Connect with us

Malappuram

പുത്തന്‍വാദികള്‍ ഇസ്‌ലാമിന്റെ പ്രമാണത്തെയും പാരമ്പര്യത്തെയും വെടിഞ്ഞവര്‍: പൊന്മള

Published

|

Last Updated

മലപ്പുറം: ഖുര്‍ആനും ഇസ്‌ലാമിന്റെ പ്രമാണത്തെയും സ്വഹാബത്തുകള്‍ അടക്കമുള്ള സച്ചരിതരായ പരമ്പര്യത്തെയും തള്ളിക്കൊണ്ടാണ് മുജാഹിദ്, മൗദൂദി, തബ്‌ലീഗ്, വ്യാജ ത്വരീഖത്തുകള്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. എസ് വൈ എസ് മലപ്പുറം കോട്ടപ്പടിയില്‍ സംഘടിപ്പിച്ച ആദര്‍ശ മുഖാമുഖം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ഹബിന്റെ ഇമാമുകള്‍ അടക്കമുള്ള പണ്ഡിതരെ അംഗീകരിക്കണമെന്ന ഖുര്‍ആനിക അധ്യാപനം മറച്ച് വെച്ചാണ് ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കണമെന്ന് പുത്തന്‍വാദികള്‍ പ്രസംഗിക്കാറുള്ളത്. പൂര്‍വീക മഹാന്മാരെ തള്ളി ഇസ്‌ലാമിന്റെ പ്രമാണം സ്വീകരിക്കാന്‍ സാധ്യമല്ല. അങ്ങനെ ഒരു ശ്രമം നടത്തിയതാണ് പുത്തന്‍വാദികളും വ്യാജ ത്വരീഖത്തുകാരും ഉടലെടുക്കാന്‍ കാരണം. അതിനാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതന്മാരുടെ പിന്നില്‍ അടിയുറച്ച് നിന്ന് വിശ്വാസം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
ഇബ്‌റാഹിം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. മുഖാമുഖത്തിന് കൊളത്തൂര്‍ അലവി സഖാഫി, ഏലംകുളം അബ്ദുര്‍റശീദ് സഖാഫി നേതൃത്വം നല്‍കി. സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, അബ്ദുസ്സലാം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഇബ്‌റാഹിം സാഹിബ് മലപ്പുറം, ബാവ ഹാജി തലക്കടത്തൂര്‍, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, സുബൈര്‍ കോഡൂര്‍, ഹബീബ് പൂക്കോട്ടൂര്‍ സംബന്ധിച്ചു. മുജീബ് വടക്കേമണ്ണ സ്വാഗതവും ബദറുദ്ദീന്‍ കോഡൂര്‍ നന്ദിയും പറഞ്ഞു.