വയനാട്ടില്‍ കൃഷിയില്‍ നഷ്ടം മാത്രം; കര്‍ഷകര്‍ കര്‍ണാടകയിലേക്ക്

Posted on: April 4, 2015 11:38 am | Last updated: April 4, 2015 at 11:38 am

കല്‍പ്പറ്റ: ജില്ലയില്‍ കൃഷിചെയ്ത് നേട്ടം കൈവരിക്കാനാവില്ലെന്ന് വന്നതോടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലേക്ക് കൃഷിയിടം മാറ്റുന്ന കര്‍ഷകരുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുന്നു.
ഒരുകാലത്ത് വയനാടിന്റെ സാമ്പത്തിക നിലയെ ഭദ്രമാക്കി സംരക്ഷിച്ചിരുന്ന കാര്‍ഷിക മേഖലപാടെ തകര്‍ന്നതോടെ ജില്ലയുടെ പൊതുസമ്പദ് വ്യവസ്ഥയും തകര്‍ന്നതാണ് കര്‍ഷകരുടെ ഈ ചേക്കേറ്റത്തിന് കാരണമാകുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മുമ്പ് ഇഞ്ചികൃഷിക്കായാണ് കര്‍ണാടകത്തിലേക്ക് കര്‍ഷകര്‍ ചേക്കേറിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ നെല്ല്, വാഴ, കപ്പ, പച്ചക്കറി തുടങ്ങിയവയെല്ലാം കൃഷിചെയ്യാന്‍ കര്‍ണാടകത്തില്‍ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ഷകരെന്ന് കര്‍ഷകസംഘടന നേതാക്കള്‍ പറഞ്ഞു. നെല്ല്, കാപ്പി, കുരുമുളക്, വാഴ തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളെല്ലാം വിലത്തകര്‍ച്ച നേരിടുകയാണ്. കാലവര്‍ഷക്കെടുതി, വന്യമൃഗശല്യം, കുരങ്ങുപനി, കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കിലെ വര്‍ധന, ജപ്തി നടപടികള്‍, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥ തുടങ്ങി ജില്ലയിലെ കര്‍ഷകര്‍ മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം കാരണം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഹെക്ടര്‍ കണക്കിന് കൃഷിയാണ് ഈ വര്‍ഷം നശിച്ചത്.
ആനയും പന്നിയും, കാട്ടുപോത്തും കുരങ്ങുമെല്ലാം കൃഷിയിടങ്ങളില്‍ നാശം വിതക്കുന്നു. ബത്തേരി, മാനന്തവാടി, തിരുനെല്ലി, പുല്‍പ്പള്ളി തുടങ്ങി വനമേഖലയോട് അടുത്ത പ്രദേശങ്ങളിലാണ് രൂക്ഷമായ പ്രതിസന്ധി. കുരങ്ങുപനി ഇവരുടെ ഭീതി വര്‍ധിപ്പിച്ചു. കാര്‍ഷിക വായ്പയ്ക്ക്‌നേരെയുള്ള ജപ്തി നടപടിയാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കൃഷിയാവശ്യത്തിനും, കര്‍ഷകരുടെ മക്കളുടെ വിദ്യഭ്യാസ അവശ്യത്തിനുമെല്ലാം എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാനാവാത്ത കര്‍ഷകരെ ബാങ്കുകള്‍ വേട്ടയാടുകയാണ്്. നൂറുകണക്കിന് കര്‍ഷകരാണ് ജപ്തിനോട്ടീസില്‍ കുടുങ്ങി നില്‍ക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കുമാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും റവന്യൂ റിക്കവറി നോട്ടീസ് ലഭിക്കുന്നത്. മൂന്നുസെന്റ് മുതല്‍ 50 സെന്റ് വരെ ഭൂമി ഉള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. സിന്‍ഡിക്കേറ്റ് ബാങ്ക്, എസ്ബിഐ, ഗ്രാമീണ്‍ ബാങ്ക് തുടങ്ങിയവയെല്ലാം ജപ്തി നോട്ടീസ് അയക്കുന്നുണ്ട്. ജപ്തി നടപടി നിര്‍ത്തിവെക്കണെമന്ന ആവശ്യംപോലും നിരാകരിക്കുകയാണ്. കൃഷിനശിച്ച് ഉല്‍പാദനം പോലും ഇല്ലാതലിരിക്കെയാണ് സര്‍ക്കാരിന്റെ വക മറ്റൊരു പ്രഹരം കൃഷിക്കാര്‍ക്ക് ലഭിച്ചത്. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യതിയുടെ നിരക്ക് വ്യവാസായിക താരിഫിലേക്ക് മാറ്റിയതോടെ ഭീമമായ വൈദ്യുതി ബില്ലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷകരെ തേടിയെത്തിയത്. ഇതിനിടെ നഷ്ടപ്പെട്ട വിളകള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹാര തുകപോലും അനുവദിക്കുന്നുമില്ല.