റാവുവിന് സ്മാരകം: അര്‍ഹത ബി ജെ പിക്ക്

Posted on: April 4, 2015 6:00 am | Last updated: April 4, 2015 at 1:03 am

SIRAJ.......ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായിരുന്നു പി വി നരസിംഹറാവു. പ്രധാനമന്ത്രിയാകും മുമ്പ് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളിലായി ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതന്‍, രാഷ്ട്രീയ നയതന്ത്രജ്ഞന്‍, ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭയെ തന്ത്രങ്ങളിലൂടെ അഞ്ച് വര്‍ഷം നയിച്ച രാഷ്ട്രീയ ചാണക്യന്‍, നോവലിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിനുണ്ട്. രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്റെ കാലത്താണ്.
ഇതൊക്കെയാണെങ്കിലും നരസിംഹറാവുവിനൊരു സ്മാരകം പണിയാന്‍ കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. സോണിയാ ഗാന്ധിക്ക് അദ്ദേഹത്തോട് വിരോധമായിരുന്നുവത്രെ. രാജീവ് വധിക്കപ്പെട്ടതിനെ തുടര്‍ന്ന് സോണിയയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാനുള്ള നിര്‍ദേശത്തെ റാവു എതിര്‍ത്തതായി കോണ്‍ഗ്രസ് നേതാവായിരുന്ന അര്‍ജുന്‍സിംഗ് ആത്മകഥയില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസിനെ എന്തിനാണ് ഗാന്ധി, നെഹ്‌റു കുടുംബവുമായി തീവണ്ടി എന്‍ജിനില്‍ കംപാര്‍ട്ടുമെന്റെന്ന പോലെ കെട്ടിയിടുന്നതെന്ന് ചോദിച്ചതായും സിംഗ് രേഖപ്പെടുത്തുന്നു. ഇതായിരിക്കാം വിരോധത്തിനൊരു കാരണം. റാവുവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു. അന്തിമോപചാരമര്‍പ്പിക്കാനായി മൃതദേഹം ഡല്‍ഹിയിലെ എ ഐ സി സി മന്ദിരത്തില്‍ വെക്കാന്‍ നേതാക്കള്‍ സമ്മതിച്ചില്ല. അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢി ഇടപെട്ടതിനു ശേഷമാണ് സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കാന്‍ തയ്യാറായത്.
റാവുവിന് ഉചിതമായ സ്മാരകം പണിതു കോണ്‍ഗ്രസിന്റെ അവഗണനക്ക് ‘പ്രായശ്ചിത്തം’ ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ യമുനാ തീരത്ത് റാവുവിന്റെ സമാധിസ്ഥലമായ ‘ഏകതാ സ്ഥല്‍’ സ്മാരകമാക്കാനാണ് തീരുമാനം. കേന്ദ്ര നഗരവികസന മന്ത്രാലയം പദ്ധതി തയാറാക്കി മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കംകുറിച്ച പ്രധാനമന്ത്രിയെന്ന നിലയില്‍ റാവുവിന് സ്മാരകം പണിയണമെന്നു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നുവെന്നും ഈ അടിസ്ഥാനത്തിലാണ് നീക്കമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതെങ്കിലും, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഅ്‌സംഖാന്‍ അഭിപ്രായപ്പെട്ടത് പോലെ ബാബരി മസ്ജിദ് പൊളിക്കാന്‍ സംഘ്പരിവാറിന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതിനുള്ള നന്ദിപ്രകാശനമായി ഇതിനെ വിലയിരുത്തുന്നതാകും ശരി.
മസ്ജിദിന്റെ തകര്‍ച്ചയില്‍ റാവുവിന് ഒരു ഉത്തരവാദിത്വവുമില്ലെന്നും അദ്ദേഹം ഇക്കാര്യത്തില്‍ നിസ്സഹായനായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് പറയാറുള്ളതെങ്കിലും, കര്‍സേവകര്‍ പള്ളി തകര്‍ക്കുമെന്ന കാര്യം റാവുവിന് നേരത്തെ അറിയാമായിരുന്നുവെന്ന വസ്തുത കോബ്ര പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ വെളിപ്പെട്ടതാണ്.1992 ജൂണില്‍ ബജ്‌റംഗ്ദള്‍ നടത്തിയ ക്യാമ്പിലാണ് സംഘ്പരിവാര്‍ നേതാക്കള്‍ പള്ളി തകര്‍ക്കാനുള്ള നിര്‍ദേശം കര്‍സേവകര്‍ക്ക് നല്‍കിയത്. ഈ വിവരം റാവുവിന് ലഭിച്ചിരുന്നുവെന്ന് പൊളിച്ച സംഘത്തിലുണ്ടായിരുന്ന 23 കര്‍സേവകര്‍ കോബ്ര പോസ്റ്റിനോട് വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും റാവുവിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പള്ളി തകര്‍ക്കുമെന്ന് മുമ്പേ അറിയാമായിരുന്നിട്ടും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തി അത് തടയാന്‍ റാവു സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാത്രമല്ല, കര്‍സേവകര്‍ മസ്ജിദ് പൊളിച്ചയുടന്‍ തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിത് സംഘപരിവാറിനെ കടത്തിവെട്ടാന്‍ റാവു പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസിലെ അന്നത്തെ ജോയിന്റ് സെക്രട്ടറിയും റാവുവിന്റെ ഉപദേശകനുമായിരുന്ന പി വി ആര്‍ കെ പ്രസാദ് എഴുതിയ ‘അസലു ഏമി ജലിഗിംദംടേ’ (സത്യത്തില്‍ നടന്നതെന്ത്) എന്ന തെലുങ്ക് പുസ്തകത്തിലും രേഖപ്പെടുത്തുന്നു. ബാബ്‌രിയുടെ സ്ഥാനത്ത് ക്ഷേത്രം വരണമെന്ന് സംഘ്പരിവാറിനേക്കാള്‍ വാശിയും താത്പര്യവും റാവുവിനുണ്ടായിരുന്നുവെന്നാണ് ഈ രേഖകളെല്ലാം ബോധ്യപ്പെടുത്തുന്നത്. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസുകാരനെങ്കിലും ഉള്ളാലെ കറകളഞ്ഞ ഹിന്ദുത്വ വക്താവായിരുന്ന റാവുവിന് സ്മാരകം പണിയാന്‍ കോണ്‍ഗ്രസിനേക്കാളും അര്‍ഹത ബി ജെ പി സര്‍ക്കാറിനു തന്നെയാണല്ലോ.