡ്‌ക്രോസ് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കാനായില്ലെങ്കില്‍ മരണസംഖ്യ വര്‍ധിക്കുമെന്ന് റെഡ്‌ക്രോസ് മുന്നറിയിപ്പ് നല്‍കി. ആക്രമണത്തില്‍ ഇതുവരെ 160 കുട്ടികളടക്കം 850ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായും 1200ലധികം പേര്‍ക്ക് പരിക്കേറ്റതായും ഫ്രീഡം ഹൗസ് ഫൗണ്ടേഷന്‍ എന്ന മനുഷ്യാവകാശ സംഘടന അറിയിച്ചു.