Connect with us

Articles

ഭൂമി ഓര്‍ഡിനന്‍സ്: എങ്ങനെയുണ്ടെന്റെ ബുദ്ധി?

Published

|

Last Updated

ഭരണത്തിന്റെ അവസാന നാളുകളില്‍ രണ്ടാം യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭേദഗതി ബില്‍ റെഡിയാണെങ്കിലും ശൈത്യകാല സമ്മേളനവും ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞിട്ടും പാര്‍ലിമെന്റില്‍ പാസ്സാക്കാന്‍ മോദി സര്‍ക്കാറിന് സാധിച്ചിട്ടില്ല. ലോക്‌സഭയില്‍ കാര്യങ്ങള്‍ പുഷ്പം പോലെയാണെങ്കിലും ആള്‍ക്ഷാമമുള്ള രാജ്യസഭ കടക്കാന്‍ പെടാപ്പാട് പെടുകയാണ്. പ്രതിപക്ഷ നിര മുഴുവന്‍ ഒറ്റക്കെട്ടായി ബില്ലിനെതിരെ കച്ചകെട്ടിയിറങ്ങിയതിനാല്‍ നേരായ വഴിക്ക് ഇത് സാധ്യമല്ല.
ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് എന്ന കുറുക്കുവഴിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ അടുത്ത സമ്മേളനം വരെ കക്ഷത്തിലുള്ളത് നഷ്ടപ്പെടാതെ ഉത്തരത്തിലുള്ളത് എടുക്കാം. അതിലേക്ക് എത്തണമെങ്കില്‍ ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകരുത്. കാരണം ഒറ്റക്കെട്ടായ പ്രതിപക്ഷം ഭേദഗതികളെ ചെറുത്തുതോല്‍പ്പിക്കും. അപ്പോള്‍ സഭ പിരിയുന്നതിന്റെ അവസാന ദിവസം പേരിന് രാജ്യസഭയില്‍ ബില്‍ കൊണ്ടുവന്ന് ബഹളമുണ്ടാക്കി പിരിയുക. ഈയൊരു തന്ത്രമാണ് കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ക്കാര്‍ ചെയ്തത്. പക്ഷേ അവസാന ദിവസം വരെ സഭ പ്രക്ഷുബ്ധമാകണമെങ്കില്‍ മറ്റു ചില പൊടിക്കൈകള്‍ അനിവാര്യമാണ്. ബി ജെ പിയും പരിവാരങ്ങളും അധികാരത്തിലിരിക്കുമ്പോള്‍ അതിന് പറ്റിയ തുറുപ്പുചീട്ടുകള്‍ക്കുണ്ടോ പഞ്ഞം. വിവാദങ്ങളുണ്ടാക്കുക. ചീഞ്ഞ വിവാദങ്ങളല്ല. വികാരങ്ങള്‍ വ്രണപ്പെടുന്ന, പ്രതിപക്ഷം കൊണ്ടാടേണ്ട, പാര്‍ലിമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകുന്ന വിവാദങ്ങള്‍ സൃഷ്ടിക്കണം. അത്തരമൊരു വിവാദ സൃഷ്ടിപ്പ് ഈ രണ്ട് സഭാ സമ്മേളനങ്ങള്‍ക്കിടയിലും നടന്നു. പുകിലും പുക്കാറുമുണ്ടാക്കിയ വിവാദങ്ങള്‍. രാമന്റെ മക്കളും ജാരസന്തതികളും പരാമര്‍ശം, ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന ആവശ്യം, ഘര്‍വാപസി, ശാസ്ത്രത്തെ വേദകാലഘട്ടവുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയവയാണ് ശൈത്യകാല സമ്മേളന കാലത്തെ മരുന്നെങ്കില്‍, മദര്‍ തരേസയുടെ മതംമാറ്റല്‍, ചര്‍ച്ച് പൊളിക്കല്‍, പള്ളികള്‍ വെറും കെട്ടിടങ്ങളാണെന്നും പൊളിക്കണമെന്നുമുള്ള ആവശ്യം, ഖാന്‍മാരുടെ സിനിമ കാണരുതെന്ന ആഹ്വാനം തുടങ്ങിയവ ബജറ്റ് സമ്മേളനത്തിലെ പ്രധാന തന്ത്രങ്ങളായി.
നവംബര്‍ 24 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശൈത്യകാല സമ്മേളനം നടന്നത്. സമ്മേളനം ആരംഭിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് 21 ാം തീയതി വി എച്ച് പി നേതാവ് അശോക് സിംഘളാണ് ആദ്യ വെടിപൊട്ടിച്ചത്. 