കേരളത്തിന്റെ ആധുനിക വികസന ചരിത്രം വിദേശമലയാളിയുടെ സംഭാവന: ഉമ്മന്‍ചാണ്ടി

Posted on: April 3, 2015 8:06 pm | Last updated: April 3, 2015 at 8:06 pm

oommenchandiദുബൈ: മാതൃഭാഷയുടേയും കേരളത്തിന്റെയും ആധുനിക വികസന ചരിത്രം വിദേശമലയാളിയുടെ ശ്രമഫലമായി രൂപപ്പെട്ടതാണെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. കുടുംബത്തിന്റെയും ആശ്രിതരുടേയും ദുരിതനിവാരണത്തോടൊപ്പം മാതൃരാജ്യത്തിന്റെ മുഖഛായ മാറ്റിയെഴുതിയ വിദേശമലയാളികളോട് ആധുനിക കേരളം കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇയിലെ മലയാളികളടക്കമുള്ള കുട്ടികളിലെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന യു എ ഇ സ്‌കൂള്‍ യുവജനോത്സവ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയുടെ വ്യാപനത്തിന് വേണ്ടി പത്രങ്ങളും ചാനലുകളും റേഡിയോ നിലയങ്ങളും സ്ഥാപിച്ച് വിജയിപ്പിച്ച വിദേശമലയാളികളാണ് കലാകാരന്മാരേയും കലാരൂപങ്ങളേയും ഇന്ന് പരിപോഷിപ്പിക്കുന്നത്. ആധുനിക കേരളത്തിന്റെ ശില്‍പികളാവാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ലോഗോപ്രകാശന ചടങ്ങില്‍ സ്‌കൂള്‍ യുവജനോത്സവ സ്വാഗതസംഘം കണ്‍വീനര്‍ എ കെ ഫൈസല്‍, ചെയര്‍മാന്‍ അമ്മാര്‍ കിഴുപറമ്പ്, പ്രോഗ്രാം കണ്‍വീനര്‍ സി വി ഉസ്മാന്‍, ക്രിയേറ്റീവ് ഡയരക്ടര്‍ ഗോബ്‌സ് ബ്രഹ്മ, രക്ഷാധികാരി ശംസുദ്ദീന്‍ നെല്ലറ സംബന്ധിച്ചു.
അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലും ഇന്റര്‍ നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂളിലുമായി 23, 24, 25 തിയ്യതികളില്‍ സ്റ്റേജിതര മത്സരങ്ങളും ഏപ്രില്‍ 30 മെയ് 1, 2 തിയ്യതികളിലായി സ്റ്റേജ് മത്സരങ്ങളുമാണ് അരങ്ങേറുന്നത്. 2,500 ഓളം പ്രതിഭകള്‍ മാറ്റുരക്കുന്ന മേളയുടെ കൂടുതല്‍ വിവരങ്ങള്‍ www.uaeschoolyouthfest.comഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.