പീഡനത്തിന് വിധേയരായ 300 മത്സ്യത്തൊഴിലാളികളെ ഇന്തോനേഷ്യ രക്ഷപ്പെടുത്തി

Posted on: April 5, 2015 1:26 am | Last updated: April 5, 2015 at 11:27 am

ജക്കാര്‍ത്ത: അടിമകളെ പോലെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ 300 മത്സ്യബന്ധന തൊഴിലാളികളെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. ബെന്‍ജിന ദ്വീപിലാണ് ഇവര്‍ കഠിനമായ ജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെട്ടിരുന്നതെന്നും തുവാല്‍ ദ്വീപില്‍ ഇവരെ സുരക്ഷിതമായി എത്തിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. മ്യാന്‍മര്‍, കംബോഡിയ തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യക്കടത്തിനെ കുറിച്ച് അസോസിയേറ്റഡ് പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തി രക്ഷിക്കാനായത്. ഇവരെ വ്യാപകമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായും ജയിലുകളില്‍ പാര്‍പ്പിച്ചിരുന്നതായും കണ്ടെത്തി. തൊഴിലാളികളെ ഇലക്ട്രിക് ഷോക്കുകള്‍ക്ക് വരെ വിധേയരാക്കിയിരുന്നെന്ന് ഇന്തോനേഷ്യന്‍ മത്സ്യബന്ധന വകുപ്പ് മന്ത്രി അസേപ് ബുര്‍ഹാനുദ്ദീന്‍ വെളിപ്പെടുത്തി. രോഗികളായാല്‍ പോലും ഇവരെ ജോലിക്ക് നിര്‍ബന്ധിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. റസ്റ്റോറന്റുകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇവരെ ദ്വീപിലെത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.