Connect with us

Kerala

ആയൂര്‍വേദ ചികിത്സക്ക് വരുന്ന വിദേശികളുടെ എണ്ണം കുറയുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ആയൂര്‍വേദ ചികിത്സ തേടി യെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി സര്‍വേ റിപ്പോര്‍ട്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നിര്‍ദേശ പ്രകാരം നടത്തിയ സര്‍വേ ഫലങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലുള്ള പോരായ്മകളാണ് ഇതിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.

2011ല്‍ സംസ്ഥാനത്തെത്തിയ വിനോദ സഞ്ചാരികളില്‍ 8.85 ശതമാനവും ആയൂര്‍വേദ ചികിത്സ തേടിയിരുന്നു. എന്നാല്‍ അടുത്ത വര്‍ഷങ്ങളിലേത് യഥാക്രമം 6.44 ശതമാനവും 3.92 ശതമാനവുമായി മാറുകയായിരുന്നു. എന്നാല്‍ ആയൂര്‍വേദ ചികിത്സ തിരഞ്ഞെടുക്കുന്ന സ്വദേശികളായ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 2011, 2012 വര്‍ഷങ്ങളില്‍ യഥാക്രമം 1.28ശതമാനവും, 3.19 ശതമാവുമാണ് ഇവരുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്. ഇത് അടുത്ത വര്‍ഷം 2.96 ശതമാനമായി മാറുമെന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആയൂര്‍വേദ മരുന്നുകളില്‍ 65 ശതമാനവും കേരളത്തില്‍ മാത്രമാണ് ലഭ്യമാകുന്നത്. ദേശീയ മെഡിസിനല്‍ പ്ലാന്‍ ബോര്‍ഡും ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റും ആയൂര്‍വേദ മരുന്നുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണാടിസ്ഥാനത്തില്‍ ആയൂര്‍വേദ ചെടികള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള നഴ്‌സറികളാണ് നടത്തിവരുന്നത്.
2009നും 2014നും ഇടയില്‍ 23 മാതൃകാ നഴ്‌സറികളും 38 ചെറിയ നഴ്‌സറികളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഓഡിറ്റ് ടീം സന്ദര്‍ശിച്ച രണ്ട് നഴ്‌സറികളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തന യോഗ്യമെന്ന് കണ്ടെത്തിയിരുന്നു.
സി എ ജി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രശ്‌നം പരമ്പരാഗതമായി ലഭിച്ച ആയൂര്‍വേദക്കൂട്ടുകളുടെ കയ്യെഴുത്ത് വിവരങ്ങള്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല എന്നാണ്.
തിരുവനന്തപുരം ജില്ലയില്‍ സംരക്ഷണത്തിലുള്ള 224 ആയൂര്‍വേദ സംഹിതകളില്‍ 99 എണ്ണം വ്യക്തതയില്ലാത്തതാണ്. ഇവ സൂക്ഷിക്കുന്ന അതോറിറ്റികള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍, മഴ, പ്രാണികളുടെ ആക്രമണം എന്നിവയില്‍ നിന്നും സംരക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്. പൂപ്പല്‍ ബാധയില്‍ നിന്നും ഈ വിവരങ്ങള്‍ സംരക്ഷിക്കുന്നതാനായി യാതൊരു സംവിധാനങ്ങളോ പരിശോധനയോ നടക്കുന്നില്ല.
ജീവനക്കാര്‍ക്കും ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നല്‍കുന്നില്ല. ഇതെല്ലാം ആയൂര്‍വേദ ചികിത്സക്ക് പ്രാധാന്യം നല്‍കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.
സാമൂഹിക നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗം, ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണം എന്നിവയിലൂടെ സംസ്ഥാന ടൂറിസം മേഖലക്ക് നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആയൂര്‍വേദ മേഖലയിലെ അലംഭാവം ടൂറിസം മേഖലയില്‍ നിന്നും ആയൂര്‍വേദത്തിന് കൈക്കലാക്കാവുന്ന നേട്ടങ്ങളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.

Latest