800 വര്‍ഷത്തിന് ശേഷം ഡല്‍ഹിയുടെ ഭരണം അഭിമാനിയായ ഹിന്ദുവിന്റെ കൈകളില്‍ എത്തിയെന്നായിരുന്നു ആ പരാമര്‍ശം. ബലഹീനതകളില്‍ നിന്ന് മുക്തരായി ഇന്ത്യയെ ലോക നേതാവാക്കാന്‍ ഹിന്ദു സമുദായം യത്‌നിക്കണമെന്നും പൃഥ്വിരാജ് ചവാന്റെ കൈകളില്‍ നിന്ന് ഡല്‍ഹിയുടെ അധികാരം നഷ്ടപ്പെട്ടതിന് ശേഷം 800 വര്‍ഷം പിന്നിട്ടപ്പോഴാണ് അഭിമാനിയായ ഹിന്ദുവിന് ലഭിച്ചതെന്നും പറഞ്ഞുവെച്ചു. അന്നേ ദിവസം തന്നെ ചരിത്ര ഗവേഷണ ചെയര്‍മാനും വിവാദമുണ്ടാക്കി. ഇന്ത്യയില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആളുകള്‍ വിമാനങ്ങളില്‍ സഞ്ചരിച്ചിരുന്നുവെന്നും കാണ്ഡകോശ ഗവേഷണം നടത്തിയിരുന്നുവെന്നും കോസ്മിക് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നുമാണ് കൗണ്‍സില്‍ അധ്യക്ഷന്‍ പ്രൊഫ. വൈ സുദര്‍ശന്‍ റാവുവിന്റെ മഹത്തായ ഗവേഷണം. അക്കാലത്ത് എന്ത് നടന്നുവെന്ന് മനസ്സിലാക്കാനുള്ള ഉപാധിയായി ഹിന്ദു പുരാണങ്ങള്‍ അടിസ്ഥാനമാക്കണമെന്നാണ് റാവുവിന്റെ ശാഠ്യം. അനാവശ്യ ഗവേഷണങ്ങള്‍ക്ക് മുതിരേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സഭ ചേര്‍ന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഇവക്ക് പ്രതീക്ഷിച്ച മൈലേജ് ലഭിച്ചില്ലെങ്കിലും ആദ്യ വെടിക്കെട്ട് മോശമായില്ല. തുടര്‍ന്ന് നവംബര്‍ 26 ാം തീയതി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് തന്നെ രംഗത്തെത്തി. സാര്‍വത്രിക അംഗീകാരമുള്ളതും മികച്ച മനുഷ്യരെ വാര്‍ത്തെടുക്കുന്നതുമായ തദ്ദേശീയമായ പുതിയ വിദ്യാഭ്യാസ മാതൃക വികസിപ്പിക്കണമെന്നായിരുന്നു ആവശ്യം. നിലവിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആരും തൃപ്തരല്ലെന്നും പഠിക്കുന്നതും പഠിപ്പിക്കുന്നതും ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ അന്നേ ദിവസം തന്നെ മറ്റൊരു സംഭവം നടന്നു. ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യന്‍ സ്‌കൂളില്‍ സാന്താക്ലോസുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ചോക്കലേറ്റുകള്‍ വിതരണം ചെയ്യരുതെന്ന് വി എച്ച് പി തീട്ടൂരമിറക്കിയത് അന്നായിരുന്നു. ഛത്തീസ്ഗഢിലെ സ്‌കൂള്‍ ബസുകള്‍ മതകീയ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്നും ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ സരസ്വതി ദേവിയുടെ പ്രതിമ പ്രതിഷ്ഠിക്കണമെന്നും ഹിന്ദു ആദര്‍ശങ്ങള്‍ പഠിപ്പിക്കണമെന്നും കല്‍പ്പനയിറക്കി. തുടര്‍ന്നായിരുന്നു ഉഗ്രന്‍ വിവാദമഴയുടെ തുടക്കം. ബി ജെ പിയുടെ ഫയര്‍ ബ്രാന്‍ഡ് നേതാക്കള്‍ ഒന്നൊന്നായി രംഗത്തെത്തി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന ജ്യോതിയുടെ “രാമന്റെ സന്തതികളാണോ ജാരസന്തതികളാണോ, ആര് ഡല്‍ഹി ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു”വെന്ന “മഹദ്വചന”മുണ്ടായത്. രാമന്റെ മക്കളായ ഹിന്ദുക്കള്‍ അല്ലാത്തവരെല്ലാം ജാരസന്തതികളാണെന്നാണ് “സാധ്വി”യുടെ അഭിപ്രായം. പാര്‍ലിമെന്റ് മാത്രമല്ല രാജ്യവും ഇളകിമറിഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന സ്ഥിതി വന്നാല്‍ ആര് അടങ്ങാന്‍. സഭാ സ്തംഭനം സ്ഥിരമായി. പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് നേരത്തെ വീട്ടില്‍ പോകാന്‍ സാധിച്ചു. ബി ജെ പിയിലെ സൗമ്യമുഖം സുഷമാ സ്വരാജും വിവാദങ്ങള്‍ക്ക് മേമ്പൊടി വിതറി. ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് വിദേശകാര്യ മന്ത്രി നിര്‍ദേശിച്ചു. പ്രധാനമന്ത്രി മോദി, ഗീത യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് സമ്മാനിച്ചത് അര്‍ഥമാക്കുന്നത് ദേശീയ ഗ്രന്ഥമാണെന്നാണ്. ഇനിയൊരു ഔപചാരിക പ്രഖ്യാപനം മാത്രം മതിയെന്നായിരുന്നു വാദം. വിദേശ നയങ്ങളില്‍ ഗീതയെ മാതൃകയാക്കാറുണ്ടെന്നും പറഞ്ഞുവെച്ചു. ആ വാരത്തില്‍ തന്നെയാണ് ആഗ്രയില്‍ കൂട്ട ഘര്‍വാപസിയുണ്ടായതും. ബി പി എല്‍ റേഷന്‍ കാര്‍ഡും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഘര്‍വാപസി വേദിയിലേക്ക് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും വി എച്ച് പി എത്തിച്ചത്. രാജ്യത്തുടനീളം ഘര്‍വാപസി ചടങ്ങ് സംഘടിപ്പിക്കുമെന്നും സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ പുനര്‍നിര്‍മിക്കുമെന്നും വി എച്ച് പി ഗീര്‍വാണം മുഴക്കി. പരിവാര്‍ സംഘടനകളെ മോദിയും കൂട്ടരും കയറൂരി വിട്ടിരിക്കുകയാണെന്നും മദയാനകളെ തളക്കണമെന്നും പ്രതിപക്ഷ നിര ഒന്നടങ്കം ആവശ്യപ്പെട്ടു. പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് സാഭസ്തംഭനം തുടര്‍ന്നു. ശൈത്യകാല സമ്മേളനം അവസാനിക്കുന്നത് വരെ ഘര്‍വാപസി പൗരന്‍മാരുടെ നികുതിക്കാശ് ചോര്‍ത്തി. ഏതായാലും ശൈത്യകാല സമ്മേളനം അവസാനിച്ച മുറക്ക് ഓര്‍ഡിനന്‍സ് ഇറങ്ങി.
മോദി സര്‍ക്കാറിന്റെ സമ്പൂര്‍ണ ബജറ്റ് സെഷന്‍ ഫെബ്രുവരി 23നാണ് ആരംഭിച്ചത്. ആ സമയത്താണ് ആര്‍ എസ് എസ് മോഹന്‍ ഭഗതിന്റെ മദര്‍ തരേസയെ താറടിച്ചുള്ള പ്രസ്താവന. മദര്‍ തരേസയുടെ ലക്ഷ്യം ജീവകാരുണ്യ പ്രവര്‍ത്തനമല്ല, മതപരിവര്‍ത്തനമായിരുന്നെന്ന് ഭഗത് കണ്ടുപിടിച്ചു. സഭയില്‍ ബഹളമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനിടെ പല സംഭവവികാസങ്ങളും പാര്‍ലിമെന്റിലുണ്ടായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതി കൊണ്ടുവന്ന് പാസ്സാക്കി, കരുത്തറിയിച്ചുവെന്നതാണ് അതിലൊന്ന്. പല ബില്ലുകളും പാസ്സാക്കി. മാര്‍ച്ച് 20നാണ് സമ്മേളനത്തിന്റെ ആദ്യഘട്ട പൂര്‍ത്തിയാകുന്നത്. അവസാനഭാഗത്താണ് ഭൂമിയേറ്റെടുക്കല്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തത്. മാര്‍ച്ച് 15ന് പഴയ ജനതാ പാര്‍ട്ടിയുടെ ശേഷിപ്പ് സൂക്ഷിപ്പുകാരനും ഇപ്പോള്‍ ബി ജെ പി നേതാവുമായ സുബ്രഹ്മണ്യം സ്വാമി വിവാദവുമായി രംഗത്തെത്തിയത്. അസമില്‍ ചെന്ന് സ്വാമി മൊഴിഞ്ഞത് അത്യന്തം കടുത്ത പരാമര്‍ശമായിരുന്നു. പള്ളികള്‍ വെറും കെട്ടിടങ്ങള്‍ എപ്പോള്‍ വേണമെങ്കിലു പൊളിക്കാം എന്നായിരുന്നു ആ പരാമര്‍ശം. ഏതായാലും മോദി സര്‍ക്കാര്‍ കുറുക്കുവഴിയിലൂടെ ലക്ഷ്യം കണ്ടു. ബജറ്റ് സമ്മേളനത്തിലും ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസ്സായില്ല. ഇപ്പോള്‍ ഓര്‍ഡിനന്‍സ് പുതുക്കാനുള്ള നീക്കത്തിലാണ്. ഒരു പ്രാപഞ്ചിക സത്യം കൂടി വെളിവായി, ജനങ്ങള്‍ വെറും മരക്കഴുതകളാണെന്ന്, ഭരണാധികാരികള്‍ ചാണക്യന്‍മാരാണെന്നും.