പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ മോഷ്ടിക്കുന്ന നാലംഗ സംഘം പിടിയില്‍

Posted on: April 3, 2015 11:16 am | Last updated: April 3, 2015 at 11:16 am

വളാഞ്ചേരി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ മോഷ്ടിച്ചു കടത്തുന്ന നാലംഗ സംഘത്തെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിച്ചിറ ആച്ചാത്ത് ശഫീഖ് (19), ആതവനാട് അമ്പലപറമ്പ് വലിയ വളപ്പില്‍ ജംശീര്‍ (21), അമ്പലപറമ്പ് തേനായി പറമ്പ് ശിവദാസന്‍ (25), കഞ്ഞിപ്പുര പാറന്തോടന്‍ ഖമറുദ്ദീന്‍ എന്ന കുഞ്ഞിപ്പ (23) എന്നിവരെയാണ് വളാഞ്ചേരി സി ഐ. കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
കാടാമ്പുഴ ഡംബിംഗ് യാര്‍ഡ്, വളാഞ്ചേരി സി ഐ ഓഫീസ് പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ രാത്രിയുടെ മറവില്‍ കടത്തി വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളുമാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോവുന്നത്. വലിയ വാഹനങ്ങളില്‍ നിന്ന് ബാറ്ററി, ടയര്‍ എന്‍ജിന്‍ തുടങ്ങിയവയും പ്രതികള്‍ കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്ക് സി ഐ ഓഫീസ് പരിസരത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.
വാഹനങ്ങളില്‍ നിന്ന് മണല്‍ ചോര്‍ത്തുന്ന രീതിയും ഇവര്‍ക്കുണ്ടായിരുന്നു.
വളാഞ്ചേരി എസ് ഐ. പി സദാനന്ദന്‍, പ്രത്യേക സംഘാംഗങ്ങളായ ജയപ്രകാശ്, അബ്ദുല്‍ അസീസ്, മുരളി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.