ബസ് ഗതാഗത സൗകര്യം; ആര്‍ ടി എ അഭിപ്രായം സ്വരൂപിക്കുന്നു

Posted on: April 3, 2015 7:49 pm | Last updated: April 3, 2015 at 7:49 pm

ദുബൈ: ദുബൈയിലെ ബസ് ഗതാഗത നിലവാരം ഉയര്‍ത്താന്‍ ആര്‍ ടി എ വ്യാപകമായ അഭിപ്രായ രൂപവത്കരണം നടത്തുന്നുണ്ടെന്ന് സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി അറിയിച്ചു. നിരവധി ശില്‍പശാലകളും നടത്തും. ബസുകളില്‍ യാത്രക്കാരെ സമീപിച്ചാണ് അഭിപ്രായങ്ങളും പരാതികളും ചോദിച്ചറിയുക. ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യം വെച്ചാണ് ഈ നടപടി.

ബസില്‍ സഞ്ചരിക്കുന്ന ആളുകള്‍ക്ക് വേണ്ടി ശില്‍പശാലകളും നടത്തും. ഏതാണ്ട് എഴുപത് അഭിപ്രായങ്ങള്‍ ഇതിനകം സ്വരൂപിച്ച് കഴിഞ്ഞതായി യൂസുഫ് അല്‍ അലി പറഞ്ഞു. നാല്‍പതോളം ജീവനക്കാരാണ് ഇതിന് വേണ്ടി രംഗത്തിറങ്ങിയത്. പുതിയ റൂട്ടുകള്‍ ആരംഭിക്കുക, പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയവയും ലക്ഷ്യമാണ്. ബസ് റൂട്ടുകള്‍ സംബന്ധിച്ച് ബസിനകത്ത് ഓഡിയോ സംവിധാനം ഏര്‍പെടുത്തും. ഇത്തരത്തിലുള്ള അഭിപ്രായ രൂപവത്കരണം വ്യാപകമാക്കുമെന്ന് ആര്‍ ടി എ ഡവലപ്‌മെന്റ് ആന്റ് കോര്‍പറേറ്റ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ശൈഖ അല്‍ ജര്‍മന്‍ പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും ബസിനകത്തും പുറത്തും വെച്ച് അഭിപ്രായങ്ങള്‍ ചോദിച്ചറിയും.
ദുബൈ ബസ് ഗതാഗതം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാക്കുകയും ആസൂത്രണ പദ്ധതി ഉന്നതമായ രീതിയില്‍ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യുന്നതെന്ന് ശൈഖ ജര്‍മന്‍ പറഞ്ഞു.