Connect with us

Kannur

കണ്ണൂരില്‍ ഐ എന്‍ ടി യുസിയില്‍ പൊട്ടിത്തെറി; വിമത വിഭാഗത്തിന് സമാന്തര ജില്ലാ കമ്മിറ്റി

Published

|

Last Updated

കണ്ണൂര്‍: ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി പുന:സംഘടനയെ എതിര്‍ക്കുന്ന വിഭാഗം സമാന്തര ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു. ഇന്നലെ കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന വിമത വിഭാഗം ജില്ലാ കൗണ്‍സില്‍ യോഗമാണ് കമ്മിറ്റി രൂപവത്കരിച്ചത്. പ്രസിഡന്റായി മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം ഒ മാധവനെ തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികളായി പി ശേഖരന്‍, പ്രസന്ന ലോഹിതാക്ഷന്‍, എ പി വിജയന്‍, പി രാജന്‍, ത്രേസ്യാമ്മ മാത്യു (വൈസ് പ്രസിഡന്റ്), പി ടി കുര്യാക്കോസ്, രഘുരാമന്‍ കീഴറ, കെ എം കുഞ്ഞിക്കണ്ണന്‍, എ വി മനോഹരന്‍ (ജന. സെക്രട്ടറിമാര്‍) ടി കെ കുഞ്ഞുമോന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി ശേഖരന്‍ അധ്യക്ഷത വഹിച്ചു. എം ഒ മാധവന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗണ്‍സിലംഗങ്ങളായ നാല്‍പതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തതായും 440 അംഗ കൗണ്‍സിലില്‍ നൂറ്റമ്പതോളം പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു. ഈ മാസം തന്നെ കണ്ണൂരില്‍ വിപുലമായ ജില്ലാ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. രണ്ടായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപവത്കരിച്ചത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയെ അറിയിക്കുമെന്ന് പ്രസിഡന്റ് എം ഒ മാധവന്‍ അറിയിച്ചു. വി വി ശശീന്ദ്രന്‍ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്ത ജില്ലാ കമ്മിറ്റി ഭരണഘടനാ വിരുദ്ധമായാണെന്നാണ് വിമത വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഈ കമ്മിറ്റിയെ അംഗീകരിക്കുകയില്ലെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്. ഐ എന്‍ ടി യു സി അഫിലിയേഷനുള്ള ജില്ലയിലെ രജിസ്‌ട്രേഡ് യൂനിയനുകളില്‍ 44000 തൊഴിലാളികളുണ്ട്. 100 അംഗങ്ങള്‍ക്ക് ഒന്ന് എന്ന രീതിയില്‍ 440 ജില്ലാ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ കൗണ്‍സിലര്‍മാരാണ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ യാതൊരു പ്രവര്‍ത്തന പാരമ്പര്യവും അവകാശപ്പെടാനില്ലാത്തയാളെ ജില്ലാ പ്രസിഡന്റായും അതിന് അനുസരിച്ചുള്ളവരെ ഭാരവാഹികളായും നിയമിച്ചതെന്നും ഇതംഗീകരിക്കാനാവില്ലെന്നുമാണ് വിമത വിഭാഗം പറയുന്നത്. ഏതായാലും ഐ എന്‍ ടി യു സിയിലെ പ്രശ്‌നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുമെന്നാണ് സൂചന.
അതേസമയം, വാര്‍ത്താ സമ്മേളനം നടത്തി അച്ചടക്കലംഘനം നടത്തിയ ഐ എന്‍ ടി യു സി ഭാരവാഹികള്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എം പി പത്മനാഭന്‍, വൈസ് പ്രസിഡന്റ് കെ സി രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഏപ്രില്‍ 15നകം സംസ്ഥാന ചെയര്‍മാന് റിപ്പോര്‍ട്ട് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റി രൂപവത്കരിച്ച ഐഎന്‍ ടി യു സി നേതാക്കള്‍ക്കെതിരേ നടപടിക്കും സാധ്യതയുണ്ട്. 52 ജില്ലാ കമ്മിറ്റി അംഗങ്ങളും 12 ബ്ലോക്ക് പ്രസിഡന്റുമാരും ഉള്‍പ്പെടുന്നതാണ് ഐ എന്‍ ടി യു സി ജില്ലാകമ്മിറ്റി.
പി വി ശശീന്ദ്രനാണ് നിലവിലെ ജില്ലാ പ്രസിഡന്റ്. വി പുരുഷോത്തമന്റെ മരണത്തിനു ശേഷമാണ് ശശീന്ദ്രനെ ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തത്. എന്നാല്‍ നേരത്തെ കെ സുരേന്ദ്രന്‍ ജില്ലാ പ്രസിഡന്റായിരുന്ന കാലത്തെ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്.
ഇതേതുടര്‍ന്നാണ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പുനഃസംഘടന നടത്തിയതെന്നും പുതിയ കമ്മിറ്റി രൂപവത്കരിച്ച എം ഒ മാധവന്‍ കഴിഞ്ഞ എട്ടുമാസമായി ഐ എന്‍ ടി യു സിയുടെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നും ജില്ലാ പ്രസിഡന്റ് പി വി ശശീന്ദ്രന്‍ പറഞ്ഞു.

Latest